മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അരുൺ രാഘവൻ എന്ന നടൻ. ഒരു സീരിയലിൽ വൈവിധ്യമാർന്ന 9 വേഷങ്ങളാണ് അരുൺ അവതരിപ്പിച്ചത്. നായകനായും വില്ലനായും വേഷപ്പകർച്ച നടത്തിയ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിലെ സ്ത്രീപദം എന്ന സീരിയലിലെ വേഷവും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അരുൺ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു..
പണി തീരാത്ത വീട്..
തൃശൂരാണ് സ്വദേശം. അച്ഛൻ രാഘവന് സ്റ്റുഡിയോ ബിസിനസായിരുന്നു. രണ്ടു സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്. അമ്മ ശ്രീദേവി വീട്ടമ്മയും. എനിക്കൊരു സഹോദരൻ- അനൂപ്. ഇതായിരുന്നു കുടുംബം.

എന്റെ ഏഴ് വയസുവരെ അച്ഛന്റെ തറവാട്ടിലാണ് താമസിച്ചിരുന്നത്. അതൊരു ഓടിട്ട പഴയ വീടായിരുന്നു. പിന്നീട് കാലപ്പഴക്കം മൂലം ആ വീട് പൊളിച്ചു കളഞ്ഞു. അവിടെത്തന്നെ ഇരുനില വീട് വച്ചു. കഴിഞ്ഞ 25 വർഷമായി അതുതന്നെയാണ് എന്റെ വീട്. സുഖദുഃഖങ്ങൾ പങ്കുവച്ച വീട്. ധാരാളം പറമ്പും കൃഷിയും കുളവുമൊക്കെയുണ്ട്. എന്റെ ബാല്യകാല ഓർമകൾ പലതും ആ കുളത്തിലെ നീരാട്ടിലും കളികളിലുമായിരുന്നു. അന്നൊക്കെ അവധിക്കാലത്ത് രാവിലെ പറമ്പിലേക്കിറങ്ങിയാൽ, ഉച്ചയ്ക്ക് അമ്മ വടിയുമായി എത്തുമ്പോഴാണ് വീട്ടിലേക്ക് കേറുക.
എല്ലാ വർഷവും വീട്ടിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകളോ പരിഷ്കാരങ്ങളോ അച്ഛൻ നടത്തും. നിർമിച്ച സമയത്ത് തേക്കാത്ത ടെറാക്കോട്ട ഭിത്തികളായിരുന്നു. പിന്നീട് ഭിത്തി തേച്ചു. അച്ഛന് അന്നേ ഒരു അംബാസിഡർ കാറുണ്ട്. അതിനായി ഒരു കാർ പോർച്ചും വീടിന്റെ ഭാഗമായിരുന്നു. പിന്നീട് ഞാൻ സ്വന്തമായി വണ്ടി വാങ്ങിയപ്പോൾ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാകത്തിൽ പോർച്ച് പരിഷ്കരിച്ചു. പഴയ പോർച്ച് വീടിന്റെ മുറിയാക്കി കൂട്ടിച്ചേർത്തു. എന്നിട്ട് പുതിയ വിശാലമായ പോർച്ച് പണിതു. അനിയന്റെ വിവാഹത്തോടനുബന്ധിച്ച് വീട് പിന്നെയും മുഖം മിനുക്കി. ലാൻഡ്സ്കേപ് ഒരുക്കി. അങ്ങനെ ഇനി അച്ഛന്റെ വക അടുത്ത മുഖംമാറ്റം എന്താകും എന്ന് കാത്തിരിക്കുകയാണ് ഈ വീട്.

മിനിസ്ക്രീനിലേക്ക്...
ഞാൻ പഠനം കഴിഞ്ഞു 7 വർഷം ഐടി പ്രഫഷനലായി മുംബൈയിലും ബെംഗളൂരുവിലും ജോലിനോക്കി. അഭിനയം വിദൂരസ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു. ആ സമയത്താണ് എന്റെ ഒരു ബന്ധു ഒരു സീരിയലിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നുചോദിക്കുന്നത്. അങ്ങനെ വെറുതെ ഒരു രസത്തിന് ഓഡിഷന് പോയതാണ്. 'ഭാര്യ' സീരിയലിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങൾ വന്നുതുടങ്ങി. അങ്ങനെ ജോലി രാജി വച്ച് അഭിനയം പ്രൊഫഷനാക്കാൻ തീരുമാനിച്ചു. അന്ന് നല്ല ശമ്പളമുള്ള ജോലി രാജിവയ്ക്കാൻ പോയപ്പോൾ അടുപ്പമുള്ളവർ എതിർത്തു. പക്ഷേ ഭാര്യ പൂർണ പിന്തുണ നൽകി. അങ്ങനെയാണ് അഭിനയ രംഗത്തേക്ക് പൂർണമായും എത്തുന്നത്.
കുടുംബം, കൊറോണക്കാലം..
ഭാര്യ ദിവ്യ റെയിൽവേ ഉദ്യോഗസ്ഥയാണ്. ഇപ്പോൾ കൊച്ചി ഡിഎംആർസിയിൽ ഡെപ്യുട്ടേഷനിൽ ജോലിചെയ്യുന്നു. മകൻ ധ്രുവ് എൽകെജിയിൽ പഠിക്കുന്നു. ഞങ്ങൾ കൊച്ചിയിൽ ഒരു വാടകഫ്‌ളാറ്റിലാണ് ഇപ്പോൾ താമസിക്കുന്നത്. ഞങ്ങളുടെ പ്രണയവിവാഹമായിരുന്നു. ദിവ്യ ജനിച്ചു വളർന്നത് മുംബൈയിലാണ്. എന്റെ അകന്ന ബന്ധുകൂടിയാണ്. ഞാൻ ബെംഗളുരുവിൽ ജോലി ചെയ്യുന്ന സമയത്തു ഒരു തവണ കണ്ടപ്പോൾ മൊട്ടിട്ട പ്രണയം വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹത്തിലെത്തുകയായിരുന്നു.
കൊറോണക്കാലം ആദ്യം തൃശൂർ തറവാട്ടിലായിരുന്നു. കഴിഞ്ഞ നാലു വർഷത്തിനിടെ ഏറ്റവും കൂടുതൽ കാലം വീട്ടിൽനിന്നത് ഇപ്പോഴാണ്. അവിടെ പറമ്പും കൃഷിയും വീട്ടുകാരുമായി സന്തോഷമായിരുന്നു. ഇപ്പോൾ ഭാര്യ ജോലിക്ക് കയറിയതോടെ വീണ്ടും കൊച്ചി ഫ്ലാറ്റിലേക്ക് വന്നു. ഇവിടെ ആകെയൊരു വീർപ്പുമുട്ടലാണ്. വീണ്ടും ഷൂട്ടിങ് ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ് ഞാൻ..
English Summary- Arun Raghavan Serial Actor house Memories