sections
MORE

'ഇങ്ങനെ അലയാതെ കൊച്ചിയിൽ ഒരു വീട് വച്ചുകൂടെ എന്ന് പലരും ചോദിച്ചിട്ടുണ്ട്, പക്ഷേ'...: അശോകൻ

Asokan
SHARE

അശോകൻ സിനിമയിലെത്തിയിട്ട് ഇത് നാൽപതാം വർഷമാണ്. യവനിക, തൂവാനത്തുമ്പികൾ, അമരം, ഹരിഹർ നഗർ സീരിസ്..അങ്ങനെ ഓർത്തിരിക്കുന്ന എത്രയെത്ര കഥാപാത്രങ്ങൾ...അതുപോലെ തന്നെ നിരവധി വീടുകളും ഇദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. അശോകൻ തന്റെ വീടോർമ്മകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

നിറഞ്ഞുനിന്ന വീടുകൾ...

ആലപ്പുഴ ജില്ലയിലെ ചേപ്പാടാണ് എന്റെ ജന്മനാട്. അച്ഛൻ എൻ പി ഉണ്ണിത്താൻ സിബിഐ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. അമ്മ സാവിത്രി വീട്ടമ്മയും. ഞങ്ങൾ നാലു മക്കളായിരുന്നു. സമ്പന്നമായ ചുറ്റുപാടായിരുന്നു. അച്ഛന്റെയും അമ്മയുടെയും തറവാടുകൾ കേരളവാസ്തുശില്പശൈലിയിൽ നിർമിച്ച എട്ടുകെട്ടും പതിനാറുകെട്ടുമൊക്കെയായിരുന്നു. കുളവും സർപ്പക്കാവും അറയും പുരയും നീണ്ട ഇടനാഴികളുമൊക്കെയുള്ള വീടായിരുന്നു. അങ്ങനെ ചെറുപ്പം മുതലേ പലതരം വീടുകൾ കണ്ടിടപഴകിയാണ് ഞാൻ വളർന്നത്.

asokan-actor

പിന്നീട് വിവാഹശേഷം അച്ഛൻ ചേപ്പാട് മറ്റൊരു വീടുവച്ചു. അതും കേരളത്തനിമയിൽത്തന്നെ...ഏകദേശം 60 വർഷം മുൻപ് വച്ച വീട് അക്കാലത്ത് ആ ചുറ്റുപാടിലുള്ള വലിയ വീടായിരുന്നു. കാർപോർച്ചും ടെലഫോൺ കണക്‌ഷനുമൊക്കെയുള്ള വീടുകൾ അക്കാലത്ത് നന്നേ ചുരുക്കം. ഞാൻ ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. പിന്നീട് അമ്മയാണ് ഞങ്ങളെ വളർത്തി വലുതാക്കിയത്. 

 

സിനിമയിലേക്ക്...

2-Harihar-Nagar

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പദ്മരാജന്റെ പെരുവഴിയമ്പലത്തിലൂടെ ഞാൻ സിനിമയിലേക്കെത്തുന്നത്. അദ്ദേഹവും ഞങ്ങളുടെ സമീപനാട്ടുകാരനാണ്- മുതുകുളം. പിന്നീട് സിനിമയായിരുന്നു ജീവിതം. അമരത്തിലെ ഓലക്കുടിൽ മുതൽ ഹരിഹർ നഗറിലെ ബംഗ്ലാവും പുതിയകാലത്തെ ഫ്ലാറ്റുകളും ഉൾപ്പെടെ നിരവധി വീടുകൾ ഇപ്പോഴും മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. സഹതാരങ്ങളുടെ വീടുകളും മനസ്സിൽ മായാതെയുണ്ട്. മദ്രാസിൽ നിന്നും മലയാളസിനിമ നാട്ടിൽ വേരുറപ്പിക്കുന്ന കാലം. മമ്മൂട്ടിക്കും മോഹൻലാലിനുമൊക്കെ അക്കാലത്തേ മദ്രാസിൽ വീടുകളുണ്ട്. പിന്നീട് ലാൽ തിരുവനന്തപുരം ജവഹർ നഗറിൽ ഒരു വീടുവച്ചു. ഞാനവിടെ പോയിട്ടുണ്ട്.

നാട്ടിലെ വീട്...

asokan-family

ചേപ്പാടുള്ള തറവാട് ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. പഴമ ചോരാതെ കാലാന്തരത്തിൽ ചെറിയ പുതുക്കിപ്പണികൾ നടത്തി. മാസത്തിൽ ഒരിക്കലെങ്കിലും അവിടേക്ക് പോകാറുണ്ട്. മലയാളസിനിമയിൽ അഭിനയിക്കാൻ ചെന്നൈയിൽ നിന്നും വന്നുപോവുകയാണ് വർഷങ്ങളായി പതിവ്. പണ്ടൊക്കെ യാത്ര ഭയങ്കര അലച്ചിലായിരുന്നു. ഇപ്പോൾ കൂടുതൽ വിമാനസർവീസുകൾ ഉള്ളതുകൊണ്ട് സുഖമാണ്. ഇപ്പോൾ സിനിമയുടെ ആസ്ഥാനം കൊച്ചിയായതുകൊണ്ട് കൊച്ചിയിൽ ഒരു വീട് വച്ചുകൂടെ എന്ന് പലരും ചോദിക്കാറുണ്ട്.നാട്ടിൽ വേറൊരു വീട് വയ്ക്കുന്നതിനെക്കുറിച്ച് തൽക്കാലം ചിന്തയില്ല. കാരണം ഇനി ഏതു വീടുവച്ചാലും എന്റെ ബാല്യകൗമാരങ്ങൾ ചെലവഴിച്ച വീടുകളുടെ  അടുത്തെങ്ങും എത്തില്ല.

ഇപ്പോഴും കേരളത്തിലൂടെ യാത്ര ചെയ്യുമ്പോൾ വഴിയിലുളള വീടുകൾ ശ്രദ്ധിക്കാറുണ്ട്. അപ്പോഴൊക്കെ ഞാൻ എന്റെ ഗൃഹാതുരമായ വീടോർമ്മകളിലേക്ക് തിരിഞ്ഞു നടക്കും. തറവാടിന്റെ പരിസരത്തുണ്ടായിരുന്ന ചാണകം മേഞ്ഞ ഓലപ്പുരകൾ, അവധിക്കാലം ചെലവഴിച്ച അച്ഛന്റെയും അമ്മയുടെയും കുടുംബത്തിലെ എട്ടുകെട്ടുകളും പതിനാറുകെട്ടുകളും, എന്റെ ചേപ്പാട് വീട്, ചെന്നൈയിലെ ഫ്ലാറ്റ്...സിനിമയിൽ കൂടെ അഭിനയിച്ച അനവധി വീടുകൾ...ഈയൊരു ഗൃഹാതുരത്വമുള്ളതു കൊണ്ടായിരിക്കാം മലയാളിക്ക് വീടുകളോട് ഇത്ര താല്പര്യം തോന്നുന്നത്. എവിടെ പോയാലും വീടിന്റെ സന്തോഷത്തിലേക്ക് അവർ തിരിച്ചെത്താൻ മോഹിക്കുന്നത്. ഞാനും...

കുടുംബം..

asokan-with-family-old-photo
അശോകനും കുടുംബവും (ഫയൽ ചിത്രം)

ഭാര്യ ശ്രീജ വീട്ടമ്മയാണ്. മകൾ കാർത്യായനി ചെന്നൈയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA