ADVERTISEMENT
ഭ്രമണം എന്ന സീരിയലിലെ ഹരിത എന്ന കഥാപാത്രത്തിന് ജീവൻ നൽകിക്കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ അഭിനേത്രിയാണ് സ്വാതി നിത്യാനന്ദ്. തിരുവനന്തപുരം സ്വദേശിനിയായ സ്വാതി, ലോക്ഡൗൺ സമയത്ത് വിവാഹിതയായി, ഛായാഗ്രാഹകൻ പ്രതീഷ് നെന്മാറയുടെ ഭാര്യയായി പാലക്കാടിന്റെ  മരുമകളായിരിക്കുകയാണ്. നാട്ടിൻപുറത്തെ വീടും ജീവിതരീതികളും ഏറെ ഇഷ്ടപ്പെടുന്ന സ്വാതി ആഗ്രഹിച്ച പോലൊരു ഗാർഹിക അന്തരീക്ഷത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുകയാണ്. കല്യാണശേഷം ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ഭാരതന്നൂരിലെ കുടുംബ വീടും അവിടുത്തെ പ്രിയപ്പെട്ട ഇടങ്ങളുമാണെന്ന് സ്വാതി പറയുന്നു. സ്വാതി വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

നാട്ടിൻപുറത്തെ ആ കുടുംബ വീട്...

തിരുവനന്തപുരത്തെ വീടിനെപ്പറ്റി പറയുമ്പോൾ ഓർമ വരുന്നത് വളരെ വിശാലമായ, പ്രകൃതിയോട് ഏറ്റവും അടുത്ത നിൽക്കുന്ന ഒരു നാട്ടിൻപുറമാണ്.. പൊന്മുടി ഹൈറേഞ്ച് ഭാഗമായ ഭാരതന്നൂരിലാണ് എന്റെ വീട്. തീർത്തും പരമ്പരാഗത രീതിയിലുള്ള വീടാണ്. പഴയ തറവാട് അൽപസ്വൽപം മോഡിഫിക്കേഷനോടെ തനത് ശൈലിയിൽ നിലനിർത്തി പോന്നിരിക്കുകയാണ്. ആ വീട്ടിലെ ഓരോ ഇടവും എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. വീടിനോട് ചേർന്ന് തന്നെ പശുത്തൊഴുത്ത്, വയൽ എന്നിവയൊക്കെ ഉണ്ടായിരുന്നു.

കാർബൺ കോപ്പി പോലെ ഭർതൃവീട്..

കല്യാണം കഴിക്കുമ്പോൾ ഏറ്റവും കൂടുതൽ ഞാൻ മിസ് ചെയ്യും എന്നുറപ്പുണ്ടായിരുന്നത് എന്റെ വീട് തന്നെയാണ്. ആ വിഷമത്തോടെ ഭർതൃവീട്ടിൽ  എത്തിയപ്പോഴാണ് സന്തോഷമുള്ള സർപ്രൈസ് കണ്ടത്. നെന്മാറയിൽ എത്തിയപ്പോൾ എന്റെ വീടിനു സമാനമായ വീടും പരിസരവുമാണ് അവിടെ കാണാൻ കഴിഞ്ഞത്. പുതിയ ഒരിടം, പുതിയ വീട് എന്ന തോന്നലുകൾ ഒന്നും ഉണ്ടായില്ല. എന്റെ വീട്ടിൽ നിന്നും തൊട്ടടുത്ത വീട്ടിലേക്ക് പോയപോലുള്ള അന്തരീക്ഷമായിരുന്നു.തികച്ചും നാട്ടിൻപുറം. എന്റെ വീട്ടിലെ പോലെ തന്നെ പശുത്തൊഴുത്തും പശുക്കളും വയലും ഒക്കെ ഇവിടെയും ഉണ്ട്. ഒരു കോമ്പൗണ്ടിൽ രണ്ട് വീടുകളാണുള്ളത്.

മനസിലുണ്ട് ഒരു നാലുകെട്ട്...

നാട്ടിൻപുറത്ത് ജനിച്ചു വളർന്നാൽ തന്നെ എനിക്ക് ഇപ്പോഴും അത്തരത്തിലുള്ള കുടുംബാന്തരീക്ഷത്തോടും വീടുകളോടുമാണ് താല്പര്യം. സ്വന്തം വീടെന്ന സ്വപ്നത്തെപാട്ടി പറയുമ്പോഴും മനസിലേക്ക് വരുന്നത് തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള പരമ്പരാഗതമായ ഒരു നാലുകെട്ടിന്റെ മാതൃകയാണ്. അത് ഒരു സ്വപ്നം തന്നെയാണ്. എന്നാൽ അതെനിക്ക് ഉണ്ടാക്കാൻ പറ്റുമോ എന്നൊന്നും പറയാനാവില്ല. എല്ലാം സാഹചര്യം പോലെയല്ലേ ചെയ്യാനാകൂ..ഫ്ലാറ്റ് ആണെങ്കിൽ അത് വീടാണെങ്കിൽ അത് നാല് ചുവരുകൾക്കുകിൽ നാം ഒരുക്കിയെടുക്കുന്ന അന്തരീക്ഷവും സന്തോഷവുമാണ് വീടിനെ വീടാക്കി മാറ്റുന്നത്.

ഇനി എറണാകുളത്തേക്ക്..

തിരുവനന്തപുരത്ത് ജനിച്ചു വളർന്ന എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരിടമായിരുന്നു പാലക്കാട്. എങ്ങനെയോ വിധി എന്നെ പാലക്കാട് തന്നെ എത്തിച്ചു. പക്ഷെ ഞാനും ഭർത്താവ് പ്രതീഷ് നെന്മാറയും സീരിയൽ ഇൻഡസ്ട്രിയിൽ തന്നെ ജോലി ചെയ്യുന്നവരായതുകൊണ്ട്  പാലക്കാട് സ്ഥിരതാമസം സാധിക്കുകയില്ല. കാരണം ഷൂട്ടിംഗ് കൂടുതലും തിരുവനന്തപുരത്തും കൊച്ചിയിലുമാണ്. അതിനാൽ ഈ രണ്ട് നഗരങ്ങളിൽ എവിടെ എങ്കിലും ആണ് സെറ്റിൽ ആകുക. കൂടുതൽ സാധ്യത എറണാകുളത്തേക്ക് പറിച്ചു നടപ്പെടാൻ തന്നെയാണ്. നിലവിൽ ഞങ്ങളുള്ളതും എറണാകുളത്താണ് .

English Summary- Swathy Nithyanand House Memories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com