sections
MORE

ഇത് ഞങ്ങൾക്ക് കിട്ടിയ പുതുവർഷ സമ്മാനം: വീടിന്റെ വിശേഷങ്ങളുമായി വീണാ ജാൻ

veena-jan-house-dubai
SHARE

വീണാസ് കറി വേൾഡ് എന്ന കുക്കിങ് ചാനൽ ഇപ്പോൾ ഒരുവിധം മലയാളികൾക്കൊക്കെ പരിചിതമാണ്. വീണാജാൻ എന്ന പ്രവാസി വീട്ടമ്മയാണ് ചാനലിന്റെ പിന്നിൽ. ബോറടി മാറ്റാൻ കുക്കിങ് വ്ലോഗ് തുടങ്ങിയ വീണ ഇപ്പോൾ യുട്യൂബിലെ താരമാണ്. യുട്യൂബിൽ 10 ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി ഗോൾഡ് പ്ളേ ബട്ടൺ സ്വന്തമാക്കിയ ആദ്യ മലയാളി വനിത എന്ന വിശേഷണവുമുണ്ട് വീണയ്ക്ക്. വീണ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

തൃശൂർ ജില്ലയിൽ പെരിഞ്ഞനമാണ് എന്റെ നാട്. അച്ഛന്റെയും അമ്മയുടെയും ഒറ്റമോളാണ്. അച്ഛന് ബിസിനസ് ആയിരുന്നു. സ്‌കൂൾ കാലമെല്ലാം പെരിഞ്ഞനത്തു തന്നെയായിരുന്നു. പിന്നീട് എൻജിനീയറിങ് പഠിക്കാൻ തമിഴ്നാട്ടിലേക്ക് വണ്ടികയറി. പഠനം കഴിഞ്ഞു വിവാഹം നടന്നു. ഞാനും ദുബായിലേക്ക് പറന്നു. ഏതൊരു പ്രവാസി മലയാളിയെയും പോലെ നാട്ടിലെ വീട് എനിക്കും ഗൃഹാതുരത ഉണർത്തുന്ന ഓർമകളാണ്.

ബോറടി മാറ്റാൻ കുക്കിങ് ചാനൽ..

വിവാഹശേഷം ദുബായിൽ എത്തി നല്ല കുടുംബിനിയായി മക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കി കുറെ വർഷങ്ങൾ കടന്നുപോയി. മൂത്ത മകൻ സ്‌കൂളിൽ പോയിത്തുടങ്ങിയ ശേഷമാണു ബോറടി തുടങ്ങിയത്. ഭർത്താവ് ജോലിക്ക് പോയിക്കഴിഞ്ഞാൽ വീട്ടിൽ ഒറ്റയ്ക്കാവും. ഞാൻ ചെറുപ്പം മുതൽ ലേശം പാചകം ചെയ്യുമായിരുന്നു. അങ്ങനെ സമയം കളയാൻ വേണ്ടി ആദ്യം പാചകത്തെപ്പറ്റി എഴുതാൻ തുടങ്ങി. അത് 2008 ലാണ്. പിന്നീട് 2015 ലാണ് വിഡിയോയിലേക്ക് ചുവടുമാറ്റിയത്. ആദ്യം ചെറിയ കുക്കിങ് വിഡിയോ ചെയ്തു തുടങ്ങിയതാണ് ഇന്ന് വീണാസ് കറി വേൾഡ് എന്ന ചാനലായി മാറിയത്. ഇപ്പോൾ 13 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്.

ന്യൂഇയർ ഗിഫ്റ്റായി വീട്..

veena-jan-dubai-home-hall

2020 ലെ പുതുവർഷ സമ്മാനമാണ് ഞങ്ങൾക്ക് ഈ വീട്. ശരിക്കും എന്റെ മനസിലുള്ള അടുക്കളയ്ക്ക് വേണ്ടി പുതിയ വീട് മാറി എന്നും പറയാം. ദിവസത്തിൽ ഭൂരിഭാഗവും ചെലവിടുന്നത് അടുക്കളയിലാണ്. പഴയ വീട്ടിൽ സ്ഥലപരിമിതിയുള്ള ക്ളോസ്ഡ് കിച്ചൻ ആയിരുന്നു. കുക്കിങ് വിഡിയോകൾ ചെയ്യുമ്പോൾ കുടുംബത്തെ കൂടി ഉൾപ്പെടുത്താൻ പാകത്തിൽ വിശാലമായ ഒരു അടുക്കള തേടിയുള്ള അന്വേഷണമാണ് ഈ ഫ്ളാറ്റിലേക്കെത്തിച്ചത്.

veena-jan-dubai-home-living

കഴിഞ്ഞ എട്ടുവർഷമായി ചെറിയ ഒരു ഫ്ലാറ്റിലായിരുന്നു താമസം. ഇത് കുറേകൂടി വിശാലമായ ഒരു 2 ബെഡ്‌റൂം അപ്പാർട്മെന്റാണ്. ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. ലിവിങ്- ഡൈനിങ്- കിച്ചൻ ഓപ്പൺ ഹാളിന്റെ ഭാഗമാണ്. അതുകൊണ്ട് അകത്തേക്ക് കയറുമ്പോൾ നല്ല വിശാലത അനുഭവപ്പെടും.

veena-jan-dubai-home-bed

ഒരു വീട്ടമ്മയെ സംബന്ധിച്ചിടത്തോളം വീട്ടിലെ പ്രധാന ഇടമാണ് അടുക്കള. ഏറ്റവും സന്തോഷം ഓപ്പൺ കിച്ചൻ ലഭിച്ചു എന്നതാണ്. ഇപ്പോൾ കുക്കിങ് വിഡിയോകൾ ചെയ്യുമ്പോൾ കുടുംബത്തെയും ഉൾപ്പെടുത്താനുള്ള സ്ഥലമുണ്ട്. പുതിയ വീട്ടിൽ എല്ലാം കയ്യകലത്തിൽ തന്നെയുണ്ട്.

veena-jan-dubai-home-kitchen

ഞങ്ങൾ യാത്ര പോയ രാജ്യങ്ങളിൽ നിന്നും വാങ്ങിയ മാഗ്നറ്റിക് സ്റ്റിക്കറുകൾ ഫ്രിഡ്ജിൽ ഒട്ടിച്ചുവച്ചിട്ടുണ്ട്. പാചകം ചെയ്യുമ്പോഴും കുട്ടികളുടെ പഠനത്തിൽ ശ്രദ്ധിക്കാം എന്ന ഗുണവുമുണ്ട്. ഇതിനായി ഒരു പാൻട്രി കൗണ്ടറും സെറ്റ് ചെയ്തിട്ടുണ്ട്.

കുടുംബം..

veena-jan-family

ഭർത്താവ് ജാൻ. മൂത്ത മകൻ അവനീത്‌ പത്താം ക്‌ളാസിലും ഇളയ മകൻ ആയുഷ് നാലാം ക്‌ളാസിലും പഠിക്കുന്നു.

English Summary- Veena Jan New House in Dubai; Veenas Curry World

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA