ADVERTISEMENT

നാടകത്തിലെ സംഭാഷണങ്ങൾ... ബാബുക്കയുടെ ഹാർമോണിയത്തിന്റെ മൂളിപ്പാട്ട്.. ഇവയൊക്കെ മുഴങ്ങുന്ന സജീവമായ വൈകുന്നേരങ്ങൾക്കപ്പുറം ഈ വീട്ടിൽ  അന്നും ഇരുട്ടുണ്ടായിരുന്നു. വിധവാ വിവാഹത്തെത്തുടർന്നുള്ള സാമുദായിക ഭ്രഷ്ടിന്റെ, ഒറ്റപ്പെടലിന്റെ ഇരുട്ട്.  ആ വീട്ടിൽ കൊളുത്തിവച്ച രണ്ടു വിളക്കുകളായിരുന്നു പ്രേംജിയും ആര്യ പ്രേംജിയും. 

വന്നേരിയിൽ ജനിച്ച മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട് എന്ന പ്രേംജിയിലേക്ക് അന്നു സമൂഹം ഉറ്റുനോക്കി, എഴുത്തുകാർ തേടിയെത്തി.ആര്യ അന്തർജനമാകട്ടെ, ആദ്യകാല വിധവാ വിവാഹത്തിലൂടെ നാട്ടിൽ നിന്നും സ്വന്തക്കാരിൽ നിന്നും ഒറ്റപ്പെട്ടു. പക്ഷേ, ആ ഒറ്റപ്പെടൽ അറിയാതിരിക്കാൻ അവർ പശുവിനെ വളർത്തി, ആടിനെ വളർത്തി, കോഴിയെ വളർത്തി. മക്കൾക്കു പാലും മുട്ടയും കൊടുത്തു വളർത്തി.

പ്രേംജിയെന്ന നടനെപ്പോലെ തന്നെയായിരുന്നു ആ വീട്. . തല ഉയർത്തിയുള്ള നിൽപ്പ്. ചുറ്റും മരങ്ങൾ... ഏതാണ്ട് 100 വർഷത്തോളം പഴക്കം. നാടകങ്ങളുടെ സംഭാഷണങ്ങൾ ഇവിടെ മുഴങ്ങിയശേഷമാണ് അന്നു പലനാട്ടിലേക്കും പടർന്നത്. മരം വീണും പഴക്കം കൊണ്ടും  വീട് ഇല്ലാതാവുമോ? സർക്കാർ ഏറ്റെടുക്കുമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞതിലാണു പ്രതീക്ഷ.

 

ഒളിമുറിയിലെ വയ്ക്കോൽ ടെക്നിക്

14–ാം വയസ്സിൽ വിവാഹം കഴിച്ച് 17–ാം വയസ്സിൽ വിധവയായിക്കഴിഞ്ഞിരുന്ന ആര്യ അന്തർജനത്തെ പ്രേംജി വിവാഹം കഴിക്കുമ്പോൾ 28 വയസ്സുണ്ടാവും. പ്രേംജിക്കു പ്രായം 40. 

മംഗളോദയം പ്രസിൽ പ്രൂഫ് റീഡറായതിനാലാണു വന്നേരിക്കാരനായ പ്രേംജി തൃശൂരിലെത്തി താമസിക്കുന്നത്. പൂങ്കുന്നത്തെ ഒറ്റനില വീട്ടിൽ ഇരുവരും താമസമാക്കി. പിന്നീടാണ് എഴുത്തുകാരും നാടകക്കാരുമൊക്കെ ഇവിടെ തമ്പടിക്കുന്നത്. അപ്പോൾ രണ്ടുനിലയാക്കി. ഇപ്പോൾ മരം വീണു തകർന്ന മുറിയിലാണ് അന്ന് സി. അച്യുതമേനോൻ ഒളിവിൽ കഴിഞ്ഞു തിരഞ്ഞെടുപ്പിനെ നേരിട്ടത്. 

പകൽമുഴുവൻ ആ മുറിയുടെ വാതിലും ജനലുകളും അടഞ്ഞു കിടക്കുന്നതു കണ്ടു പലരും ചോദിച്ചു തുടങ്ങി. ആര്യ അന്തർജനം അന്നൊരു പോംവഴി കണ്ടെത്തി. വാതിലിന്റെയും ജനലിന്റെയും വിടവുകളിൽ വയ്ക്കോൽ തിരുകി. അന്നു പശുവളർത്തലുള്ളതിനാൽ വയ്ക്കോൽ നനയാതെ ഈ മുറികളിൽ നിറച്ചു വച്ചിരിക്കുകയാണെന്നു പ്രചരിപ്പിച്ചു. ഇരുട്ടിയശേഷം മാത്രം അച്യുതമേനോൻ താഴെ ഇറങ്ങിവരും. കുളിച്ചും ഭക്ഷണം കഴിച്ചും വീണ്ടും മുറിയിലേക്കു മടങ്ങും. 

 

കൽക്കരി കത്തിച്ച തൊഴുത്ത്

മംഗളോദയത്തിലെ പ്രൂഫ് റീഡിങ്ങിനു കിട്ടുന്ന തുച്ഛമായ തുക കൊണ്ടു ജീവിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നു പിന്നീട് ആര്യ അന്തർജനം എഴുതി. നവജീവൻ പ്രസിലും അതേസമയം പ്രൂഫ് റീഡിങ് നടത്തിയെങ്കിലും നാടകസംഘങ്ങളുടെയും മറ്റും ചെലവടക്കം വരുമ്പോൾ ഇടയ്ക്ക് പട്ടിണി എത്തിനോക്കിയിരുന്നു.

അകത്തളത്തിൽ മാത്രം കഴിഞ്ഞുശീലമുള്ള അന്തർജനം പശുവിനെയും ആടിനെയും കോഴിയെയുമൊക്കെ വളർത്തി ആ പട്ടിണിയെ നേരിട്ടു. 35 സെന്റ് പുരയിടത്തിൽ വീടിന്റെ മുന്നിൽ റെയിൽ പാളത്തിനരികിലേക്കു നീണ്ടുകിടക്കുന്ന വിശാലമായ വഴിയുടെ ഓരത്തായിരുന്നു തൊഴുത്ത്. 

പൂങ്കുന്നത്ത് റെയിൽ പാളത്തിലൂടെ അന്നു കൽക്കരി തീവണ്ടികളാണ് ഓടിയിരുന്നത്.  തീവണ്ടിയിൽ നിന്നു കൽക്കരിയുടെ തീപ്പൊരി പടർന്നുവീണ് തൊഴുത്തിലെ വയ്ക്കോലിനു തീപിടിച്ചു. തൊഴുത്തു കത്തിപ്പോവുകയും ചെയ്തു.

ഊഞ്ഞാലിട്ട മാവ്

മരങ്ങൾ നിറഞ്ഞ മുറ്റത്തെ, ഇപ്പോൾ വീടിനു മുകളിലേക്കു മറിഞ്ഞുവീണ മാവിനുമുണ്ട് കഥപറയാൻ. നടനായി അറിയപ്പെട്ട കെപിഎസി പ്രേമചന്ദ്രൻ, നീലൻ, കേണൽ ഇന്ദുചൂഡൻ, സതി തുടങ്ങിയ മക്കളൊക്കെ ഊഞ്ഞാൽ കെട്ടി ആടിയിരുന്നത് ചില്ലയിലാണ്. മാമ്പഴം കവിതയെഴുതിയ വൈലോപ്പിള്ളി നിത്യസന്ദർശകനായിരുന്ന ഈ വീട്ടിലെ മധുരമാമ്പഴം കായ്ച്ചിരുന്ന മാവ്. അതാണു കഴിഞ്ഞദിവസം കാറ്റത്ത് ചെരിഞ്ഞ് വീടിനുമുകളിലേക്കു വീണത്.

premjis-room
പ്രേംജിയുടെ വീടിന്റെ രണ്ടാംനില. വീണ സൂക്ഷിച്ചിരിക്കുന്നതും കാണാം.

വീണ മീട്ടുന്ന തട്ടുമ്പുറം

premjis-ormma
പ്രേംജി താമസിച്ചിരുന്ന മുറി. കഴിഞ്ഞദിവസം മരം വീണു തകർന്നശേഷമുള്ള കാഴ്ച.

തകർന്ന മുകൾ നിലയിൽ പ്രേംജിയുടെ പഴയ പെട്ടികളിൽ പുസ്തകങ്ങളും മറ്റു വിലപ്പെട്ട വസ്തുക്കളും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒപ്പം തന്ത്രികൾ  പൊട്ടിപ്പോയ ഒരു വീണയും. 

സംഗീതസംവിധായകൻ ബാബുരാജ് ഹാർമോണിയത്തിൽ നാടകഗാനത്തിനു സംഗീതം നൽകിയ വീടാണിത്. വയലാറും പി. ഭാസ്കരനുമൊക്കെ അടുത്തിരുന്നു വരികളെഴുതുമായിരുന്നു. തെക്കൻ കേരളത്തിൽ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം തരംഗമായപ്പോൾ വടക്കൻ കേരളത്തിനു വേണ്ടി ചിട്ടപ്പെടുത്തിയതാണ് ചെറുകാടിന്റെ ‘നമ്മളൊന്ന്’ എന്ന നാടകം. പി.ജെ. ആന്റണി അഭിനയിച്ചിരുന്നു ഇതിൽ.  

ചെറുകാടിന്റെ ‘നമ്മളൊന്ന്’, കെ. ദാമോദരന്റെ പാട്ടബാക്കി, പി.എ. വാരിയരുടെ ‘ചവിട്ടിക്കുഴച്ച മണ്ണ്’ തുടങ്ങിയ നാടകങ്ങളുടെ ഒക്കെ റിഹേഴ്സൽ ഈ വീടിനുള്ളിലും തിണ്ണയിലും മുറ്റത്തുമൊക്കെയായിരുന്നു. ദേശീയ അവാർഡ് പ്രേംജിക്കു ലഭിച്ച പിറവിയെന്ന സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചുകേട്ടത് ഈ വീടിന്റെ രണ്ടാംനിലയിലിരുന്നാണ്. മരിക്കുംവരെ പ്രേംജി ഈ വീടിന്റെ തിണ്ണയിൽ മുറുക്കാൻ ചെല്ലവുമായി ഇരിപ്പുണ്ടായിരുന്നു. മുന്നിലെ റെയിൽപാളത്തിലൂടെ കാലം ഓടിയോടി മറയുന്നതു കണ്ടുള്ള ഇരിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com