ADVERTISEMENT

മിമിക്രിയിലൂടെ അരങ്ങത്തെത്തി, തുടർന്ന് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ കലാകാരനാണ് കലാഭവൻ പ്രജോദ്. ഇപ്പോൾ മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറികളെ സജീവമാകുന്ന പ്രജോദ് തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

 

ഓർമവീട്... 

അച്ഛന്റെ കൂട്ടുകുടുംബമായിരുന്നു. അച്ഛനടക്കം ഏഴ് മക്കളായിരുന്നു. സഹോദരങ്ങളുടെ കുടുംബങ്ങളെല്ലാം കൂടി ഒരുത്സവത്തിനുള്ള ആളുകൾ എപ്പോഴും വീട്ടിൽ കാണുമായിരുന്നു. വയലിന്റെ ഓരത്തായിരുന്നു വീട്. കൃഷിയായിരുന്നു പ്രധാന വരുമാനം. അറയും പുരയും ഒരുപാട് മുറികളുമുള്ള ആ വീട്ടിലാണ് ഞാൻ ജനിച്ചത്. കൊയ്ത്തുകാലത്ത് ഒരുത്സവ പ്രതീതിയാണ് വീട്ടിൽ. പാതിരാത്രിവരെ കറ്റമെതിയും പാട്ടുമായി പണിക്കാർ മുറ്റത്തുണ്ടാകും. കളിക്കാൻ സമപ്രായക്കാരായ കുട്ടികൾ ഇഷ്ടംപോലെ. അങ്ങനെ രസകരമായ കുട്ടിക്കാലമായിരുന്നു അച്ഛന്റെ തറവാട്ടിൽ.

 

വഴിത്തിരിവായ വീട്...

ഞാൻ രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ അച്ഛൻ തറവാട്ടിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മറ്റൊരു വീട് മേടിച്ചു. അങ്ങനെ അച്ഛനും അമ്മയും ഞാനും ചേട്ടനും അനിയത്തിയും അടങ്ങുന്ന കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറി. പിന്നീടുളള പഠനകാലം മുഴുവൻ അവിടെയായിരുന്നു.

kalabhavan-prajod-house-jpeg

അച്ഛൻ അധ്യാപകനായിരുന്നു. അമ്മ വീട്ടമ്മയും. അച്ഛൻ വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ തൊഴുത്തിലെയും പറമ്പിലേയും 'ബംഗാളി'യായി ഞാൻ പണിയെടുത്തിട്ടുണ്ട്. കലാഭവനിൽ സെലക്‌ഷൻ കിട്ടുന്നതും മിനിസ്‌ക്രീനിലെ സിനിമയിലും മുഖം കാണിക്കുന്നതും വിവാഹവും അടക്കമുള്ള ജീവിതത്തിലെ വഴിത്തിരിവുകൾ ആ വീട്ടിൽ താമസിക്കുമ്പോഴായിരുന്നു.

kalabhavan-prajod-home-view-jpeg

 

kalabhavan-prajod-home-jpeg

വലിച്ചടുപ്പിക്കുന്ന ചന്ദ്രകാന്തം

kalabhavan-prajod-home-courtyard-jpeg

ജീവിതത്തിൽ നല്ലൊരുകാലം ചെലവഴിച്ച വീടിനു സമീപം സ്വന്തം കൂടൊരുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. വിവാഹശേഷം മകനുണ്ടായി കുറച്ചു കാലത്തിനുശേഷമാണ് അച്ഛന്റെ വീടിനു സമീപം ഭൂമി മേടിച്ച് ഞാൻ വീട് വയ്ക്കുന്നത്. വീടുപണി സമയത്ത് എടുത്താൽ പൊങ്ങാത്ത സംഖ്യ ലോണെടുത്ത്  പിന്നെ ജീവിതകാലം മുഴുവൻ അതടയ്ക്കാനായി ടെൻഷനടിച്ചു ജീവിക്കുന്നതാണല്ലോ ശരാശരി മലയാളിയുടെ രീതി. എനിക്കും ലോണെടുക്കേണ്ടി വന്നെങ്കിലും, വീടിനായി അധികം തുക ചെലവഴിക്കാഞ്ഞതിനാൽ വലിയ ബാധ്യതയായില്ല.

prajod-family-jpeg

എനിക്ക് ഒറ്റനില വീടുകളോടാണ് താൽപര്യം. അതിൽതന്നെ നാലുകെട്ടുകളോട് പ്രത്യേക ഇഷ്ടമുണ്ട്. ഞാൻ നിർമിച്ച വീട്ടിലും ചെറിയ നടുമുറ്റമൊക്കെ ഒരുക്കിയിട്ടുണ്ട്. ചന്ദ്രകാന്തം എന്നാണ് വീടിന്റെ പേര്. ഒരുനിലയിൽ നാലുകിടപ്പുമുറികളുള്ള കൊച്ചുവീടാണ്. കാറ്റും വെളിച്ചവുമൊക്കെ നന്നായി വീട്ടിലേക്ക് ഒഴുകിയെത്തും. പത്തുമാസം കൊണ്ട് കുറഞ്ഞ ചെലവിൽ വീട് പൂർത്തിയാക്കാൻ കഴിഞ്ഞു.

മകന് ശേഷം എന്റെ രണ്ടു പെൺകുട്ടികൾക്കും ജന്മം നൽകിയ വീട് എന്ന അടുപ്പവുമുണ്ട് ഈ വീടിനോട്. മകൻ ആദിത്യൻ. പെണ്മക്കൾ മധുമതി, ചന്ദ്രധാര. ഭാര്യ മലയാളം അധ്യാപികയാണ്. അവളാണ് മക്കൾക്ക് പേരിട്ടത്. നമ്മൾ സ്റ്റേജ് ഷോയും സിനിമയുമായി യാത്രകളിൽ ആയിരിക്കുമ്പോഴൊക്കെ ഭാര്യയാണ് വീടിന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ നോക്കിനടത്തിയത്.

ഇപ്പോൾ പത്തുവർഷമായി വീടുവച്ചിട്ട്. ജീവിതത്തിൽ എടുത്ത നല്ല തീരുമാനങ്ങളിൽ ഒന്നായിരുന്നു അതെന്നു ഇപ്പോൾ തോന്നും. കാരണം അന്ന് കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങാൻ കഴിഞ്ഞു. പണിച്ചെലവുകളും കുറവായിരുന്നു. ഇന്നായിരുന്നെങ്കിൽ പത്തുമടങ്ങു മുടക്കേണ്ടി വന്നേനെ. 

വീടുവച്ചു കഴിഞ്ഞപ്പോൾ ജീവിതത്തിലെ വലിയൊരു ഉത്തരവാദിത്തം നിറവേറ്റി എന്നൊരു തന്റേടമാണ് മനസ്സിൽ നിറഞ്ഞത്. എവിടെപ്പോയാലും മടങ്ങിയെത്താനും മനസ്സ് നിറഞ്ഞു സംസാരിക്കാനും കഴിയുന്ന ഇടമാണ് എന്റെ ചന്ദ്രകാന്തം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com