ADVERTISEMENT

വർഷങ്ങളായി സിനിമയുടെ പിന്നണിയിൽ നിന്നിരുന്ന ഒരാളാണ് ശ്രീകാന്ത് മുരളി. പ്രിയദർശന്റെ അസിസ്റ്റന്റായി നിരവധി ഹിറ്റ് ചിത്രങ്ങളിൽ പ്രവർത്തിച്ചു. പിന്നീട് പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തു. എബി എന്ന സിനിമയിലൂടെ സംവിധായകന്റെ തൊപ്പിയും അണിഞ്ഞു.ഇപ്പോൾ വ്യത്യസ്തമായ വേഷങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലും സജീവമാണ് ശ്രീകാന്ത്. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു

 

ഒരു സിനിമ പോലെ കുട്ടിക്കാലം..

srikant-tharavad

എറണാകുളം ജില്ലയുടെ അതിർത്തി പ്രദേശമായ ഇലഞ്ഞി എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. ആലപുരത്തു മഠം എന്നാണ് തറവാടിന്റെ പേര്. ഞങ്ങളുടെ തറവാട്ടിൽ നിന്നും 500 മീറ്റർ മാറിയാൽ കോട്ടയം ജില്ലയായി. 400 വർഷത്തോളം പഴക്കമുള്ള ലക്ഷണമൊത്ത നാലു കെട്ടായിരുന്നു തറവാട്. അറയും പറയും തൊഴുത്തും ഏക്കർ കണക്കിന് കൃഷിയുമൊക്കെ പണ്ടുണ്ടായിരുന്നു. പിന്നീട് ഭൂപരിഷ്കരണ നിയമം വന്നപ്പോൾ പൂർവികരുടെ സ്വത്തുക്കൾ പലതും നഷ്ടമായി.

ഞാൻ അറിഞ്ഞു കേട്ട തറവാടിന്റെ ചരിത്രം തുടങ്ങുന്നത് മുത്തച്ഛന്റെ കാലം തൊട്ടാണ്. കാലാന്തരത്തിൽ ഭാഗം വയ്പ്പ് കഴിഞ്ഞപ്പോൾ മുത്തച്ഛൻ തന്റെ വിവാഹശേഷം പുതിയ ഒരു വീട് വച്ച് താമസം മാറുകയുണ്ടായി. പിന്നീട് രണ്ടുതലമുറ കൈമാറി ആ വീട് എന്റെ കൈവശം എത്തി. അപ്പോഴേക്കും കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ വീടിനു സംഭവിച്ചിരുന്നു. 

srikant-murali

അച്ഛൻ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിലായിരുന്നു ജോലി. എന്റെ വീട് ഓർമകൾ തുടങ്ങുന്നത് അച്ഛന്റെ ക്വാർട്ടെഴ്‌സിൽ നിന്നാണ്. നഗരത്തിന്റെ സൗകര്യങ്ങളുള്ള അവിടെനിന്നും പിന്നീട് ഞങ്ങൾ ഗ്രാമപ്രദേശത്തെ തറവാട്ടിലേക്ക് പറിച്ചുനടപ്പെട്ടു. അച്ഛൻ ആഴ്ചയിൽ മാത്രമാണ് വീട്ടിലേക്ക് എത്തുക. മുത്തച്ഛൻ പ്രായത്തിന്റെ ക്ഷീണതകളുമായി വിശ്രമിക്കുന്നു. അതോടെ ആ തറവാടിന്റെ ഒട്ടൊക്കെ ഉത്തരവാദിത്തങ്ങൾ ഒരു പതിനൊന്നു വയസുകാരന്റെ ചുമലിലായി. ആലപുരത്ത്, ചെറുവള്ളി, കോളൂര് തുടങ്ങിയ മൂന്നു ഇല്ലങ്ങൾ ചേർന്നൊരു ഊരാണ്മ ഉണ്ടായിരുന്നു. ഇതിന്റെ അധീനതയിൽ മൂന്നു ക്ഷേത്രങ്ങളും ഉണ്ടായിരുന്നു.  വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുന്നത് മുതൽ കൃഷിയും കന്നുകാലികളെയും നോക്കുക, ക്ഷേത്രങ്ങളുടെ ചുമതല..ഇതെല്ലാം എന്റെ ഉത്തരവാദിത്തമായി.

പിന്നീട് ഞാൻ സിനിമാമേഖലയിലെത്തി. അതോടെ ജീവിതം ഒരു സെറ്റിൽ നിന്നും മറ്റൊരു സീറ്റിലേക്കുള്ള യാത്രകളായി. വീടിന്റെ സുരക്ഷിതത്വത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഞാൻ എവിടെയും കംഫർട്ടബിൾ ആയി കഴിയാൻ പഠിച്ചു.

 

srikant-house-construction

അച്ഛന് വേണ്ടിയൊരു വീട്...

അച്ഛന്റെ വലിയൊരു മോഹമായിരുന്നു ഒരു നാലുകെട്ട് പണിയുക എന്നത്. കഴിഞ്ഞ ആറു വർഷമായി ആ സ്വപ്നത്തിന്റെ പിന്നാലെയാണ് ഞാൻ. പക്ഷേ കുറച്ചു മാസങ്ങൾക്ക് മുൻപ് ആ മോഹം പൂർത്തിയാക്കാൻ നിൽക്കാതെ അച്ഛൻ പോയി. പഴയ തറവാട് പൊളിച്ചാണ് പഴമ തോന്നിപ്പിക്കുന്ന നാലുകെട്ട് മാതൃകയിലുള്ള  വീട് പണിതുകൊണ്ടിരിക്കുന്നത്. സ്ട്രക്ചർ പൂർത്തിയായി. വെട്ടുകല്ല് കൊണ്ടാണ് ചുവരുകൾ കെട്ടിയത്.  ഇപ്പോൾ  ഫർണിഷിങ് ചെയ്തു കൊണ്ടിരിക്കുകയാണ്.  നാലുകെട്ടിന്റെ കൂട്ടും മച്ചും കഴുക്കോലുമെല്ലാം പണിയാൻ വൈഭവമുളള ഒരു ആശാരിയെയും ഞാൻ കണ്ടെത്തി.

outhouse-srikant

പ്രിയദർശൻ സാറിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുമ്പോൾ സിനിമാഷൂട്ടിങ്ങിനു ഞാൻ കാരൈക്കുടിയിൽ പോയിട്ടുണ്ട്. അവിടുള്ള ചെട്ടിനാടൻ ശൈലിയിലുള്ള വീടുകൾ എന്നെ ഒരുപാട് ആകർഷിച്ചിട്ടുണ്ട്. ആത്താംകുടിയിൽ പോയാണ് കൽത്തൂണുകളും ടൈലുകളും കൊണ്ടുവന്നത്.  ഒന്നേകാൽ ഏക്കറോളം ഭൂമിയുടെ നടുക്കായാണ് 3000 ചതുരശ്രയടിയുള്ള വീട് പണിതുകൊണ്ടിരിക്കുന്നത്. പൂമുഖവും, നടുമുറ്റവും, കിളിവാതിലുമെല്ലാം വീട്ടിൽ പുനർജനിക്കുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കി തുടങ്ങാം എന്നാണ് കരുതുന്നത്. അന്ന് വീടിന്റെ വിശേഷങ്ങൾ നേരിട്ട് തന്നെ പറയാം. പക്ഷേ അത് കാണാൻ അച്ഛൻ ഇല്ലല്ലോ എന്നത് ഒരു വിഷമമായി എന്നും അവശേഷിക്കും.

വീട് പണി നടക്കുന്ന സമയത്ത് താമസിക്കാനായി ഒരു ഔട്ട്ഹൗസ് ഉണ്ടാക്കിയിരുന്നു. പണി നീണ്ടു പോയപ്പോൾ ഇപ്പോൾ അത് നാട്ടിലെ വീടുപോലെയായി. ഇപ്പോൾ കഥകളുടെ ഡിസ്കഷനും മറ്റും അതാണ് ഉപയോഗിക്കുന്നത്.

ഫ്ലാറ്റ് ജീവിതം...

സിനിമയുടെ സൗകര്യത്തിനായാണ് നഗരത്തിലേക്ക് ചേക്കേറിയത്. കൊച്ചിയിൽ രണ്ടു ഫ്ലാറ്റുകൾ വാങ്ങിയിട്ടുണ്ട്. ഇപ്പോൾ പത്തുവർഷമായി. മിനിമൽ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. നാട്ടിലെ വീടാണ് ഇപ്പോൾ എന്റെ പ്രാഥമിക സ്വപ്നം. അതിനുശേഷം ഫ്ലാറ്റ് ഒന്ന് മോടി പിടിപ്പിക്കണം.

Content Summary: Actor, Director Srikant Murali Shares Home Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com