ADVERTISEMENT

മലയാളസിനിമയിൽ രണ്ടായിരത്തിനുശേഷം സംഗീതപ്രേമികൾ ഓർത്തിരിക്കുന്ന നിരവധി ഹിറ്റ് ഗാനങ്ങൾ നൽകിയ ഗായകനാണ് ദേവാനന്ദ്. സംഗീതം നിറയുന്ന വീട്ടിൽ ജനിച്ചു വളർന്ന കാലത്തിന്റെ ഓർമ്മകൾ അദ്ദേഹം പങ്കുവയ്ക്കുന്നു.

 

എന്നോടൊപ്പം വളർന്ന വീട്..

devanand-family

കോട്ടയം ജില്ലയിലെ വൈക്കമാണ് എന്റെ സ്വദേശം. അച്ഛൻ വാസുദേവൻ നമ്പൂതിരി കർണാടിക് സംഗീതജ്ഞനായിരുന്നു. ഒപ്പം സ്‌കൂൾമാഷും. അമ്മ വീട്ടമ്മയും. അച്ഛൻ ദാസേട്ടന്റെ (യേശുദാസ്) സഹപാഠിയായിരുന്നു. എനിക്കൊരു സഹോദരൻ. ഇതായിരുന്നു കുടുംബം.

എനിക്കും വീടിനും ഏകദേശം ഒരേ പ്രായമാണ്. പറഞ്ഞു കേട്ടിട്ടുണ്ട്, അമ്മ എന്നെ ഒക്കത്തിരുത്തിയാണ് വീടിന്റെ കല്ലിടീൽ നടത്തിയതെന്ന്. സ്‌കൂളിൽ എന്തോ അത്യാവശ്യത്തിനു പോകേണ്ടി വന്നതിനാൽ അച്ഛന്റെ അസാന്നിധ്യത്തിൽ അമ്മ തറക്കല്ലിടുകയായിരുന്നു. തറമേൽ ഇല്ലം എന്നാണ് വീട്ടുപേര്. വീടിനോട് ചേർന്ന് തന്നെ കുടുംബക്ഷേത്രമുണ്ട്. പറമ്പിൽ മൂന്ന് കുളങ്ങളുണ്ട്. ഇല്ലപ്പറമ്പായത് കൊണ്ട് പ്രാർത്ഥനയ്ക്കും വൈകുന്നേരങ്ങളിൽ വെടിവട്ടം പറഞ്ഞിരിക്കാനും എപ്പോഴും വീട്ടിൽ ആളുകൾ കാണും. അങ്ങനെ ഒത്തുകൂടലിന്റെ ഒരന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്.

ഏകദേശം 46 വയസ്സുണ്ട് വീടിന്. ഇന്ന് വിന്റേജ് കാഴ്ചയാണെങ്കിലും, അന്നത്തെ കാലത്ത് വീടിന്റെ പുറംകാഴ്ചയിൽ ഫാഷനായിരുന്ന മുഖപ്പുകളും ഗ്രില്ലുകളുമൊക്കെ ഇന്നും വീട്ടിൽ ഹാജരാണ്‌. പൂമുഖം, പടിപ്പുര, സ്വീകരണമുറി, നാലു കിടപ്പുമുറികൾ, അടുക്കള എന്നിങ്ങനെ പോകുന്നു ഇടങ്ങൾ. പല കാലയളവിൽ ചെറിയ മിനുക്കുപണികളും അകത്തളപരിഷ്കാരങ്ങളും നടത്തിയതൊഴിച്ചാൽ വീടിന് വലിയ മാറ്റമൊന്നും ഇന്നുമില്ല. ആളുകൾ തമാശയ്ക്ക് പറയാറുണ്ട്:  ഇല്ലത്തിനും  ആൾക്കാർക്കും ഇന്നും മാറ്റമില്ലെന്ന്!

devanand-with-father

 

സംഗീതം കേട്ടുണരുന്ന വീട്..

അച്ഛൻ വീട്ടിൽ സംഗീത ക്‌ളാസുകൾ നടത്തിയിരുന്നു. എന്റെ ചെറുപ്പത്തിൽ ഞാൻ ഉണരുന്നതും ഉറങ്ങുന്നതും പാട്ടുകൾ കേട്ടാണ്. അത്രയ്ക്ക് സംഗീതമുഖരിതമായിരുന്നു വീടിന്റെ അന്തരീക്ഷം. ഞാനും ഇടയ്ക്ക് കുട്ടികളുടെ കൂടെ പോയിരിക്കും. അങ്ങനെ കേൾവി ജ്ഞാനം കൊണ്ടാണ് ഞാൻ പാട്ടുകാരനായത് എന്ന് തോന്നാറുണ്ട്. ചേട്ടനും സംഗീതം തന്നെ മേഖലയായി തിരഞ്ഞെടുത്തു. റാങ്കോടെയാണ് പഠിച്ചിറങ്ങിയത്. ഇപ്പോൾ ബെംഗളൂരുവിൽ പ്രവർത്തിക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ എട്ടോ പത്തോ വർഷങ്ങൾ ഒഴിച്ചിട്ടാൽ ബാക്കിയെല്ലാം ഈ വീട്ടിലാണ് താമസിച്ചത്. അതുകൊണ്ട് മാനസികമായ ഒരടുപ്പമുണ്ട്. മാത്രമല്ല എനിക്ക് സംഗീതമേഖലയിൽ വരാൻ കഴിഞ്ഞതും സംഗീതം നിറയുന്ന ഇത്തരമൊരു വീട്ടിൽ ജനിച്ചതുകൊണ്ടാണ്. 

 

ചെന്നൈ വീടുകൾ..

മലയാളസിനിമ മദ്രാസ് വിട്ടു കൊച്ചിയിൽ  ചുവടുറപ്പിച്ചിരുന്നെങ്കിലും ഞാൻ സംഗീതജീവിതം തുടങ്ങുന്ന കാലത്ത് പാട്ടുകളുടെ റെക്കോർഡിങ് കൂടുതലും ചെന്നൈയിലായിരുന്നു. അങ്ങനെ പഠനശേഷം ഞാനും ചേട്ടനും ചെന്നൈയിലേക്ക് ചേക്കേറി. ഏകദേശം പത്തുവർഷം പിന്നെ ചെന്നൈ ആയിരുന്നു എന്റെ വീട്. അന്ന് ബാച്ചിലേഴ്സിനു വീടുകൾ കിട്ടാൻ വലിയ ബുദ്ധിമുട്ടുള്ള കാലമാണ്. ആ കാലയളവിൽ ചെന്നൈയുടെ ഒട്ടുമിക്ക ഇടത്തും ഞങ്ങൾ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്.

 

കുടുംബം...

ഭാര്യ കീർത്തി വീട്ടമ്മയാണ്. മക്കൾ ശ്രീശേഷ്, ശിവേഷ്. കുടുംബക്ഷേത്രം പണിതുകഴിഞ്ഞാണ് അന്ന് വീടുപണിതത്. അടുത്തിടയ്ക്ക് ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠ കഴിഞ്ഞു. ഇനി വീട് ഒന്ന് പുതുക്കിപ്പണിയുകയോ പുതിയ വീട് വയ്ക്കുകയോ ചെയ്യാനുള്ള പണിപ്പുരയിലാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com