sections
MORE

'അത് ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം, ഏറ്റവും സന്തോഷിക്കുന്നത് അച്ഛനും അമ്മയും': യദുകൃഷ്ണൻ

yadukrishnan
SHARE

ഇപ്പോൾ ട്രോളുകളുടെയും മീമുകളുടെയും കാലമാണല്ലോ. ഏറ്റവും ഷെയർ ചെയ്തു പോകുന്ന ഒരു മീം ആണ് 'ശ്രീധരന്റെ ഒന്നാം തിരുമുറിവ്' എന്ന സിനിമയിലെ 'ഞങ്ങൾ അസ്വസ്ഥരാണ്' എന്ന രംഗം. അതിൽ വായിൽകൊള്ളാത്ത ഡയലോഗ് പറയുന്ന പയ്യൻ ഇപ്പോൾ മിനിസ്‌ക്രീനിലെ മുതിർന്ന നടനാണ്. യദുകൃഷ്ണൻ. മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വീകരണമുറിയിലെ സ്ഥിരം അതിഥിയാണ് വർഷങ്ങളായി യദു. ജീവിതത്തിൽ ഓർത്തിരിക്കുന്ന വീടുകളെക്കുറിച്ച് യദു സംസാരിക്കുന്നു.

ഓർമവീട്..

കൊല്ലം ജില്ലയിലെ കുണ്ടറയാണ് സ്വദേശം. അച്ഛൻ, അമ്മ, അനിയൻ എന്നിവരായിരുന്നു കുടുംബം. അച്ഛന്റെയും അമ്മയുടെയും നാട് അവിടെയാണ് എങ്കിലും ഞങ്ങൾ വളർന്നത് തിരുവനന്തപുരത്താണ്. അച്ഛൻ കാനറാ ബാങ്കിൽ സീനിയർ മാനേജരായിരുന്നു. തിരുവനന്തപുരത്തായിരുന്നു ജോലി. അങ്ങനെ എനിക്ക് മൂന്നു വയസ്സുള്ളപ്പോൾത്തന്നെ ഞങ്ങൾ തിരുവനന്തപുരത്തേക്ക് ചേക്കേറി. കുറച്ചുകാലം വാടകവീടുകളിലായിരുന്നു താമസം. അതിനുശേഷം അച്ഛൻ പടിഞ്ഞാറേക്കോട്ടയിൽ സ്ഥലം വാങ്ങി വീടുവച്ചു.  ഇപ്പോഴും ഇവിടെയാണ് താമസിക്കുന്നത്. ഏകദേശം മുപ്പത്തിയഞ്ചു വർഷമായി ഈ വീട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട്. ജീവിതത്തിലെ ഓരോ ഘട്ടങ്ങൾക്കും മാറ്റങ്ങൾക്കും നേട്ടങ്ങൾക്കും മൂകസാക്ഷിയായി നിന്നതും ഈ വീടുതന്നെ. കാലാന്തരത്തിൽ വീട്ടിൽ പുതുക്കിപ്പണികൾ നടത്തി. സൗകര്യങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 

അച്ഛന്റെ തറവാട് ഓഹരികളായി എല്ലാം വിറ്റു. അമ്മയുടെ തറവാട് ഇപ്പോഴുമുണ്ട്. എങ്കിലും ആൾത്താമസമില്ല. ബന്ധുക്കൾ അടുത്തു താമസിക്കുന്നുണ്ട്. ഞങ്ങൾ ഇടയ്ക്ക് അവിടെ പോകാറുണ്ട്.

സിനിമയിലേക്ക്..

ഞാനും അനിയനും യൂത്ത് ഫെസ്റ്റിവലുകളിൽ സജീവമായിരുന്നു. അങ്ങനെയാണ് ബാലചന്ദ്രമേനോൻ സാറിന്റെ 'വിവാഹിതരേ ഇതിലെ ഇതിലെ' എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.1986 ലായിരുന്നു റിലീസ്. തൊണ്ണൂറുകളിൽ നിരവധി സിനിമകളിൽ അഭിനയിച്ചു. തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് സീരിയലുകളിലേക്ക് ചുവടുമാറ്റുന്നത്. ജീവിതത്തിൽ പിന്നീട് വഴിത്തിരിവായതും സീരിയലുകളാണ്. മനോരമ മഴവിൽ മനോരമയിലെ മഞ്ഞുരുകും കാലം സീരിയൽ എനിക്ക് ലഭിച്ച നല്ലൊരു വേഷങ്ങളിൽ ഒന്നായിരുന്നു.

monisha-4
മഞ്ഞുരുകുംകാലം സെറ്റിൽ സഹതാരങ്ങൾക്കൊപ്പം

സിനിമാവീടുകൾ..

ഏറ്റവും ഓർത്തിരിക്കുന്നത് സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമയിലെ വീടാണ്. കാരണം സിനിമയിലെ കേന്ദ്രബിന്ദു തന്നെ ആ വീടാണ്. പെങ്ങളെ കെട്ടിച്ച കടം തീർക്കാൻ വാടകയ്ക്ക് കൊടുത്ത വീട് ഒഴിപ്പിക്കാൻ നടക്കുന്ന ലാലേട്ടന്റെ കഥാപാത്രം. കൊച്ചി എംജി റോഡിലായിരുന്നു ആ വീട്. കിരീടത്തിലെ സേതുമാധവന്റെ വീടും അതുപോലെ ഓർമയിൽ തങ്ങി നിൽക്കുന്നതാണ്. കാലടി ജയൻ എന്ന നടന്റെ വീടായിരുന്നു അതിലെ തറവാടായി കാണിച്ചത്. ആ വീട് ഇപ്പോഴുമുണ്ട്. തിരുവനന്തപുരം വെള്ളയമ്പലത്തായിരുന്നു ആ വീട്. അന്ത്രപ്പേർ ഗാർഡൻ എന്ന വീട്ടിലായിരുന്നു ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിന്റെ ഷൂട്ടിങ്. ഒരു കൂട്ടുകുടുംബം പോലെ രസകരമായിരുന്നു ആ സെറ്റും.

ഇപ്പോഴും കൂട്ടുകുടുംബം...

വിവാഹം കഴിഞ്ഞു മാറിത്താമസിക്കുന്നതാണല്ലോ നാട്ടുനടപ്പ്. ഞങ്ങൾ ആലോചിച്ചു വിവാഹശേഷവും ഒരുമിച്ചു താമസിച്ചാലോ എന്ന്. അങ്ങനെ വീടിന്റെ മുകൾനില ഒരുക്കി. അനിയനും കുടുംബവും അവിടേക്ക് താമസം മാറി. അവനു ബിസിനസാണ്. ഞാനും കുടുംബവും താഴത്തെ നിലയിലും. ഏറ്റവും സന്തോഷം അച്ഛനും അമ്മയ്ക്കുമാണ്. ഒരു കൂരയ്ക്ക് കീഴിൽ രണ്ടു മക്കളും താമസിക്കുന്നു. വീട്ടിൽ എപ്പോഴും ആളുകാണും. ഒരു ഗോവണി കയറിയാൽ രണ്ടു മക്കളുടെ വീട്ടിലും മാറി മാറി താമസിക്കാം.

കുടുംബം..

ഭാര്യ ലക്ഷ്മി വീട്ടമ്മയാണ്. മകൾ ആരാധ്യ മൂന്നാം ക്‌ളാസിൽ പഠിക്കുന്നു.

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA