ADVERTISEMENT

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് റോൺസൺ വിൻസന്റ്. ഭാര്യ എന്ന സീരിയലിലെ നായകവേഷത്തിലൂടെയാണ് റോൺസൺ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയത്. പിന്നീട് സീത, അരയന്നങ്ങളുടെ വീട് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. ഇടയ്ക്ക് തെലുങ്ക്, മലയാളം സിനിമകളിലും മുഖം കാണിച്ചു. റോൺസൺ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

 

സിനിമാതറവാട്...

കോഴിക്കോടാണ് അച്ഛന്റെ തറവാട് എങ്കിലും ഞാൻ ജനിച്ചു വളർന്നതെല്ലാം ചെന്നൈയിലാണ്. അച്ഛൻ, അമ്മ, ചേച്ചി, ഞാൻ. ഇതായിരുന്നു കുടുംബം.  അച്ഛൻ റോണി വിൻസന്റ് പഴയകാല  നടനാണ്. അച്ഛന്റെ സഹോദരൻ വിൻസന്റ് നീലക്കുയിൽ അടക്കമുള്ള സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു. എന്റെ മുത്തച്ഛൻ ജോർജ് വിൻസന്റാണ് കോഴിക്കോട്ടെ ആദ്യ സ്റ്റുഡിയോ ആയ ചിത്ര സ്റ്റുഡിയോ സ്ഥാപിച്ചത്. ഇന്നത്തെ പ്രശസ്തമായ പാരഗൺ ഹോട്ടൽ ഇരിക്കുന്ന സ്ഥാനത്തായിരുന്നു അന്നത്തെ സ്റ്റുഡിയോ.

 

മാറി വന്ന വീടുകൾ...

ഞാനിപ്പോൾ താമസിക്കുന്നത് എന്റെ ആറാമത്തെ വീട്ടിലാണ്. ഒരുപാട് വീടുകൾ മാറിവന്നതുകൊണ്ട് വീടുകളോട് വിശേഷിച്ച് സെന്റിമെന്റ്സ് ഒന്നുമില്ല. അച്ഛൻ ചെന്നൈയിൽ ഒരു വീട് വച്ചിരുന്നു. അവിടെയാണ് എന്റെ ചെറുപ്പകാലത്തെ കൂടുതലും കഴിഞ്ഞത്. അച്ഛൻ ചെന്നൈയിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.  പിന്നീട് അവിടെ നിന്ന് കോഴിക്കോട്ടേക്ക് സ്ഥലം മാറിയതോടെ വീട് വിറ്റു. ഞങ്ങൾ തിരികെ നാട്ടിലെത്തി. പിന്നെ അച്ഛൻ ജോലി രാജിവച്ച് കൺസ്ട്രക്‌ഷൻ ബിസിനസിലേക്ക് തിരിഞ്ഞു. 

roonson

വീടുകൾ വയ്ക്കുക, കുറച്ചുകാലം താമസിക്കുക, വിൽക്കുക. ഈയൊരു പ്രക്രിയ പിന്നീടിങ്ങോട്ട് ആരംഭിക്കുകയായിരുന്നു. ഞങ്ങൾ നിർമിക്കുന്നത് വ്യത്യസ്തമായ തീം ഉള്ള വീടുകളാണ്. ഞങ്ങൾ തന്നെ അതിന്റെ ആദ്യ ഉപഭോക്താക്കളാകും. എന്നിട്ട് വിൽക്കും. ഇതാണ് രീതി. 

ronson-wall-art

 

ronsonn

മിനിസ്ക്രീനിലേക്ക്...

സിനിമാതറവാട്ടിൽ ജനിച്ച എനിക്ക് സ്വാഭാവികമായും അഭിനയത്തോട് മോഹമുണ്ടായിരുന്നു. പഠനമെല്ലാം കഴിഞ്ഞ ശേഷമാണ് അതിലേക്കിറങ്ങിയത്. സീരിയലുകളിൽ തുടങ്ങിയ ഞാൻ പിന്നീട് തെലുങ്ക് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനിടയ്ക്കാണ് വീണ്ടും മലയാളത്തിൽ അവസരം വന്നത്. ഭാര്യ, സീത, അരയന്നങ്ങളുടെ വീട് എന്നീ സീരിയലുകൾ ശ്രദ്ധിക്കപ്പെട്ടു. പിന്നെ അഭിനയത്തോടൊപ്പം ഞാൻ ഒരു ബിസിനസ് മാൻ കൂടിയാണ്. അച്ഛന്റെ കൺസ്ട്രക്ഷൻ ബിസിനസും നോക്കിനടത്തുന്നു. ഞാൻ അത്യാവശ്യം ഇന്റീരിയർ ഡിസൈനിങ്, വോൾ ആർട് എന്നിവയും ചെയ്യാറുണ്ട്, 

ronson-marriage

 

ronson-wife-family
ഭാര്യവീട്ടിൽ കുടുംബത്തോടൊപ്പം

ഏഴാമത്തെ വീടും കൊറോണയും...

സീരിയൽ ഷൂട്ടിങ് കൂടുതലും കൊച്ചി, തിരുവനന്തപുരം ആയപ്പോൾ കോഴിക്കോട് നിന്ന് പോക്കുവരവ് ബുദ്ധിമുട്ടായി. അങ്ങനെ ഞങ്ങൾ കൊച്ചിയിലേക്ക് താമസം മാറി. വാടകവീട്ടിലാണ്. ചോറ്റാനിക്കരയ്ക്കടുത്ത് സ്ഥലം വാങ്ങി പുതിയ വീട് പണിതുകൊണ്ടിരിക്കുകയായിരുന്നു.ഒരുവിധം പണികൾ തീർന്നു. ഈ മാസം കയറിത്താമസിക്കാൻ ഇരുന്നതാണ്. അപ്പോഴാണ് കൊറോണയുടെ വരവ്. അതോടെ ബംഗാളികൾ എല്ലാം ലോക്കായി. ഫിനിഷിങ് പണികൾ നിന്നു. മുഴുവൻ വൈറ്റ് തീമിലാണ് പുതിയ വീട്. ഭിത്തി മുതൽ ഫർണിച്ചർ വരെ വെള്ളനിറത്തിലാണ്. ലോക്ഡൗൺ കഴിഞ്ഞു ഫിനിഷിങ് പണികൾ തീർത്ത് താമസം മാറാൻ കാത്തിരിക്കുകയാണ് ഞങ്ങൾ. പക്ഷേ ഇതോടെ വീടുമാറൽ നിൽക്കും എന്നൊന്നും പ്രതീക്ഷയില്ല. കുറേക്കാലം കഴിയുമ്പോൾ ഈ വീടും ഞങ്ങൾ വിൽക്കുമായിരിക്കും. പൊതുവെ എല്ലാവർക്കും  വീടുമാറൽ തലവേദനയാണ്. പക്ഷേ ഞങ്ങൾക്കത് ഇപ്പോൾ ഒരു ഹരമാണ്.

 

കുടുംബം..

എന്റെ വിവാഹം കഴിഞ്ഞിട്ടു രണ്ടു മാസം ആകുന്നതേയുള്ളൂ. ഭാര്യ നീരജ ഡോക്ടറാണ്. അവൾ ഇത്രയും കാലം ഒരേ വീട്ടിലാണ് ജനിച്ചു വളർന്നത്. അതുകൊണ്ട് വീടിനോട് സെന്റിമെന്റ്സ് ഉള്ള കൂട്ടത്തിലാണ്.

കൊറോണക്കാലത്ത് ഏറ്റവും വിഷമിപ്പിക്കുന്നത് ജിം ഇല്ലാത്തതാണ്. കഷ്ടപ്പെട്ടു ഉണ്ടാക്കിയെടുത്ത ഫിറ്റ്നസ് പരിപാലിച്ചില്ലെങ്കിൽ നഷ്ടമാകുമോ എന്ന പേടിയുണ്ട്. എങ്കിലും വീട്ടിൽ അത്യാവശ്യം വർക്ക്ഔട്ട് ചെയ്ത് അത് പരിഹരിക്കുന്ന തിരക്കിലാണ്.

English Summary- Ronson Vincent Actor Home Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com