sections
MORE

'അങ്ങനെ മേജർ രവി എന്റെ അയൽക്കാരനായി': ജയകൃഷ്ണൻ

jayakrishnan-kochi-home
SHARE

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് ജയകൃഷ്ണൻ. സുന്ദരമായ മുഖവും ശബ്ദഗാംഭീര്യവും കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ ജയകൃഷ്ണൻ മിനിസ്‌കീനിലെയും സിനിമകളിലെയും സാന്നിധ്യമായിട്ട് ഇരുപതു വർഷങ്ങൾ കഴിഞ്ഞു. കടന്നുവന്ന ജീവിതത്തിൽ തുണയായ വീടുകളെക്കുറിച്ചു ജയകൃഷ്ണന് പറയാനേറെയുണ്ട്.

കോട്ടയം ജില്ലയിലെ കുഴിമറ്റം എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത്. അച്ഛൻ നാരായണൻകുട്ടി അധ്യാപകനായിരുന്നു. അമ്മ ശ്രീദേവി. എനിക്കൊരു സഹോദരി ജ്യോതി. ഇതായിരുന്നു കുടുംബം. ടാർ ചെയ്യാത്ത റോഡിന്റെ വശത്തു അൽപം താഴെയായി ആയിരുന്നു തറവാട് സ്ഥിതി ചെയ്തിരുന്നത്. പടികളിറങ്ങി വേണം വീട്ടിലെത്താൻ. വീടിനു മുന്നിലൊരു തുളസിത്തറയുണ്ടായിരുന്നു. വേലിപ്പരത്തിയും ചെമ്പരത്തിയും അതിരു തീർത്തിരുന്നു. വീട്ടിലേക്ക് കയറുന്ന ഭാഗത്തെ മേൽക്കൂരയ്ക്ക് ഉയരം കുറവായിരുന്നു. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ എനിക്ക് നല്ല നീളമുണ്ടായിരുന്നു. അച്ഛനും നീളമുണ്ട്‌. ഞങ്ങളുടെ തല മിക്കവാറും അവിടെ ഇടിക്കുമായിരുന്നു.

കാറ്റ് പാട്ടുപാടുമ്പോൾ...

ശരിക്കും സിനിമകളിൽ കാണിക്കുന്ന പോലെ ഗ്രാമീണ ഭംഗിയുള്ള പ്രദേശമായിരുന്നു. വീടിന്റെ താഴെ പാടമാണ്. സമീപം തോട് ഒഴുകുന്നു. തോടിനപ്പുറം കുന്നാണ്. അതിനു മുകളിൽ ഒരു പള്ളിയുണ്ട്. വൈകുന്നേരമാകുമ്പോൾ പള്ളിയിൽ നിന്നും ഭക്തിഗാനങ്ങൾ കാറ്റിലൂടെ വീടിനുള്ളിലേക്ക് ഒഴുകിയെത്തും. ഇടയ്ക്ക് ചില ഭാഗങ്ങൾ കേൾക്കാനാകില്ല. പിന്നെയും തെളിഞ്ഞുവരും. അങ്ങനെയങ്ങനെ...ചെറുപ്പത്തിൽ കേട്ട പാട്ടുകളൊന്നും ഇന്നും മറന്നിട്ടില്ല. ആ പാട്ടുകൾ ഇപ്പോഴും ഞാൻ കാറിൽ യാത്ര ചെയ്യുമ്പോൾ ഇടാറുണ്ട്.

തിരുവനന്തപുരത്തേക്ക്...

സിനിമാമോഹങ്ങളുമായാണ് ഞാൻ തിരുവനന്തപുരത്തേക്ക് എത്തുന്നത്. അവിടെ ഒരു ഗോവിന്ദമന്ദിരം ലോഡ്ജിലായിരുന്നു താമസം. ഒരുപാട് സിനിമാക്കഥകൾ പറയാനുള്ള ലോഡ്ജ്. അന്തരിച്ച നടൻ മുരളിചേട്ടനടക്കം ഒരുപാട് കലാകാരന്മാർക്ക് തണലൊരുക്കിയ കെട്ടിടം. പിന്നീട് സീരിയലുകളിൽ സജീവമായശേഷം ഞാൻ സുഹൃത്തുക്കളുടെ കൂടെ വുഡ്‌ലാൻഡ് അപ്പാർട്മെന്റ്സ് എന്നൊരു ഫ്ലാറ്റിലേക്ക് മാറി. പിന്നീടുള്ള പത്തുവർഷങ്ങൾ അവിടെയായിരുന്നു താമസം.

മേജർ രവിയുടെ അയൽക്കാരൻ...  

jayakrishnan-house

2011 ലാണ് എറണാകുളത്തേക്ക് താമസം മാറുന്നത്. പുത്തൻകുരിശിനു സമീപം സ്ഥലം വാങ്ങി വീടുവച്ചു. സമകാലിക ശൈലിയിലുള്ള, 4000 ചതുരശ്രയടിയുള്ള ഇരുനില വീട്. തണുപ്പ് കാലത്ത് വീടിനു മുന്നിലെല്ലാം കോടമഞ്ഞു നിറയും. സുന്ദമായ കാലാവസ്ഥ, നല്ല വെള്ളം, സ്വസ്ഥമായ അന്തരീക്ഷം..അങ്ങനെ കുറെ ഗുണങ്ങളുണ്ട് ഈ പ്രദേശത്തിന്. ബാല്യത്തിന്റെ ഓർമകളുടെ ആവർത്തനം പോലെ, ഇവിടെയും അരികത്ത് ഒരു പള്ളിയുണ്ട്. അവിടെ നിന്നുള്ള പാട്ടുകൾ ഒഴുകിയെത്തുമ്പോൾ ഞാൻ ബാല്യകാലത്തിന്റെ ഓർമകളിലേക്ക് തിരിച്ചുനടക്കും. ഒരിക്കൽ മേജർ രവി ചേട്ടൻ എന്റെ വീട്ടിൽ വന്നു. അന്ന് പ്രദേശം  കണ്ടിഷ്ടപ്പെട്ട അദ്ദേഹം അടുത്ത വർഷം ഇവിടെ സ്ഥലം വാങ്ങി വീടുവച്ചു. ഇപ്പോൾ എന്റെ അയൽക്കാരനാണ്.

jayakrishnan-home

ബഹ്‌റൈനിൽ ചെറിയ ബിസിനസ് സംരംഭങ്ങളുണ്ട്. അതിന്റെ ഇടവേളകളിലാണ് ഇപ്പോൾ സീരിയലുകളും സിനിമയും ചെയ്യുന്നത്. ചുരുക്കത്തിൽ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ഓർമകൾ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെ കുറിച്ചുതന്നെയാണ്.

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA