sections
MORE

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വീടും വിജയരഹസ്യങ്ങളും; വിഡിയോ

SHARE

സ്റ്റാർട്ടപ് എന്ന വാക്ക് കേട്ടുകേൾവി പോലും ഇല്ലാതിരുന്ന കാലത്ത് സ്റ്റാർട്ടപ് തുടങ്ങി വിജയത്തിലെത്തിച്ച ആളാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. 1977 ൽ പിതാവിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയും രണ്ടു തൊഴിലാളികളുമായി ഇലക്ട്രോണിക് സ്റ്റബിലൈസറുകൾ നിർമ്മിച്ച് തുടങ്ങിയ സ്ഥാപനമാണ് ഇന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് എന്ന 2000 ത്തിലേറെ തൊഴിലാളികളും 300 കോടിയിലധികം വിറ്റുവരവുമുള്ള കമ്പനിയായി മാറിയത്. പിന്നീട് വിനോദമേഖലയിലേക്കും റിയൽഎസ്റ്റേറ്റിലേക്കും അദ്ദേഹം വേരുകൾ പടർത്തി. കൊച്ചിയിലും ബെംഗളുരുവിലും വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്കുകൾ ഏറെ ജനപ്രീതി നേടി. ഒരു വിജയിച്ച ബിസിനസുകാരൻ എന്നതിലുപരി നിലപാടുകൾ കൊണ്ടുകൂടിയാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്. ലോഡ് ഇറക്കുമ്പോൾ നോക്കുകൂലി ചോദിച്ചവരെ നോക്കുകുത്തികളാക്കി അദ്ദേഹം ചുമട് സ്വയം ഇറക്കിയതും,  ജീവിച്ചിരിക്കുമ്പോൾ തന്നെ വൃക്ക ദാനം ചെയ്തതും, തെരുവുനായ്ക്കൾ ഉയർത്തുന്ന ഭീഷണിക്കെതിരെ ശബ്ദമുയർത്തുന്നതുമെല്ലാം ഉദാഹരണം..

chittilappily-swapnaveedu-couple

ഇപ്പോൾ ചുമതലകൾ മക്കൾക്ക് കൈമാറി വിഗാർഡ് ഡെവലപ്പേഴ്സിന്റെ മേൽനോട്ടത്തിനൊപ്പം സാമൂഹികസേവനമേഖലയിലും അദ്ദേഹം ശ്രദ്ധപുലർത്തുന്നു. ഭാര്യ ഷീലയും വിസ്റ്റാർ എന്ന ടെക്സ്റ്റൈൽ സ്ഥാപനത്തെ മുൻനിരയിലെത്തിച്ചു. ഇരുവരുടെയും വീടിന്റെ വിശേഷങ്ങളിലേക്ക്...

chittilappily-swapnaveedu-elevation

എറണാകുളം വെണ്ണല-പാലാരിവട്ടം ബൈപാസിൽ കൂടി പോകുമ്പോൾ വശത്തായി പച്ചപ്പിനുള്ളിൽ മറഞ്ഞിരിക്കുന്ന ഒരു വീടുകാണാം. വിശാലമായ ഉദ്യാനത്തിന് നടുവിലൂടെ കരിങ്കല്ല് വിരിച്ച ഡ്രൈവ് വേയിലൂടെ സിറ്റൗട്ടിലേക്കെത്താം. വീട്ടുകാർക്ക് പച്ചപ്പിനോടുള്ള താൽപര്യം അടിവരയിടുന്നതാണ് നിരവധി പൂച്ചെടികളും മരങ്ങളും പുൽത്തകിടിയും നിറഞ്ഞ ലാൻഡ്സ്കേപ്പ്. ഇതെല്ലാം ആസ്വദിക്കാൻ ഒരു ഗസീബോയും ഉദ്യാനത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രധാനവാതിൽ തുറന്നു വീട്ടുകാരൻ അകത്തേക്ക് സ്വാഗതമോതി. എന്നിട്ട് താൻ കടന്നുവന്ന വഴികൾ ഒരു കഥപോലെ പങ്കുവച്ചു.

chittilappily-swapnaveedu-gaseebo

ഞാൻ തൃശൂരിലെ ഒരു നാട്ടിൻപുറത്ത് ജനിച്ചു വളർന്നയാളാണ്. ഞങ്ങൾ ആറു മക്കളായിരുന്നു. അത്യാവശ്യം ഭൗതിക സാഹചര്യങ്ങൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ മക്കൾക്ക് സൗകര്യങ്ങൾ നൽകുന്നതിൽ അപ്പച്ചൻ നിയന്ത്രണങ്ങൾ വച്ചിരുന്നു. മക്കൾ സുഖലോലുപതയിൽ വളർന്നാൽ മടിയന്മാരായി പോയാലോ എന്നാലോചിച്ചാകും.

പഠനം കഴിഞ്ഞു ലഭിച്ച അത്യാവശ്യം ശമ്പളമുള്ള ജോലി രാജിവച്ചാണ് ഞാൻ വി-ഗാർഡ് തുടങ്ങുന്നത്. ഒരു ചെറിയ ഷെഡ് വാടകയ്‌ക്കെടുത്താണ് സംരംഭം തുടങ്ങിയത്. അപ്പച്ചനിൽ നിന്നും കടംവാങ്ങിയ ഒരുലക്ഷം രൂപയായിരുന്നു മൂലധനം. അങ്ങനെ തൃശൂരിൽ നിന്നും ഞാൻ കൊച്ചിയിലേക്ക് ജീവിതം പറിച്ചുനട്ടു. ആദ്യമൊക്കെ വാടകവീട്ടിലായിരുന്നു താമസം. പിന്നീട് ബിസിനസ് ഒക്കെ പച്ച പിടിച്ചതിനുശേഷം കലൂരിൽ ഒരു വീട്ടിലേക്ക് മാറി. മക്കൾ വളർന്നു തുടങ്ങിയപ്പോൾ കുറച്ചു കൂടി സൗകര്യങ്ങളുള്ള വീട്ടിലേക്ക് മാറണം എന്ന ആഗ്രഹമാണ് ഈ ഭൂമി മേടിക്കാനും വീട് പണിയാനും പ്രേരിപ്പിച്ചത്. ഇപ്പോൾ ഈ വീട്ടിൽ താമസം തുടങ്ങിയിട്ട് ഏകദേശം 25 വർഷം പിന്നിട്ടു.

chittilappily-swapnaveedu-sitout

അന്ന് വീടുപണിയുടെ ഓരോ ഘട്ടത്തിലും എന്റെ ഇടപെടലും കയ്യൊപ്പും ഉണ്ടായിരുന്നു. ഇപ്പോൾ പ്രചാരത്തിലായ പല നിർമാണരീതികളും അന്നേ പരീക്ഷിക്കാൻ കഴിഞ്ഞു. അന്നൊക്കെ അകത്തളങ്ങൾ തുറസായി ഇടുന്ന രീതി കേരളത്തിൽ പ്രചാരത്തിൽ വരുന്നതേയുള്ളൂ. എന്നാൽ അങ്ങനെ ചെയ്താൽ കൂടുതൽ കാറ്റും വെളിച്ചവും വിശാലതയും ലഭിക്കുമെന്ന് മനസിലാക്കിയാണ് അപ്രകാരം ഡിസൈൻ ചെയ്യാൻ ആർക്കിടെക്ടിനോട് പറഞ്ഞത്. ചൂട് കുറയ്ക്കാൻ മേൽക്കൂര വാർത്ത് ഓടുവിരിച്ചു, ഡബിൾ ഹൈറ്റിൽ അകത്തളങ്ങൾ പണിതു, അടുക്കളയിൽ ഇൻഡക്ഷൻ ചിമ്മിനി സ്വയം ഡിസൈൻ ചെയ്തു വച്ചു, ഉദ്യാനത്തിൽ ഗസീബോ ഒരുക്കി..തുടങ്ങിയവ ഉദാഹരണം..

chittilappily-swapnaveedu-lawn

ഗാർഡനും ലാൻഡ്സ്കേപ്പും ഭാര്യ ഷീലയുടെ കയ്യൊപ്പാണ്. വലിയ പ്ലോട്ടിൽ അത്യാവശ്യം മുറ്റം വിട്ടു, പിന്നിലേക്കിറക്കി വീട് പണിയാനുള്ള ഐഡിയ ഷീലയുടേതായിരുന്നു. വീടുപണി കഴിഞ്ഞാണ് കൊച്ചിയിൽ വണ്ടർലായുടെ പണി തുടങ്ങുന്നത്. വീടുപണിയിൽ കൂടി ലഭിച്ച അനുഭവങ്ങളും ആശയങ്ങളും വണ്ടർലായുടെ നിർമാണത്തിൽ സഹായകരമായിട്ടുണ്ട്.

chittilappily-swapnaveedu-hall

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് ഏകദേശം 4000 ചതുരശ്രയടിയിൽ ഒരുക്കിയത്. കാറ്റും വെളിച്ചവും നന്നായി ലഭിക്കാൻ തുറസ്സായ നയത്തിലാണ് പ്രധാനഇടങ്ങൾ ഒരുക്കിയത്.

chittilappily-swapnaveedu-door

വാതിൽ തുറന്നു പ്രവേശിക്കുന്നത് ഫാമിലി ലിവിങ് ഹാളിലേക്കാണ്. ഇവിടം ഡബിൾ ഹൈറ്റിലാണ്. തൊട്ടപ്പുറത്തായി സ്വകാര്യത നൽകി ഫോർമൽ ലിവിങും ഒരുക്കി. വീട്ടിൽ മക്കളും കുടുംബവും ഉള്ളപ്പോൾ ഞങ്ങൾ ഒത്തുകൂടുന്നത് ഡൈനിങ് ഹാളിലാണ്. ഇതിനോട് ചേർന്നുതന്നെ അടുക്കളയും വർക്കേരിയയും നൽകി. 

chittilappily-swapnaveedu-living

ഷീല അത്യാവശ്യം പെയിന്റിങ് ചെയ്യാറുണ്ട്. ഗോവണിയുടെ വശത്തായി ഇതിനുള്ള സ്‌പേസ് വിട്ടിട്ടുണ്ട്. മുഴുവൻ തേക്കിലാണ് ഗോവണി നിർമിച്ചത്. ഗോവണി കയറി മുകളിൽ എത്തുമ്പോൾ മിനി ജിം ഒരുക്കിയിട്ടുണ്ട്. ഇതുവഴി നീളൻ ബാൽക്കണിയിലേക്കിറങ്ങാം. ഇവിടെയും നിറയെ ബൊഗൈൻവില്ല പൂവിട്ടു നിൽപ്പുണ്ട്. ബാൽക്കണിയിൽ ഇരുന്നാൽ ഉദ്യാനത്തിന്റെയും റോഡിലൂടെ പോകുന്ന വാഹനങ്ങളുടെയും കാഴ്ച ലഭിക്കും.

chittilappily-swapnaveedu-paint

വി-സ്റ്റാർ എന്ന ബ്രാൻഡ് തുടങ്ങിയതിന്റെ കഥ ഷീല പറയുന്നു... മക്കൾ സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞു സ്വന്തം കാലിൽ നിന്നതോടെ എനിക്ക് ആവശ്യത്തിന് ഫ്രീ ടൈം കിട്ടിത്തുടങ്ങി. അങ്ങനെയാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം മനസ്സിൽ വന്നത്. ഫാഷൻ, ടെക്സ്റ്റൈൽ ഇഷ്ടമുള്ള മേഖലയായിരുന്നു. അന്നൊക്കെ മുംബൈയിൽ നിന്നാണ് കേരളത്തിൽ തുണിത്തരങ്ങൾ വരുന്നത്. എന്തുകൊണ്ട് കേരത്തിലെ കാലാവസ്ഥയ്ക്കും അഭിരുചികൾക്കും ചേരുന്ന വസ്ത്രങ്ങൾ ഉൽപാദിപ്പിച്ചു കൂടാ? ഈ ആശയത്തിൽ നിന്നാണ് വി-സ്റ്റാർ തുടങ്ങുന്നത്. പിന്നെ പടിപടിയായാണ് അതൊരു ബ്രാൻഡ് ആക്കി മാറ്റിയെടുത്തത്.

chittilappily-swapnaveedu-exterior

രണ്ടാൺമക്കളാണ് ഞങ്ങൾക്ക്. അരുണും മിഥുനും. ഇരുവരും കുടുംബസ്ഥരാണ്. അരുൺ ബെംഗളൂരു വണ്ടർലായുടെ ചുമതല നോക്കിനടത്തുന്നു. മിഥുൻ കൊച്ചിയിൽ വിഗാർഡിന്റെ കാര്യങ്ങൾ നോക്കിനടത്തുന്നു.

chittilappily-swapnaveedu-family

തിരിഞ്ഞു നോക്കുമ്പോൾ ജീവിതം എനിക്ക് ഒരു അദ്ഭുതമായി തോന്നാറുണ്ട്. വി-ഗാർഡ് എന്ന പ്രസ്ഥാനം വളർത്തിക്കൊണ്ടു വരാൻ ഒരുപാട് കഷ്ടപ്പാടും വെല്ലുവിളികളും നേരിടേണ്ടിവന്നിട്ടുണ്ട്. യൗവനം കത്തി നിൽക്കുന്ന കാലത്ത്, ബിസിനസ് തിരക്കുകൾക്കിടയിൽ, ചിലപ്പോഴൊക്കെ, കുട്ടികളുടെയും കുടുംബത്തിന്റെയും  കാര്യങ്ങൾക്ക് വലിയ ശ്രദ്ധ കൊടുക്കാൻ കഴിയാതെ പോയിട്ടുണ്ട്. അപ്പോഴൊക്കെ വീട്ടിൽനിന്നും ലഭിച്ച പിന്തുണയാണ് ഏറ്റവും വലിയ ശക്തിയായത്. ചുരുക്കത്തിൽ വീട് തന്നെയാണ് ഒരു മനുഷ്യന്റെ വിജയത്തിന്റെ അടിത്തറ എന്നാണ് എന്റെ വിശ്വാസം.

chittilappily-swapnaveedu-balcony

യാത്ര പറഞ്ഞിറങ്ങുമ്പോൾ ഏതൊരു ബിസിനസ് പുസ്തകം വായിച്ചാലും ലഭിക്കുന്നതിനേക്കാൾ പ്രായോഗിക അറിവും അനുഭവങ്ങളുള്ള ഈ മനുഷ്യനെ അടുത്തറിഞ്ഞതിലുള്ള ചാരിതാർഥ്യം ഉള്ളിൽ നിറഞ്ഞു.

Watch in YouTube

English Summary- Kochouseph Chittilappilly Swapnaveedu Video

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA