ADVERTISEMENT

മണിച്ചിത്രത്താഴ് എന്ന സിനിമ ഇറങ്ങിയിട്ട് 26 വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും വിനയപ്രസാദ്‌ എന്നുകേട്ടാൽ മലയാളികൾക്ക് അതിലെ ശ്രീദേവിയെയാണ് ഓർമവരിക. കേരളവുമായി രക്തബന്ധങ്ങൾ ഒന്നുമില്ലെങ്കിലും വിനയപ്രസാദിനോട് മലയാളിപ്രേക്ഷകർക്ക് പ്രത്യേക ഇഷ്ടമുണ്ട്. ഇപ്പോൾ മിനിസ്ക്രീനിലും തെന്നിന്ത്യൻ സിനിമകളിലും അമ്മവേഷത്തിൽ നിറഞ്ഞുനിൽക്കുന്ന വിനയ തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു. 

 

ഓർമവീടുകൾ...

ഉഡുപ്പിയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛൻ, അമ്മ, ഞങ്ങൾ അഞ്ചു മക്കൾ. ഇതായിരുന്നു കുടുംബം. അച്ഛൻ എൽഐസിയിലെ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥലംമാറ്റങ്ങൾക്കനുസരിച്ച് ഞങ്ങളുടെ വീടുകളും മാറിക്കൊണ്ടിരുന്നു. 

എന്റെ വീടോർമകൾ തുടങ്ങുന്നത് കർണാടകയിലെ പുത്തൂർ എന്ന സ്ഥലത്ത് അച്ഛൻ ജോലിചെയ്യുമ്പോൾ ഞങ്ങൾ താമസിച്ച വീടുമുതലാണ്. ബഗ്‌ലോഡി ഹൗസ് എന്നായിരുന്നു ആ ബംഗ്ലാവിന്റെ പേര്. നാലുകെട്ട് മാതൃകയിൽ നടുമുറ്റവും ഇടനാഴികളും പത്തു പന്ത്രണ്ടു മുറികളും വിശാലമായ അകത്തളങ്ങളും ഇടനാഴികളും അറയും പുരയുമൊക്കെയുണ്ടായിരുന്നു. 

uduppi-house-jpeg

നെല്ലും ഭക്ഷ്യവസ്തുക്കളും തട്ടുമ്പുറത്തായിരുന്നു സൂക്ഷിച്ചിരുന്നത്. ഇത് കഴിക്കാനായി എലി വരും. എലിയെ തിന്നാനായി പൂച്ചയും പാമ്പുമൊക്കെ വരും. അതുകൊണ്ട് തട്ടുമ്പുറത്ത് എപ്പോഴും എലിയും പൂച്ചയും ഓടിനടക്കുന്നതിന്റെ ശബ്ദം കേൾക്കാമായിരുന്നു. ചെറുപ്പത്തിൽ വീടിനകത്ത് പാമ്പു കയറി എലിയെ തിന്നുന്ന കാഴ്ച ഇപ്പോഴും മനസ്സിലുണ്ട്. വീടിനകത്തെ മറ്റൊരു വലിയ മുറിയിലായിരുന്നു മാമ്പഴം പഴുപ്പിക്കാനായി വൈക്കോലിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്നത്. അച്ഛൻ ആദ്യമായി വീടുവച്ചതും പുത്തൂരിലാണ്. പ്ലാവും മാവും കശുമാവും  ഒക്കെ നിറഞ്ഞുനിന്ന ഒരേക്കർ പ്ലോട്ടിന്റെ നടുക്കാണ് വീടുവച്ചത്.

 

ബെംഗളൂരുവിലേക്ക്...

1988-ൽ വിവാഹശേഷമാണ് ഞാൻ ബെംഗളൂരുവിലേക്ക് പറിച്ചുനടപ്പെടുന്നത്. ഭർത്താവ് വി. ആർ. കെ പ്രസാദ് കന്നഡയിലെ പ്രശസ്ത സംവിധായകനായിരുന്നു. ഒരു കിടപ്പുമുറി മാത്രമുള്ള ഒരു കൊച്ചുവീടാണ് ആദ്യം ലഭിച്ചത്. അതൊരു ഹൗസിങ് കോളനിയായിരുന്നു. ചെറിയ സ്ഥലത്ത് പെട്ടിക്കൂടുപോലെ വീടുകൾ. വിശാലമായ വീടുകളിൽ വളർന്ന എനിക്ക് അവിടുത്തെ ഇടുങ്ങിയ മുറിക്കുള്ളിൽ ആദ്യമൊക്കെ ശ്വാസം മുട്ടുമായിരുന്നു. പിന്നീട് ശീലിച്ചെടുത്തു. അവിടെ വച്ചാണ് ഞങ്ങൾക്ക് മകൾ പ്രഥമ ജനിക്കുന്നത്. ഏഴു വർഷത്തോളം ഞാനും ഭർത്താവും മകളും അവിടെ സന്തോഷത്തോടെ കഴിഞ്ഞു. അതിനുശേഷം ഞങ്ങൾ ബെംഗളൂരുവിൽ സ്വന്തമായി ഒരു വീട് വാങ്ങി താമസം മാറി. 

 

vinayaprasad-family-jpeg

അപ്രതീക്ഷിത ദുരന്തം...

ജീവിതം സന്തോഷകരമായി പോകുന്നതിനിടയ്ക്കാണ് 1995- ൽ ഒരു അപകടത്തിൽ ഭർത്താവിന്റെ ആകസ്മിക മരണം സംഭവിക്കുന്നത്. ജീവിതം നൊടിയിടയിൽ കീഴ്മേൽ മറിയുന്നതുപോലെ തോന്നി. ഞാൻ മകളെ കെട്ടിപിടിച്ചിരുന്നു ഒരുപാട് രാത്രികൾ കരഞ്ഞുതീർത്തു. ഏകാന്തത സഹിക്കാതായപ്പോൾ ഞാൻ അച്ഛനെയും അമ്മയെയും വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു. അന്ന് അച്ഛൻ ജോലിയിൽ നിന്നും വിരമിച്ച് ഉഡുപ്പിയിൽ വിശ്രമജീവിതം നയിക്കുകയാണ്. അച്ഛനും അമ്മയും ആ വലിയ വീട് അടച്ചിട്ടു ഞങ്ങളോടൊപ്പം വന്നുതാമസിച്ചു. പന്ത്രണ്ടു വർഷത്തോളം കടന്നുപോയി. മകൾ വളർന്നു. അവളുടെ പങ്കാളിയെ സ്വയം കണ്ടെത്തി. 

അവൾ വിവാഹം കഴിഞ്ഞു പോയതോടെ അച്ഛനും അമ്മയും നാട്ടിലേക്ക് തിരിച്ചു പോകാനുള്ള ആഗ്രഹം പങ്കുവച്ചു. 'മകൾ വിളിച്ചപ്പോൾ ഞങ്ങൾ വന്നു. ഇപ്പോൾ മകളുടെ മകളും വിവാഹിതയായി. ഇനിയെങ്കിലും നിനക്കൊരു ജീവിതം വേണം. എന്നിട്ട് ഞങ്ങൾക്ക് അവസാനകാലം ഉഡുപ്പിയിൽ ചെലവഴിക്കണം' എന്നുപറഞ്ഞു. അങ്ങനെ 2002 ൽ ഞാൻ വീണ്ടും വിവാഹിതയായി. ഭർത്താവ് ജ്യോതിപ്രകാശ് പരസ്യമേഖലയിൽ ജോലിചെയ്യുന്നു. ഒരു മകനുണ്ട്. ഞങ്ങൾ ബെംഗളൂരുവിൽ ഒരു ഫ്ലാറ്റ് മേടിച്ചു താമസം മാറി.

Manichitrathazhu
മണിച്ചിത്രത്താഴിൽ നിന്നൊരു രംഗം...

പുതിയകാലത്തിന്റെ തിരക്കുകളിൽ വീടിനേക്കാൾ സുരക്ഷിതവും സൗകര്യപ്രദവും ഫ്ളാറ്റുകളാണെന്നു തോന്നി. എന്റെ വിവാഹശേഷം അച്ഛനുമമ്മയും തിരിച്ചുപോയി. മൂന്നു മാസം മുൻപായിരുന്നു അച്ഛന്റെ മരണം. ആഗ്രഹം പോലെ അവസാന കാലങ്ങൾ സ്വന്തം വീട്ടിൽ ചെലവഴിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോൾ വീട്ടിൽ അമ്മയും സഹായികളുമുണ്ട്. എത്ര തിരക്കുണ്ടെങ്കിലും മാസത്തിൽ ഒരാഴ്ച ഞാൻ ഉഡുപ്പിയിലെ വീട്ടിൽ പോയി നിൽക്കും.

 

മറക്കാനാകില്ല മലയാളസിനിമ...

പെരുംതച്ചനായിരുന്നു എന്റെ ആദ്യം മലയാളസിനിമ. കരിയറിൽ വഴിത്തിരിവായത് മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന കഥാപാത്രവും. മോഹൻലാലായിരുന്നു എന്നെ ആ വേഷത്തിലേക്ക് ഫാസിൽ സാറിനോട് പരിഗണിക്കാൻ ആവശ്യപ്പെട്ടത്. 26 വർഷങ്ങൾക്കുശേഷവും ആ സിനിമയും കഥാപാത്രവും മലയാളികൾ ഓർത്തിരിക്കുന്നു. സ്നേഹിക്കുന്നു.

ആ സെറ്റിലെ ഓരോ സംഭവങ്ങളും ഇപ്പോഴും ഫ്രെയിം ബൈ ഫ്രെയിം മനസ്സിലുണ്ട്.  കന്യാകുമാരിക്ക് അടുത്തുള്ള പത്മനാഭപുരം പാലസിലാണ് കൂടുതൽ രംഗങ്ങളും ഷൂട്ട് ചെയ്തത്. കുറച്ചു ഭാഗങ്ങൾ തൃപ്പൂണിത്തുറ ഹിൽപാലസിലും ചിത്രീകരിച്ചു. പുത്തൂരിലെ എന്റെ വീടിനെ പലരീതിയിലും ഓർമിപ്പിച്ചു ആ കൊട്ടാരങ്ങൾ. ചുരുക്കത്തിൽ രക്തബന്ധത്തേക്കാൾ വലിയ സ്നേഹബന്ധമാണ് മലയാളസിനിമയും പ്രേക്ഷകരും എനിക്ക് തന്നത്, ഇപ്പോഴും തന്നുകൊണ്ടിരിക്കുന്നത്. അതിനു ഞാൻ ഈശ്വരനോടും പ്രേക്ഷകരോടും നന്ദി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com