ADVERTISEMENT

നായകൻ കൂട്ടുകാരന്റെ കാമുകിയോട്: 'കുട്ടി ഈ ട്രൂ ലവ്വിന്റെ ആളാണല്ലേ.. ഈ ബാഹ്യസൗന്ദര്യത്തിലൊന്നും വിശ്വസിക്കാത്ത'...

പെൺകുട്ടി: 'ആരു പറഞ്ഞു..ആ കൂളിങ് ഗ്ലാസ് വച്ചാൽ ചേട്ടനെ കാണാൻ സിനിമാനടൻ വിനായകനെ പോലെയില്ലേ... 

കുമ്പളങ്ങി നൈറ്റ്‌സിലെ ഈ രംഗം ആരും മറക്കാനിടയില്ല. ഒപ്പം സിനിമയിൽ ബോബിയുടെ ചങ്കായി അഭിനയിച്ച ഫ്രീക്കനേയും. കക്ഷിയുടെ പേരിലുമുണ്ട് ന്യൂജെൻ മയം- സൂരജ് പോപ്സ്. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

തേവരയ്ക്കടുത്ത് കോന്തുരുത്തിയാണ് എന്റെ നാട്. അച്ഛൻ, അമ്മ, അനിയൻ, ഞാൻ. ഇതായിരുന്നു കുടുംബം. ഓർമ വച്ച കാലം മുതൽ ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ജീവിതമായിരുന്നു. പഠനം കഴിഞ്ഞു ജീവിക്കാൻ വേണ്ടി പല ജോലികൾ ചെയ്തു. കെട്ടിടം പണി, പെയിന്റിങ്, കാറ്ററിങ്. ഇതിനിടയിൽ കുറേകാലം ഡിസ്കോ ഡാൻസറായും പണിയെടുത്തു. പക്ഷേ അതൊന്നും ജീവിതം ഒരു കര എത്തിച്ചില്ല. ഇതിനിടയ്ക്ക് വിവാഹവും കഴിഞ്ഞു. 

ഒടുവിൽ കുവൈറ്റിൽ പോയി രക്ഷപെടാൻ പദ്ധതിയിട്ട സമയത്താണ് കുമ്പളങ്ങി നൈറ്റ്‌സിലേക്ക് ക്ഷണം വരുന്നത്. തിരക്കഥാകൃത്ത് ശ്യാം പുഷ്കരനെ ചെറിയ പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് വിളി വന്നത്. ഓഡിഷൻ വഴിയാണ് കുമ്പളങ്ങി നൈറ്റ്‌സിൽ റോൾ ലഭിച്ചത്. അതിനുശേഷം ഇപ്പോൾ സിനിമാക്കാർ വിളിക്കാറുണ്ട്. ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ഒരു തമിഴ് പടത്തിലാണ്.

 

suraj-pops-family

വീടാണ് ഏറ്റവും വലിയ സ്വപ്നം...

ഞാൻ ജനിച്ചു വളർന്ന സ്ഥലത്തു തന്നെയാണ് ഇപ്പോഴും താമസിക്കുന്നത്. ചോരുന്ന മേൽക്കൂരയുള്ള ഒരു കൂരയായിരുന്നു പണ്ട്. പിന്നീട് അത് പൊളിച്ചു കളഞ്ഞാണ് ഇപ്പോഴുള്ള ഒറ്റമുറി വീട് പണിതത്. ഷീറ്റ് കൊണ്ടാണ് മേൽക്കൂര. ഒരു മുറി, ഹാൾ, അടുക്കള, ബാത്റൂം. ഇത്രയുമാണ് വീട്ടിലുള്ളത്. ഈ കാലയളവിൽ വലിയ മാറ്റമൊന്നും വീടിനു ഉണ്ടായിട്ടില്ല. ഇനി വേണം പടിപടിയായിട്ട് വീടൊന്നു മെച്ചപ്പെടുത്താൻ. 

അച്ഛൻ മരിച്ചു പോയി. അമ്മയും ഞാനും കുടുംബവുമാണ്  ഇപ്പോൾ വീട്ടിലുള്ളത്. ഭാര്യ മഞ്ജു. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. പാലക്കാട് വടക്കാഞ്ചേരിയാണ് അവളുടെ നാട്. രണ്ടു പെണ്മക്കളാണ് ഞങ്ങൾക്ക്. ശ്രീലക്ഷ്മി, ശ്രീനന്ദ. സഹോദരൻ വിവാഹം കഴിച്ചു വേറെ താമസിക്കുന്നു.

വെള്ളക്കെട്ടുള്ള സ്ഥലത്താണ് ഇപ്പോഴുള്ള വീട്. നല്ലൊരു മഴ പെയ്താൽ മുറ്റം മുഴുവൻ ചെളി നിറയും.  രണ്ടു പെണ്മക്കൾ വളർന്നു വരികയല്ലേ. അതുകൊണ്ടു സൗകര്യങ്ങളുളള ചെറിയൊരു വീടാണ് ഇനിയുള്ള സ്വപ്നം. സിനിമയിൽ നിന്നും ലഭിക്കുന്ന സമ്പാദ്യം സ്വരുക്കൂട്ടുന്നതും ആ സ്വപ്നത്തിനു വേണ്ടിയാണ്. എല്ലാം വിചാരിച്ച പോലെ നടന്നാൽ ഒന്ന് രണ്ടു വർഷത്തിനുള്ളിൽ പുതിയ വീട്ടിലേക്ക് മാറാൻ കഴിയും എന്നാണ് വിശ്വാസം.

 

Content Summary: Kumbalangi Nights Fame Suraj Pops About Home 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com