ADVERTISEMENT

തന്റെ ബോള്‍ഡായ തീരുമാനങ്ങളും അഭിപ്രായങ്ങളും കൊണ്ട് ബോളിവുഡിലെ വാര്‍ത്താതാരമാണ് കങ്കണ റണൗട്ട്. ഹിമാചലിലെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന പെൺകുട്ടിയിൽ നിന്നും  ഇന്നത്തെ കങ്കണയിലേക്കുള്ള താരത്തിന്റെ വളര്‍ച്ച തന്നെ വലിയ കഥയാണ്‌. 

സിനിമയില്‍ അവസരങ്ങള്‍ ഏറെ ലഭിച്ചതോടെയാണ് കങ്കണ മുംബൈ നഗരത്തില്‍ സ്ഥിരമായൊരു വീട് വേണമെന്ന് മോഹിച്ചു തുടങ്ങിയത്. ആദ്യകാലത്ത് മുംബൈ സാന്താക്രൂസിൽ ഒരു ആഡംബര വില്ല അവർ വാങ്ങിയെങ്കിലും ഏറെ വൈകാതെ താരത്തിനു അവിടം മടുത്തു. അങ്ങനെയാണ് ഖാറില്‍ ഒരു വീട് കങ്കണ സ്വന്തമാക്കുന്നത്. കഴിഞ്ഞ മൂന്നുവർഷമായി ഖാറിലെ അഞ്ചുമുറികളുള്ള ഈ വീട്ടിലാണ് കങ്കണ താമസിക്കുന്നത്. എന്നാൽ അടുത്തിടെ കങ്കണ ഈ വീടിനു അടിമുടി ഒരു മേക്കോവര്‍ നടത്തി. ഇന്റീരിയർ ഡിസൈനർ റിച്ച ബാൽ ആണ് വീടിനു പുതിയമുഖം നൽകാൻ കങ്കണയെ സഹായിച്ചത്. തന്റെ ഹിമാചലിൽ വീടിന്റെ ഓര്‍മ്മകള്‍ അതേപടി നിലനിര്‍ത്തുന്ന തരത്തിലാണ് കങ്കണ ഈ വീടിന്റെ ഇന്റീരിയര്‍ ചെയ്യിച്ചിരിക്കുന്നത്. അടുത്തിടെ തന്റെ നാടായ മണാലിയിലും താരം പുതിയ വീട് സഫലമാക്കിയിരുന്നു.

kangana-in-house

ഇതാ കങ്കണയുടെ മുംബൈ ഭവനത്തിന്റെ രസകരമായ ചില വിശേഷങ്ങള്‍.

കണ്ണുമഞ്ഞളിക്കുന്ന നിറങ്ങളോ ആഡംബരങ്ങളോ ഈ വീട്ടിൽ കാണാനില്ല. ചില ഭിത്തികൾ പെയിന്റ് പോലും അടിച്ചിട്ടില്ല. ഹിമാചലിലെ കൊച്ചുവീടിന്റെ ഓര്‍മ്മകള്‍ ആണ് ഇതുവഴി താരം നിലനിര്‍ത്തുന്നത്. ബ്ലൂ കളറിലാണ് ഈ വീടിന്റെ മുന്‍വാതില്‍ ചെയ്തിരിക്കുന്നത്. വീടിന്റെ ഒരു ഭാഗം മൊത്തത്തില്‍ മറൂണ്‍ നിറത്തിലാണ് ചെയ്തിരിക്കുന്നത്. തന്റെ കുടുംബവീടിന്റെ ഓര്‍മ്മ അതേപടി നിലനിര്‍ത്തുകയാണ് ഈ നിറത്തിലൂടെ കങ്കണ. ഗ്രാമീണത പ്രതിഫലിപ്പിക്കുന്ന റസ്റ്റിക് ലുക്കുള്ള ഇന്റീരിയറാണ് വീടിനു മൊത്തത്തില്‍. തടി കൊണ്ടുള്ള ബീമും സീലിങ്ങുകളും അകത്തളങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ വാങ്ങിയ സുവനീറുകൾ കൊണ്ടാണ് ഭിത്തികള്‍ അലങ്കരിച്ചിരിക്കുന്നത്. 

kangana-living-room

2013 ലാണ് സാന്താക്രൂസിലെ വീട് വിട്ടു കങ്കണ ഇവിടേക്ക് വരുന്നത്. വിലകൂടിയ മാര്‍ബിള്‍ ഫ്ലോര്‍ ഉണ്ടായിരുന്ന വീടിനെ പിന്നീട് കങ്കണ മൊത്തത്തില്‍ പുതുക്കി. മാതാപിതാക്കളുടെ കൂടി സൗകര്യം കണക്കിലെടുത്താണ് കങ്കണ ഈ വീട്ടിലേക്ക് മാറിയതും. 

kangana-dine

ഹിമാചലില്‍ താന്‍ കളിച്ചു വളര്‍ന്ന അമ്മവീടിന്റെ അതെ ഓര്‍മ്മയാണ് ഈ വീട്ടില്‍ കഴിയുമ്പോള്‍ തനിക്കെന്നു കങ്കണ പറയും. നിരന്തരം ഹോട്ടലുകളിലും മറ്റും താമസിക്കുന്ന തനിക്ക്  വീട്ടിലെങ്കിലും അലസമായ ഈ അന്തരീക്ഷമാണ് വേണ്ടിയിരുന്നതെന്ന് താരം പറയുന്നു. നിറം മങ്ങിയ ചുവരുകളും തറകളും കണ്ട് ഒരിക്കൽ സന്ദർശനത്തിനെത്തിയ ഒരതിഥി വീട് വൃത്തിയാക്കാൻ സഹായം വാഗ്ദാനം ചെയ്തെന്നും കങ്കണ പറയുന്നു. 

kangana-garden

നല്ലൊരു ദൈവവിശ്വാസി കൂടിയായ കങ്കണ വീട്ടില്‍ ഒരു പൂജ മുറി ഒരുക്കിയിട്ടുണ്ട്. ഡ്രോയിംഗ് റൂമിനോട് ചേര്‍ന്ന് വച്ചിരിക്കുന്ന ഈ പൂജാമുറി താരം സ്വയമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വടക്കേയിന്ത്യയില്‍ കാണപ്പെടുന്ന ചെറിയ അമ്പലങ്ങളുടെ മാതൃകയാണിത്‌. 

നിരവധി ആര്‍ട്ട്‌ വര്‍ക്കുകളും ഫോട്ടോകളും കങ്കണയുടെ വീട്ടിലുണ്ട്. എല്ലാം തന്നെ വുമന്‍ ആര്‍ട്ടിസ്റ്റുകളുടെ വര്‍ക്കുകള്‍. പ്രൊഫഷനല്‍ ലൈഫും പേര്‍സണല്‍ ലൈഫും രണ്ടായി കാണുന്ന ആളായ കങ്കണയുടെ ഈ ചിന്താഗതി ഈ വീട്ടില്‍ വന്നു കയറുമ്പോള്‍ തന്നെ അറിയാം. ഒരു സിനിമയുടെ പോസ്റ്ററോ, അവാര്‍ഡ്‌ ഫലകങ്ങളോ ഇവിടെ കാണാന്‍ കിട്ടില്ല. എന്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ്‌ പോലും ഈ വീട്ടിലില്ല.

kangana-bed

വീട്ടിൽ കങ്കണയുടെ പ്രിയ ഇടം കിടപ്പുമുറിയാണ്. പഴയ വീട്ടിലെ രണ്ടു കിടപ്പുമുറികളെ സംയോജിപ്പിച്ച് തന്റെ  കിടപ്പറയാക്കി മാറ്റുകയാണ് താരം ചെയ്തത്. നേരത്തെയുണ്ടായിരുന്ന സ്വിമ്മിങ് പൂളിനെ ഒരുദ്യാനമാക്കി മാറ്റി. മുംബൈ പോലുള്ള ഒരു നഗരത്തിൽ വെള്ളം പാഴാക്കാന്‍ പാടില്ല എന്ന് തോന്നല്‍ കൊണ്ടാണ് ഇങ്ങനെ ചെയ്തത്.  പുസ്തകങ്ങളെ സ്നേഹിക്കുന്ന ആളാണ്‌ കങ്കണ അതിനാല്‍ തന്നെ ബുക്ക് ഷെല്‍ഫും മുറിയിലുണ്ട്. ഒപ്പം വിലപിടിപ്പുള്ള ആര്‍ട്ട്‌ വര്‍ക്കുകളും. മൊത്തത്തില്‍ നോക്കിയാല്‍ കങ്കണയുടെ വീടിനെ ഇങ്ങനെ വിവരിക്കാം. 'സ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും സാമ്രാജ്യം'.

English Summary- Kankan Ranaut Mumbai House Secrets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com