sections
MORE

ആ സ്വപ്നം ഈ വർഷം 'റീലിസ്' ചെയ്യും: വിജയ് ബാബു

Vijay Babu
SHARE

മലയാളസിനിമയിലേക്ക് ഒരുകൂട്ടം പുതുമുഖങ്ങളെ സംഭാവന ചെയ്ത നിർമാതാവാണ്‌ വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസിലൂടെ എത്തിയ പുതുമയുള്ള ചിത്രങ്ങൾ മിക്കതും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.  പുതിയതായി നിർമിച്ച ചിത്രം ജൂൺ പ്രേക്ഷകർ സ്വീകരിച്ചതിന്റെ സന്തോഷത്തിനിടെ വിജയ് വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

ഓർമവീട്... 

കൊല്ലം ടൗണിലാണ് കുടുംബവീട്. അച്ഛൻ സുഭാഷ് ചന്ദ്രബാബുവിനു ബിസിനസ് ആയിരുന്നു. അമ്മ മായ വീട്ടമ്മയും. സഹോദരൻ വിനയ് ബാബു. സഹോദരി വിജയലക്ഷ്മി. എന്റെ ബാല്യം മുതൽ പ്രീഡിഗ്രി വരെയുള്ള ഓർമകൾ 'ശ്രീലക്ഷ്മി' എന്ന ആ വീട്ടിലാണ് ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത്. ഓണവും ക്രിസ്മസും ദീപാവലിയുമെല്ലാം അവിടെയായിരുന്നു. അത്യാവശ്യം മുറികളുള്ള വീടായിരുന്നു. അതുകാരണം എല്ലാവർക്കും അവരുടേതായ മുറികളും സ്വകാര്യതയും ഉണ്ടായിരുന്നു. 

ഭൂമിയിൽ നിന്നും ആകാശത്തേക്ക്...

vijay-babu-neena

1998- ൽ ജോലി കിട്ടി മുംബൈയിലേക്ക് ചേക്കേറിയപ്പോഴാണ് ഫ്ലാറ്റ് ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. അതിനുശേഷം കഴിഞ്ഞ 21 വർഷങ്ങളായി ഫ്ലാറ്റുകൾ ജീവിതത്തിന്റെ ഭാഗമാണ്. മുംബൈയിൽ അഞ്ചു വർഷത്തെ ഫ്ലാറ്റ് ജീവിതത്തിനുശേഷം ദുബായിലേക്ക് ജോലി മാറി പോയപ്പോഴും ഫ്ളാറ്റുകളായിരുന്നു അഭയം. പിന്നീട് തിരിച്ചെത്തി കൊച്ചിയിൽ സെറ്റിൽ ചെയ്തപ്പോഴും ഫ്ലാറ്റുകൾ കൂട്ടിനെത്തി.

ഫ്ലാറ്റ് ഇഷ്ടം...

എന്നെ സംബന്ധിച്ചിടത്തോളം ഫ്ലാറ്റ് ജീവിതമാണ് ഇപ്പോൾ സൗകര്യപ്രദം. ഭാര്യ സ്മിത വീട്ടമ്മയാണ്. മകൻ ഭരത് അഞ്ചാം ക്‌ളാസിൽ പഠിക്കുന്നു.ഞാൻ കൂടുതലും യാത്രകളിൽ ആയിരിക്കും. കുടുംബത്തിന്റെ സുരക്ഷ, കമ്യൂണിറ്റി ലിവിങ്‌, പരിപാലിക്കാനുള്ള എളുപ്പം തുടങ്ങിയ ഗുണങ്ങളുമുണ്ട്.

vijay-family

ഫ്ലാറ്റ് ഒന്ന് ഇന്റീരിയർ ചെയ്തു മിനുക്കാം എന്നു തീരുമാനിച്ച സമയത്താണ് വീടുപണിയും മനസ്സിലേക്ക് കയറിവന്നത്. അങ്ങനെ ഇന്റീരിയർ പണി മാറ്റിവച്ചു. പക്ഷേ ഓരോ കാരണങ്ങളാൽ വീടുപണിയും നീണ്ടുപോയി. അങ്ങനെ കഴിഞ്ഞ വർഷം മിനിമൽ ശൈലിയിൽ ഒരു ഡിസൈൻ നമ്മൾ തന്നെ സെറ്റാക്കി ഫ്ലാറ്റ് ഒരുക്കി. ഒരു വാടക അപ്പാർട്മെന്റിലാണ് ഫ്രൈഡേ പ്രൊഡക്‌ഷൻ ഹൗസ് പ്രവർത്തിക്കുന്നത്. നല്ല രാശിയുള്ള കെട്ടിടമാണ്. അവിടെ ചെയ്ത സിനിമകൾ എല്ലാം വിജയമായി. അതുകൊണ്ട് അവിടെത്തന്നെ തുടരാനാണ് പദ്ധതി.

സ്വപ്നവീട്...

vijay-babu

മലയാളിയെ സംബന്ധിച്ചിടത്തോളം സ്വന്തമായി ഒരു വീട് വയ്ക്കുക എന്നത് ജീവിതാഭിലാഷമാണ്. അക്കാര്യത്തിൽ ഞാനും പക്കാ മലയാളി തന്നെയാണ്. ജീവിതം എന്നെ ഫ്ളാറ്റുകളിലേക്ക് എത്തിച്ചെങ്കിലും ഭൂമിയിൽ ചവിട്ടി നടന്ന ആ കാലം ഇപ്പോഴും പ്രിയങ്കരമാണ്. ആ ഓർമകൾ ഉള്ളതുകൊണ്ടാണ് സ്വന്തമായി ഒരു വീട് വയ്ക്കണം എന്ന ചിന്ത വിടാതെ പിന്തുടർന്നത്.  കൊച്ചി പനമ്പിള്ളി നഗറിൽ പുതിയ വീടിന്റെ പണി ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. ഈ വർഷം തന്നെ ആകാശത്തുനിന്നും ഭൂമിയിലേക്ക് കൂടുമാറാൻ സാധിക്കും എന്നു പ്രതീക്ഷിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA