sections
MORE

വീടിനെ ഈശ്വരൻ കാത്തു; എല്ലാവരുടെയും സ്നേഹത്തിന് നന്ദി: രജിത് കുമാർ

rejith-sir-house
SHARE

അധ്യാപകനും എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായ രജിത് കുമാർ ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട രജിത് സാറാണ്. സോഷ്യൽ മീഡിയയിൽ വലിയ ജനപിന്തുണയാണ് ഇന്ന് ഇദ്ദേഹത്തിനുള്ളത്. കഷ്ടപ്പാടിന്റെ കാലങ്ങൾ താണ്ടി ഉന്നതബിരുദങ്ങൾ സ്വന്തമാക്കിയ രജിത് തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

വീടിനെ കാത്ത ഈശ്വരന്റെ കരങ്ങൾ..

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും അയൽവീട്ടിലെ പ്ലാവ് കടപുഴകി എന്റെ വീടിന്റെ മേൽക്കൂരയ്ക്ക് മേൽ വീണു. ഞാൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട ശേഷം ധാരാളം പേർ എന്നെ വിളിക്കുകയും മെസേജ് അയയ്ക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ചിലർ തങ്ങളുടെ വീട്ടിലേക്ക് താമസിക്കാൻ ക്ഷണിക്കുക പോലുംചെയ്തു.

ഈ സംഭവത്തിലും ഈശ്വരന്റെ ഒരു കരുതൽ ഞാൻ കാണുന്നു. ആ പ്ലാവ് നേരെ വീണിരുന്നെങ്കിൽ പഴയ ഓടിട്ട വീട് പൂർണമായി തകർന്നേനെ. ഇത് ഏതോ അദൃശ്യ കരങ്ങൾ കൊണ്ട് തട്ടിമാറ്റിയ പോലെ അടുക്കളയുടെ ചായ്പ്പിലേക്ക് മരം ചരിയുക മാത്രമാണ് ചെയ്തത്. അവിടുള്ള കുറച്ചു മേൽക്കൂരയും കഴുക്കോലും തകർന്നു, പഴയ ഭിത്തി വിണ്ടുകീറി എന്നല്ലാതെ മറ്റു പ്രശ്നങ്ങളില്ല. ആരോടും പരാതിയുമില്ല. മരം ഇപ്പോൾ വെട്ടിമാറ്റി, ഇന്നുതന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. കണ്ണിൽകൊള്ളാനുള്ളത് പുരികത്ത് കൊണ്ടുപോയി എന്നുപറയുംപോലെ ഈശ്വരാധീനം കൊണ്ട് മറ്റ് ആപത്തുകൾ ഒന്നുമുണ്ടായില്ല. എല്ലാവരുടെയും സ്നേഹാന്വേഷണങ്ങൾക്ക് നന്ദി. 

ജീവനാണ് ഈ വീട്...

rejith-kumar-sir

ഈ വീട് എനിക്ക് വലിയൊരു നൊസ്റ്റാൽജിയയാണ്. ഏകദേശം 45 വർഷങ്ങൾക്ക് മുൻപ് എന്റെ അമ്മ പണിത വീടാണിത്. എന്റെ ബാല്യകാലസ്മരണകൾ ഇപ്പോഴും നിറയുന്ന വീട്. അതുകൊണ്ടാണ് മറ്റൊരു വീട് വച്ചു മാറാനുള്ള സാഹചര്യം ഉണ്ടായിട്ടുകൂടി അതിന് ശ്രമിക്കാത്തത്. എനിക്ക് കോളജ് ജോലി കിട്ടിയ ശേഷം പഴയ വീടിനു മുന്നിലേക്ക് വാർത്ത മേൽക്കൂരയുള്ള രണ്ടു മുറികൾ കൂട്ടിച്ചേർക്കുക മാത്രമാണ് ഇത്രയും കാലത്തിനിടെ വന്ന മാറ്റം. ഞാൻ ജീവിതത്തിൽ ഇനിയൊരു വീട് വയ്ക്കില്ല. ഇവിടെത്തന്നെ ജീവിച്ചു മരിക്കണം എന്നാണ് ആഗ്രഹം.

അമ്മ എന്ന പോരാളി...

നന്നേ ചെറുപ്പത്തിൽത്തന്നെ എനിക്ക് അച്ഛൻ നഷ്ടപ്പെട്ടു. എനിക്ക് വേണ്ടിയാണ് പിന്നീട് അമ്മ ജീവിച്ചത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്നു അമ്മ. തുച്ഛമായ ശമ്പളം കൊണ്ട് കഷ്ടപ്പെട്ടാണ് അമ്മ എന്നെ വളർത്തിയത്. ഞാൻ പഠനത്തിൽ സമർഥനായിരുന്നത് കൊണ്ട് എത്ര കഷ്ടപ്പെട്ടാലും ഉയർന്ന വിദ്യാഭ്യാസം നൽകണമെന്ന് അമ്മയ്ക്ക് വാശിയുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ഉന്നതബിരുദങ്ങൾ ഓരോന്നായി കരസ്ഥമാക്കിയത്.

അമ്മ കഴിഞ്ഞ മെയ് മാസം എന്നെ തനിച്ചാക്കി ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. മരിക്കും മുൻപ് അമ്മ എന്നോട് ആവശ്യപ്പെട്ട ഒരുകാര്യം ഇനി നിവർത്തിക്കാനുണ്ട്. പുതിയ ഒരു കാർ വാങ്ങണം. 15 വർഷം മുൻപ് സ്വന്തമാക്കിയ ഒരു സാൻട്രോ കാറാണ് എന്റെ രണ്ടാം വീട്. നിരന്ത യാത്രകളായിരുന്നു ജീവിതം. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഞാൻ അതിലാണ് ഡ്രൈവ് ചെയ്ത് പോയിരുന്നത്. ഇപ്പോൾ അതിന് പ്രായത്തിന്റെ അവശതകളായി. അമ്മയ്ക്ക് ഞാൻ പഴയ കാറുമായി കഷ്ടപ്പെടുന്നത് വിഷമമായിരുന്നു. മരിക്കുന്നതിന് മുൻപ് അമ്മ കുറച്ചു പെൻഷൻ കാശ് എന്റെ കയ്യിൽ തന്നിട്ട് പുതിയ കാർ ബുക്ക് ചെയ്യാൻ പറഞ്ഞതാണ്. പക്ഷേ ഞാൻ ഉഴപ്പിക്കളഞ്ഞു. ഇനി അമ്മ ആഗ്രഹിച്ചിരുന്നത് പോലെ ഒരു വലിയ കാർ വാങ്ങണം.

കൊറോണക്കാലം...

rejith-sir

കഴിഞ്ഞ രണ്ടുമാസമായി ഞാൻ വീട്ടിൽത്തന്നെയാണ്. വായനയും എഴുത്തുമാണ് പ്രധാന പരിപാടി. എന്റെ ജീവിതകഥ എഴുതാനുള്ള ഒരു പദ്ധതിയുമുണ്ട്. ഞാൻ രചിച്ച പുസ്തകങ്ങൾ ഈ കാലയളവിൽ വീണ്ടും വായിച്ചു നോക്കി. പിന്നെ ഫെയ്‌സ്ബുക്കിലൂടെ എന്നെ സ്നേഹിക്കുന്നവരുമായി നിരന്തരം സംവദിക്കുന്നു. കുട്ടികൾക്ക് പഠനസഹായം അടക്കമുള്ള സാമൂഹികസേവനങ്ങളും ചെയ്യുന്നു. മറ്റാരിൽ നിന്നും ധനസഹായം സ്വീകരിക്കാതെ എന്റെ സമ്പാദ്യം കൊണ്ടാണ് ഇത് ചെയ്യുന്നത്. ഈ സമയത്ത് കഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. എല്ലാം വേഗം പൂർവസ്ഥിതിയിലാകാൻ പ്രാർഥിക്കുന്നു.

English Summary- Rejith Kumar House Damaged Home Memories Exclusive

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA