sections
MORE

അന്ന് വീട്ടുകാർ പ്രണയം എതിർത്തു; ഇന്ന് അവരുടെ കണ്ണിലുണ്ണിയാണ് ഭർത്താവ്: രശ്മി ബോബൻ

resmi boban
SHARE

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ രശ്മി ബോബൻ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

വാടക വീടുകളിലൂടെയുള്ള ജീവിതം...

ജനിച്ചു വളർന്നത് കണ്ണൂർ കണ്ണപുരത്തുള്ള അമ്മയുടെ തറവാട്ടിലാണ്. അച്ഛൻ, അമ്മ, ഞാൻ, അനിയൻ..ഇതായിരുന്നു കുടുംബം. അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അതുകൊണ്ട് അച്ഛന്റെ സ്ഥലം മാറ്റങ്ങൾക്കനുസരിച്ച് ഞങ്ങളുടെ ജീവിതവും പറിച്ചുനടപ്പെട്ടു കൊണ്ടേയിരുന്നു. പത്തു പതിനഞ്ചു വീടുകളിലെങ്കിലും ഞങ്ങൾ മാറിമാറി താമസിച്ചിട്ടുണ്ട്. ഞാൻ അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ കണ്ണൂർ അഞ്ചാംപീടിക എന്ന സ്ഥലത്ത് ഒരു വീട് വയ്ക്കുന്നത്. പക്ഷേ  അവിടെ മൂന്നു വർഷം കഴിയാനുള്ള ഭാഗ്യമേ ഞങ്ങൾക്ക് ലഭിച്ചുള്ളൂ. അപ്പോഴേക്കും അച്ഛന് വയനാട്ടിലേക്ക് സ്ഥലം മാറ്റമായി. അവിടുന്ന് നേരെ നോർത്ത് ഇന്ത്യയിലേക്ക് സ്ഥലം മാറ്റമായി. പ്രീഡിഗ്രി കാലം ഉത്തർപ്രദേശിൽ. പിന്നെ ഡിഗ്രി ആയപ്പോൾ കോട്ടയത്തേക്ക്  വീണ്ടും സ്ഥലമാറ്റം. കോട്ടയം സിഎംഎസിൽ ഡിഗ്രി പഠിച്ചു കൊണ്ടിരിക്കുമ്പോൾ  തിരുവനന്തപുരത്തേക്ക് വീണ്ടും മാറ്റം. എന്തായാലും അതോടെ സ്ഥലം മാറ്റം തീർന്നു. ആ സമയത്ത്  ഓഡിഷൻ വഴി  ഒരു ടിവി പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടി. അതുകഴിഞ്ഞു എന്റെ ഡാൻസ് ടീച്ചർ വഴിയാണ് സീരിയലിലേക്ക് അവസരം തുറക്കുന്നത്.

അക്കാലത്തൊക്കെ നല്ല വിഷമം തോന്നിയിരുന്നു. കാരണം എവിടെയെങ്കിലും ഒന്ന് സെറ്റ് ആയി വരുമ്പോഴേക്കും കെട്ടും ഭാണ്ഡവുമെടുത്ത്  അടുത്ത സ്ഥലത്തേക്ക് പോകാനുള്ള സന്ദേശം വരും. വീട് മാത്രമല്ല, സുഹൃത്തുക്കളെയും വിട്ടു പോകേണ്ടി വരും. പക്ഷേ  ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അത്തരം അനുഭവങ്ങൾ ജീവിതത്തിൽ  ഉപകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പല സ്ഥലങ്ങളിൽ വ്യത്യസ്തരായ സുഹൃത്തുക്കളെ ലഭിച്ചു. എവിടെയും അഡ്ജസ്റ്റ് ചെയ്യാനുള്ള  കഴിവ് ലഭിച്ചു.

പ്രണയവിവാഹം..

resmi-old

ഒരു സീരിയലിന്റെ സെറ്റിൽ വച്ചാണ് ഞാനും ബോബനും പരിചയപ്പെടുന്നത്. അദ്ദേഹം അന്നവിടെ അസോസിയേറ്റായി വർക്ക് ചെയ്യുകയാണ്. പരിചയം പ്രണയമായി. ഞങ്ങൾ രണ്ടു മതക്കാരായതു കൊണ്ട് ആദ്യം രണ്ടുവീട്ടിലും സ്വാഭാവികമായും എതിർപ്പുണ്ടായി. പ്രത്യേകിച്ച് കണ്ണൂരിലെ യാഥാസ്ഥിതിക കുടുംബമായതു കൊണ്ട് എന്റെ ബന്ധുക്കൾ കൂടുതൽ പ്രശ്നമുണ്ടാക്കി. പക്ഷേ അച്ഛൻ കുറച്ചുകൂടി ലോകം കണ്ട മനുഷ്യനായിരുന്നു. അദ്ദേഹം വഴങ്ങി. ഇപ്പോൾ അന്ന് എതിർത്ത ബന്ധുക്കളുടെ കണ്ണിലുണ്ണിയാണ് എന്റെ ഭർത്താവ്..

ബോബന്റെ വേരുകൾ പത്തനംതിട്ടയാണെങ്കിലും അവർ തിരുവനന്തപുരത്തായിരുന്നു താമസം. അങ്ങനെ ഞാനും തിരുവനന്തപുരത്തുകാരിയായി. ഏഴാം ക്‌ളാസിൽ അവസാനമായി താമസിച്ച കണ്ണൂരുള്ള എന്റെ വീട്ടിൽ പിന്നീട് ഞാൻ പോകുന്നത് മൂത്ത മകന്റെ പ്രസവത്തോട് അനുബന്ധിച്ചാണ്.

സ്വന്തം വീട് ഇനി സ്വപ്നം...

മൂത്ത മകൻ ഉണ്ടായപ്പോൾ ബോബന്റെ വലിയ ആഗ്രഹമായിരുന്നു സ്വന്തം വീട്ടിൽ കൊണ്ടുവരണം എന്നത്. അതിനായി അന്നൊരു വീട് ഞങ്ങൾ വാങ്ങി. പക്ഷേ ചില സാമ്പത്തിക പ്രശ്‍നങ്ങൾ വന്നതോടെ ഞങ്ങൾ വീടിന്റെ വാസ്തു  നോക്കിച്ചു. പ്രശ്നങ്ങൾ കണ്ടതോടെ ആ വീട് വിൽക്കേണ്ടി വന്നു. പിന്നീട് വാടകവീടുകളിലാണ്  ഞങ്ങൾ കഴിഞ്ഞിരുന്നത്. ആറു വർഷം മുൻപ് 2014 ലാണ് ഞങ്ങൾ കൊച്ചി കൊച്ചി വാഴക്കാലയിൽ  ഒരു ഫ്ലാറ്റ് എടുത്തു താമസം മാറുന്നത്.

പക്ഷേ  ഇപ്പോഴും അൽപം മുറ്റവും തൊടിയുമൊക്കെയുള്ള ഒരു വീട് ഞങ്ങളുടെ സ്വപ്നമാണ്. വീട് ഒരു യോഗമാണെന്നു പറയാറില്ലേ. നമ്മുടെ കയ്യിൽ ഒതുങ്ങുന്ന ആർഭാടമൊന്നുമില്ലാത്ത ഒരു കുഞ്ഞുവീട്. അടുത്ത രണ്ടു മൂന്നു വർഷത്തിനുള്ളിൽ അത് സഫലമാക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ.

കുടുംബം...

resmi-boban

ഭർത്താവ് ബോബൻ സാമുവൽ. റോമൻസ് എന്ന ചിത്രം സംവിധാനം ചെയ്താണ് ശ്രദ്ധിക്കപ്പെട്ടത്. ഈ വർഷം  അൽ മല്ലു എന്ന ചിത്രവും സംവിധാനവും ചെയ്തിരുന്നു. മൂത്ത മകൻ നിധീഷ്. ഇപ്പോൾ ബെംഗളൂരുവിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുന്നു. ഇളയ മകൻ ആകാശ്. ഇപ്പോൾ ഒൻപതാം ക്‌ളാസിൽ പഠിക്കുന്നു.

English Summary- Resmi Boban House Memories

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA