ADVERTISEMENT

ഒരുകാലത്ത് മിമിക്രി വേദികളിലും മിനിസ്ക്രീനിലും പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടിച്ച കലാകാരനാണ് സാജു കൊടിയൻ. മുൻപ്രധാനമന്ത്രി വാജ്പേയിയുടെ അപരനായി സ്റ്റേജുകളിൽ ചിരിമഴ പെയ്യിച്ചു സാജു. കൂടാതെ ആമിനതാത്ത പോലെയുള്ള വേഷങ്ങളും ഹിറ്റായി. സാജു ചിരിയുടെ നനവുള്ള തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

 

ഓർമവീട്..

ആലുവയാണ് സ്വദേശം. അപ്പൻ അന്തോണി, അമ്മ ത്രേസ്യാക്കുട്ടി, ഞങ്ങൾ 5 മക്കൾ. ഇതായിരുന്നു കുടുംബം. ഏറ്റവും ഇളയവനായിരുന്നു ഞാൻ. അപ്പന് കൂലിപ്പണിയായിരുന്നു. കഷ്ടപ്പാട് ഉണ്ടായിരുന്നെങ്കിലും എങ്കിലും അപ്പൻ നന്നായി കുടുംബം നോക്കുമായിരുന്നു. അന്നത്തെക്കാലത്തും അഞ്ചാറ് മുറികളുള്ള ഓടിട്ട വീടായിരുന്നു ഞങ്ങളുടേത്. പിന്നീട് പെങ്ങന്മാരെ കെട്ടിച്ചയച്ചു, സഹോദരന്മാർ വേറെ വീട് വച്ചു മാറി. ഞാൻ തറവാട് പൊളിച്ചു പുതിയ വീട് പണിതു. 16 വർഷമായി ആ വീട്ടിലാണ് ഞാൻ കുടുംബസമേതം താമസിക്കുന്നത്.

 

മിമിക്രിയിലേക്ക്..

saju-kodian-house

അമച്വർ നാടകം വഴിയാണ് എന്റെ കലാജീവിതം തുടങ്ങുന്നത്. പിന്നീട് ഹരിശ്രീ അടക്കം നിരവധി ട്രൂപ്പുകളുടെ ഭാഗമായി. മിനിസ്‌ക്രീനിൽ അവവതരിപ്പിച്ച പരിപാടികൾ ഹിറ്റായി. അങ്ങനെ സിനിമകളിലും മുഖം കാണിച്ചു. ആമിനതാത്തയും, മുൻപ്രധാനമന്ത്രി വാജ്പേയിയുമായിരുന്നു എന്റെ ഹിറ്റ് ഐറ്റങ്ങൾ. ഗായിക ഉഷ ഉതുപ്പിന്റെ ഡ്യൂപ്പിനും കയ്യടി ലഭിച്ചു. ഇപ്പോഴും പ്രേക്ഷകർ അതോർത്തിരിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്.

 

വീടുപണിത രസകരമായ കഥ...

ഞാൻ മിമിക്രി വഴി സിനിമയിലെത്തിയ സമയം. മൂന്നോ നാലോ സിനിമകളേ അപ്പോൾ ചെയ്തിട്ടുള്ളൂ. അപ്പന്റെ വിചാരം സിനിമാക്കാരനായപ്പോൾ എന്റെ കയ്യിൽ പൂത്ത കാശു കാണുമെന്നാണ്. ഇളയ മകനായതുകൊണ്ട് തറവാട് എനിക്കാണ്. തറവാട് കാലപ്പഴക്കം കൊണ്ട് ചോർച്ച തുടങ്ങിയിരുന്നു. അപ്പൻ നയത്തിൽ പുതിയ വീട് പണിയാനുള്ള പദ്ധതി അവതരിപ്പിച്ചു. ഒട്ടിയ പോക്കറ്റിന്റെ കാര്യം എനിക്കല്ലേ അറിയൂ.. ഞാൻ ഇപ്പോൾ പണിക്കാരെ കിട്ടാനില്ലപ്പാ എന്നുപറഞ്ഞൊഴിഞ്ഞു...

saju-kodan-family

അടുത്ത മാസം ഒരു ഞായറാഴ്ച, ഞാൻ സ്റ്റേജ് ഷോകൾ കഴിഞ്ഞു വീട്ടിലെത്തിയ സമയം. എവിടുന്നോ പൊട്ടിമുളച്ച പോലെ കുറെ പണിക്കാർ വീട്ടിലെത്തി, വീട് പൊളിക്കാൻ തുടങ്ങി. അപ്പൻ സംഘടിപ്പിച്ചതാണ്. ഉച്ചയായപ്പോൾ അന്ന് രാവിലെ വരെ ഞാൻ കിടന്നുറങ്ങിയ പുര പൊളിച്ചുകഴിഞ്ഞു! അപ്പൻ എന്നെ നോക്കി വിജയീഭാവത്തിൽ ചിരിച്ചു. അങ്ങനെ വീടുപണി എന്റെ ചുമലിലായി.

ആദ്യം പറമ്പിൽ ഒരു ഷെഡ് കെട്ടി ഞങ്ങൾ താമസം തുടങ്ങി. പിന്നെ വാടകവീട്ടിലേക്ക് മാറി. എന്റെ കയ്യിൽ അന്ന് ആകെയുള്ളത് മുപ്പതിനായിരം രൂപയാണ്. അതുവച്ച് തറ കെട്ടിയിട്ടു. ഈശ്വരന്റെ കരുണ കൊണ്ട് ആ സമയത്ത് എനിക്കൊരു ഗൾഫ് ഷോ അടക്കം കുറെ സ്റ്റേജ് പ്രോഗ്രാമുകൾ തരപ്പെട്ടു. അങ്ങനെ 6 മാസം കൊണ്ട് 5 ലക്ഷം രൂപയ്ക്ക് ഞാൻ ഒരു പുതിയ വീട് പണിതു. ഞാനും ഭാര്യയും വീടിന്റെ പണികളിൽ നേരിട്ട് അധ്വാനിച്ചിട്ടുണ്ട്. അങ്ങനെ അഭിമാനത്തോടെ ഞങ്ങൾ താമസമായി. പിന്നീട് പല ഘട്ടങ്ങളിലായി പണം വരുന്ന മുറയ്ക്ക് വീട് വികസിച്ചു. മുകളിലേക്ക് മുറികൾ കൂട്ടിയെടുത്തു. അങ്ങനെ ഇന്നുകാണുന്ന രണ്ടുനില വീട്ടിലേക്കെത്തി. ഇന്നോർക്കുമ്പോൾ കോമഡിയാണെങ്കിലും അന്ന് അപ്പൻ മുൻകൈയെടുത്തത് കൊണ്ട് പുതിയ വീട് പണിതു. ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ ചെലവ് വച്ച് അത് നടന്നെന്നു വരില്ലായിരുന്നു.

കുടുംബം, കൊറോണക്കാലം...

ഭാര്യ മിനി വീട്ടമ്മയാണ്. മകൾ അഞ്ജന എഞ്ചിനീയറിങ്ങിന് പഠിക്കുന്നു. മകൻ അഞ്ജിത്ത് പത്താം ക്‌ളാസിൽ പഠിക്കുന്നു . കൊറോണക്കാലം വീട്ടിൽ ക്രിയേറ്റീവ് ആയി ചെലവഴിക്കുകയാണ്. മഴവിൽ മനോരമയുടെ സ്നേഹപൂർവം വീട്ടിൽ എന്ന പരിപാടിക്ക് വേണ്ടി സ്കിറ്റ് അവതരിപ്പിച്ചിരുന്നു. വേറെ മൂന്നു സ്കിറ്റുകളും യൂട്യൂബിൽ ഇട്ടിരുന്നു. അത് ഒരുപാട് പേര് കാണുകയും നല്ല അഭിപ്രായം പറയുകയും ചെയ്തു.

കൊറോണ ഏറ്റവുമധികം ബാധിച്ചതിൽ ഒരു വിഭാഗം ഞങ്ങളെപ്പോലെയുള്ള കലാകാരന്മാരാണ്. കാരണം ഞങ്ങൾ ആൾക്കൂട്ടം കൊണ്ട് ജീവിക്കുന്നവരാണ്. സിനിമയായാലും സ്റ്റേജ് പ്രോഗ്രാം ആയാലും.. ആ പഴയ ആൾകൂട്ടം മടങ്ങി വരുന്ന കാലത്തിലേക്കായി കാത്തിരിക്കുന്നു.

English Summary- Saju Kodiyan House Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com