ADVERTISEMENT

ലോക്ഡൗൺ കാലത്ത് എല്ലാവരും വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ഒതുങ്ങിയപ്പോൾ സമൂഹത്തിലേക്കിറങ്ങി സേവനം ചെയ്ത് ശ്രദ്ധ നേടിയവരാണ് നടൻ വിനു മോഹനും ഭാര്യ വിദ്യയും. മോഹൻലാൽ അടക്കം നിരവധി പ്രമുഖർ ഇവരുടെ സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. വിനു മോഹൻ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

 

vinu-mohan-family

സിനിമാ തറവാട്..

ഞാൻ ജനിച്ചത് കൊട്ടാരക്കരയുള്ള അമ്മയുടെ തറവാട്ടിലാണ്. മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായർ അക്കാലത്ത് മലയാളത്തിലെ സുപ്രസിദ്ധമായ നടനായിരുന്നു. എനിക്ക് മാസങ്ങൾ പ്രായമുള്ളപ്പോൾ മുത്തച്ഛൻ മരിച്ചു. അതുകൊണ്ട് അങ്ങനെ ഓർമകളില്ല. അമ്മ ശോഭ മോഹനും അമ്മാവൻ സായ്‌കുമാറും അടക്കം സിനിമാതാരങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു.

ഞാൻ വളർന്നത് കരുനാഗപ്പിള്ളിയിലുള്ള അച്ഛന്റെ മോഹന്റെ വീട്ടിലാണ്. അച്ഛന് നാടകട്രൂപ്പ് ഉണ്ടായിരുന്നു. അന്ന് വീട്ടിലാണ് റിഹേഴ്സൽ ക്യാമ്പ്. അതുകൊണ്ട് എപ്പോഴും വീട്ടിൽ ആൾത്തിരക്ക് കാണും. അങ്ങനെ നാടകം കണ്ടുവളർന്ന എന്റെ മനസിൽ അഭിനയത്തോട് ഇഷ്ടം തോന്നുക സ്വാഭാവികമാണല്ലോ..

എന്റെ സ്‌കൂൾ കാലഘട്ടത്തിൽ അമ്മ മിനിസ്‌ക്രീനിൽ സജീവമായിരുന്നു. ഷൂട്ട് തിരുവനന്തപുരത്താണ്. അങ്ങനെ ഞാൻ പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ഞങ്ങൾ തിരുവനന്തപുരത്തേക്ക് വാടകവീടെടുത്ത് താമസം മാറി. പിന്നീട് ദീർഘവർഷങ്ങൾ അവിടെയായിരുന്നു. പിന്നീട് 2005ൽ അനിയൻ അനു കോളജ് പഠനത്തിനായി എറണാകുളത്തേക്ക് പോയി. അവന് ഹോസ്റ്റലിൽ നിൽക്കാൻ ബുദ്ധിമുട്ടായപ്പോൾ ഞങ്ങൾ കുടുംബമായി കൊച്ചിയിലേക്ക്  ചേക്കേറി. ആദ്യം ഒരു വാടകവീട്ടിലേക്കും പിന്നെ വാടകഫ്‌ളാറ്റിലേക്കും താമസം മാറി.

vinu-mohan-flat

 

നൊമ്പരമായി ഈ ഫ്ലാറ്റ്..

vinu-mohan-and-wife-helps-poor-people-in-streets

2011 ൽ ഞങ്ങൾ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങി. അച്ഛനായിരുന്നു ഫ്ലാറ്റിന്റെ ഫർണിഷിങ് മേൽനോട്ടം. താമസം മാറാൻ കുറച്ചു ദിവസം ബാക്കി നിൽക്കെയാണ് അച്ഛന്റെ വിടവാങ്ങൽ. ജീവിതം കീഴ്മേൽ മറിയുന്നത് പോലെതോന്നി. അച്ഛനായിരുന്നു എന്റെ ബലം. ഞാൻ സജീവമായി സിനിമ ചെയ്യുന്ന സമയമാണ്. അച്ഛൻ പോയതോടെ ഞങ്ങളുടെ ജീവിതത്തിൽ വലിയൊരു ശൂന്യത നിഴലിച്ചു. കമ്മിറ്റ് ചെയ്ത കുറെ സിനിമകളിൽ നിന്നും ഞാൻ പിന്മാറി. പൊരുത്തപ്പെടാനും തിരിച്ചു അഭിനയം  തുടരാനും സമയമെടുത്തു. ഇപ്പോൾ അച്ഛന്റെ ഓർമ കൂടിയാണ് ഈ ഫ്ലാറ്റ്. അനിയൻ അനുവും കുടുംബവും ഇപ്പോൾ കൊച്ചിയിൽ തന്നെ മറ്റൊരു ഫ്ലാറ്റിലുണ്ട്. അമ്മ രണ്ടിടത്തും മാറിനിൽക്കുന്നു.

 

ലോക്ഡൗൺ കാലത്തെ നന്മ...

എന്റെ പഠനകാലത്താണ് തെരുവോരം മുരുഗനെ പരിചയപ്പെടുന്നത്. അന്നുമുതൽ തെരുവോരത്തിന്റെ പ്രവർത്തങ്ങളിൽ ഭാഗമാണ്. ഇപ്പോൾ വിദ്യയും എനിക്കൊപ്പമുണ്ട്. ഈ ലോക്ഡൗൺ കാലത്ത് മധ്യകേരളത്തിലെ ജില്ലകളിൽ തെരുവോരം പ്രവർത്തനത്തിന്റെ ഭാഗമായി ചെല്ലാൻ കഴിഞ്ഞു. ഉപേക്ഷിക്കപ്പെട്ടു തെരുവിൽ കഴിയുന്നവരെ കുളിപ്പിച്ചു വൃത്തിയാക്കി, ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ സുരക്ഷിതത്വത്തിലാക്കാൻ കഴിഞ്ഞു. മോഹൻലാൽ അടക്കം നിരവധി പേരുടെ  അഭിനന്ദനം ലഭിച്ചത്  വലിയ പ്രോത്സാഹനമായി...

English Summary- Vinu Mohan Home Lockdown Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com