ADVERTISEMENT

ഫോറൻസിക്കിലെ കുട്ടി സൈക്കോയായി പ്രേക്ഷകരെ ഞെട്ടിച്ച അരൂണാംശു ദേവിന് വീടിനെപ്പറ്റി ചോദിച്ചാൽ പറയാൻ നൂറുനാവാണ്. സിനിമയിലെ കഥാപാത്രത്തിന് വിപരീതമായി, ബഹളക്കാരനും ഒരിടത്ത് അടങ്ങിയിരിക്കാത്തവനും പുസ്തകങ്ങളെയും കൃഷിയെയും വായനയേയുമെല്ലാം ഏറെ ഇഷ്ടപ്പെടുന്നവനുമായ ദേവൂട്ടന്റെ വളർച്ചയുടെ ഓരോ ഘട്ടവും കണ്ടാണ് കോഴിക്കോട് ജില്ലയിലെ നെല്ലിക്കോടുള്ള വീട് നിലനിൽക്കുന്നത്. ദേവൂട്ടനെ അരൂണാംശു ദേവ്  എന്ന താരമാക്കി മാറ്റിയതിൽ നെല്ലിക്കോട്ടെ ഈ വീടും അനുബന്ധ അന്തരീക്ഷവും വഹിച്ച പങ്ക് ചെറുതല്ല.


തറവാടും വീടും അടുത്തടുത്തായാൽ...

forensic-actor-house

തറവാടും സ്വന്തം വീടും അടുത്തടുത്തായാൽ എവിടെ താമസിക്കും? സ്വാഭാവികമായും കുട്ടികൾ തെരഞ്ഞെടുക്കുക കളിക്കാനും ഓടി നടക്കാനും എല്ലാം അത്യാവശ്യം സൗകര്യമുള്ള തറവാട് വീട് തന്നെയായിരിക്കും. ദേവൂട്ടന്റെയും ചോയ്‌സ് അത് തന്നെയായിരുന്നു. അച്ഛനും അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം അരൂണാംശു ദേവ്  താമസിക്കുന്നത് തറവാട്ട് വീട്ടിലാണ്. വിശാലമായ പൂന്തോട്ടം, അത്യാവശ്യം സൈക്കിൾ എടുത്ത് രണ്ട് റൗണ്ട് ചവിട്ടുന്നതിനുള്ള സ്ഥലം, പച്ചക്കറി കൃഷി ഇതെല്ലാമാണ് വീടിനു പുറത്ത് അരൂണാംശു ദേവിനെ ആകർഷിക്കുന്ന ഘടകം.



വായനാമുറി പ്രിയപ്പെട്ടയിടം..

forensic-actor


വീട്ടിൽ ഹാളും മുറികളും എല്ലാം വിശാലമായി തുറന്നിട്ടിട്ടുണ്ടെങ്കിലും അരൂണാംശു ദേവ് തന്റെ പ്രിയപ്പെട്ട ഇടമായി തെരഞ്ഞെടുക്കുന്നത് വായനാമുറിയെയാണ്. അതിൽ രണ്ടുണ്ട് കാര്യം, വീട്ടിനുള്ളിൽ ഏറെ ഇഷ്ടപ്പെട്ട രണ്ട് കാര്യങ്ങളാണ് വായനയും ടിവി കാണലും. ഇത് രണ്ടും വായനമുറിയിൽ ഇരുന്നാൽ നടക്കും. അച്ഛനും മുത്തശ്ശനും ഒക്കെയായി വാങ്ങിക്കൂട്ടിയ ധാരാളം പുസ്തകങ്ങൾ മുറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകം വായിക്കുന്നതിനു അനുയോജ്യമായ അന്തരീക്ഷവും ഒരുക്കിയിരിക്കുന്നു. ഇനിയിപ്പോൾ, വായനയ്ക്ക് ബ്രേക്ക് കൊടുത്ത ഇഷ്ടപ്പെട്ട ഒരു സിനിമ കാണാം എന്ന് കരുതിയാൽ അതും ആകാം. ഈ ലോക്ഡൗൺ കാലത്തിന്റെ ഏറിയ പങ്കും അരൂണാംശു ദേവ് ചെലവഴിച്ചത് വായനയും ഫീൽ ഗുഡ് സിനിമകൾ കാണലുമായാണ്.

 

സ്വന്തം പച്ചക്കറി തോട്ടം...

വീടിനു പുറത്ത് ഇറങ്ങിയാൽ പിന്നെ ഇഷ്ടം ഗാർഡനിംഗും കൃഷിയുമാണ്. പൂന്തോട്ട നിർമാണത്തിൽ മേൽക്കൈ അമ്മയ്ക്കാണെങ്കിലും പച്ചക്കറിത്തോട്ടം ഒരുക്കുന്നതിൽ മുന്നിൽ അരൂണാംശു ദേവ് തന്നെയാണ്. ഇടക്ക് സഹോദരിയും കൂടും. തനിക്ക് ഇഷ്ടപ്പെട്ട പച്ചക്കറിയാണ് കൂടുതൽ നടുന്നത് എന്നതിനാൽ തന്നെ വീട്ടിലെ അടുക്കളത്തോട്ടത്തിൽ മുൻഗണന പയറിനാണ് എന്ന് അരൂണാംശു ദേവ് പറയുന്നു.

 

മാവും കിളിയുടെ പാട്ടും...

വീട്ടുമുറ്റത്തായി ധാരാളം മാവ് നിൽക്കുന്നുണ്ട്. ഇക്കുറി കായ്ച്ച് തുടങ്ങിയിട്ടേ ഉള്ളൂ. എന്നാലും മാവ് നൽകുന്ന തണൽ ഒരു പ്രത്യേക രസമാണെന്നു അരൂണാംശു ദേവ് പറയുന്നു. മരത്തണലിൽ ഇരിക്കാനും കിളികളുടെ പാട്ട് കേൾക്കാനുമായി സമയം ചെലവഴിക്കാറുണ്ട്. വീടിനകത്തിരുന്നുള്ള വായന മടുക്കുമ്പോൾ പുസ്തകവുമായി സ്വന്തം വീടിന്റെ ടെറസിലേക്ക് അരൂണാംശു ദേവ് പോകും. പിന്നെ അവിടെ ചെടികൾക്ക് വെള്ളമൊഴിച്ചും കിളികൾക്ക് വെള്ളം വച്ചും ഇരുട്ട് വീഴും വരെ ടെറസിലിരുന്നു വായിക്കും. ഇവിടെയിരുന്ന് തന്നെയാണ് കഥയെഴുത്ത്, കവിതയെഴുത്ത് തുടങ്ങിയവ നടത്തുന്നതും.

പേരാമ്പ്ര... ഇഷ്ടപ്പെട്ടയിടം...

ലോകത്ത് അരൂണാംശു ദേവ് ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലം പേരാമ്പ്രയാണ്. നെല്ലിക്കോട്ടുള്ള വീട്ടിലേക്ക് വരുന്നതിനും ഏറെ മുൻപ് അച്ഛനമ്മമാർ താമസിച്ചിരുന്നത് അവിടെയായിരുന്നു. ആ സ്ഥലത്തെയും നാട്ടുകാരെയും പറ്റി പറഞ്ഞിട്ടുള്ള കഥകൾ പേരാമ്പ്ര അരൂണാംശു ദേവിന് പ്രിയപ്പെട്ട ഇടമാക്കി മാറ്റി. ഭാവിയിൽ സ്വന്തമായി ഒരു വീട് വയ്ക്കുമ്പോൾ പേരാമ്പ്രയിൽ വയലിനോട് ചേർന്ന് പരമ്പരാഗത രീതിയിലുള്ള  ഒരു ചെറിയ വീട് വയ്ക്കണം എന്നാണ് അരൂണാംശു ദേവ്  ആഗ്രഹിക്കുന്നത്.

English Summary- Forensic Child Pyscho Actor Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com