ADVERTISEMENT

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മീര അനിലിനെ. അവതാരകയായി കയ്യടി നേടുന്ന മീരയുടെ, ലോക്ഡൗൺ കാലത്തെ വിവാഹവും പ്രേക്ഷകർ ആഘോഷമാക്കി. മീര തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഓർമവീടുകൾ..

തിരുവനന്തപുരം ശ്രീവരാഹമാണ് സ്വദേശം. അച്ഛൻ അനിൽകുമാർ, അമ്മ ഗീത. അവരുടെ ഏകമകളാണ് ഞാൻ. പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്ററേയുള്ളൂ വീട്ടിലേക്ക്. ഐതിഹ്യപ്പെരുമയുള്ള ശ്രീവരാഹം കുളത്തിനു സമീപമാണ് വീട്. യുദ്ധമുണ്ടായാൽ രക്ഷപെടാൻ തിരുവിതാകൂർ രാജാക്കന്മാരുടെ രഹസ്യ ഇടനാഴി ഈ കുളത്തിനടിയിലൂടെയായിരുന്നു എന്നാണ് ഐതിഹ്യം. 

meera-anil-house

ചെറുപ്പം മുതൽ ഞാൻ ജനിച്ചുവളർന്ന വീടിനേക്കാൾ പ്രാധാന്യം സമീപമുള്ള കുളത്തിനായിരുന്നു. വീട്ടിൽ സുഹൃത്തുക്കൾ വന്നാൽ ആദ്യം കൊണ്ടുപോയിക്കാണിക്കുക കുളമാണ്. എന്നിട്ട് ഒരു ടൂറിസ്റ്റ് ഗൈഡിനെപ്പോലെ ചരിത്രം വിവരിച്ചുകൊടുക്കും. അച്ഛന്റെ തറവാട് നേമത്താണ്. ഒരുപാട് മുറികൾ ഉണ്ടായിരുന്നു ആ തറവാടിന്. പണ്ട് കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ താമസിച്ചപ്പോഴത്തേതാണ്. പിന്നീട് ഓരോരുത്തരായി ഭാഗം പിരിഞ്ഞപ്പോൾ വീട്ടിലെ പല മുറികളും ഒഴിഞ്ഞു കിടന്നു. കാലക്രമേണ അതിൽ പാമ്പും പെരുച്ചാഴിയുമൊക്കെ താമസമാക്കും. അങ്ങനെയുള്ള ഓർമകൾ ചെറുപ്പത്തിലുണ്ട്. അമ്മയുടെ തറവാടാണ് ശ്രീവരാഹത്തുള്ളത്. ഞങ്ങൾക്ക് ആറ്റുകാലും ഒരു വീടുണ്ടായിരുന്നു. ഇപ്പോൾ അത് പൂട്ടികിടക്കുകയാണ്. 

 

മിനിസ്ക്രീനിലേക്ക്...

ഞാൻ സിവിൽ എൻജിനീയറിങ്ങാണ് പഠിച്ചത്. പക്ഷേ ആ വഴിക്ക് പോയില്ല. ഒരിക്കൽ ഒരു ചാനലിൽ ജോലി ചെയ്യുന്ന എന്റെ സുഹൃത്തിനെ പിക്ക് ചെയ്യാൻ വേണ്ടി പോയതാണ്. അവിടെ വച്ച് കഥാകൃത്ത് ഉണ്ണി ആറിനെ കണ്ടു. അദ്ദേഹം ഒരു സീരിയലിലേക്ക് കഥാപാത്രത്തെ തിരയുന്ന സമയമാണ്. അങ്ങനെ സ്‌ക്രീൻ ടെസ്റ്റ് ചെയ്തു. അങ്ങനെയാണ് മിനിസ്ക്രീനിലേക്കുള്ള രംഗപ്രവേശം. പിന്നെ അത്യാവശ്യം സംസാരിക്കാൻ ഇഷ്ടമുള്ള കൂട്ടത്തിലാണ്. അങ്ങനെയാണ് അവതാരക വേഷത്തിലേക്കെത്തുന്നത്.

meera-anil-home

 

വിവാഹം, പുതിയ വീട്...

കഴിഞ്ഞ മാസമായിരുന്നു വിവാഹം. ഭർത്താവ് വിഷ്ണുവിന്റെ സ്വദേശം പത്തനംതിട്ട മല്ലപ്പള്ളിയാണ്. നഗരത്തിന്റെ ബഹളത്തിൽ ജീവിച്ച ഞാൻ കയറിച്ചെന്നത് തികച്ചും ഗ്രാമാന്തരീക്ഷമുള്ള പ്രദേശത്തേക്കാണ്.  ഇവിടെയും ഒരു കൂട്ടുകുടുംബമാണ്. ഇപ്പോൾ അത് ഞാൻ വളരെ ആസ്വദിക്കുന്നു. വിഷ്ണുവിന് ബിസിനസാണ്. പ്രണയം പിന്നീട് വീട്ടുകാരുടെ അനുവാദത്തോടെ അറേൻജ്‌ഡ്‌ വിവാഹമാക്കുകയായിരുന്നു. ലോക്ഡൗണിൽ അധികം പേരെ വിളിക്കാതെ നടത്തേണ്ടി വരുമെന്ന് അറിയാമെങ്കിലും ഞങ്ങൾ വിവാഹം നീട്ടിവയ്ക്കാതെ മുന്നോട്ടുപോവുകയായിരുന്നു. ലോക്ഡൗൺ കാലത്തേ വിവാഹമായതുകൊണ്ടാകാം സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ടു. ഒരുപാട് പേർ ആശംസകൾ അറിയിച്ചു. എല്ലാവർക്കും നന്ദി.

 

ഇനിയുണ്ട് ഒരു സ്വപ്നം..

സിവിൽ എൻജിനീയർ ആയതുകൊണ്ട് സ്വന്തമായി ഒരു വീട് വയ്ക്കുക എന്നത് സ്വപ്നമാണ്. ആർക്കിടെക്ട് ജി.ശങ്കർ സാർ ഞങ്ങളുടെ നാട്ടുകാരനാണ്. അദ്ദേഹത്തിന്റെ മൺവീടുകൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.

ആറ്റുകാൽ കുറച്ചു ഭൂമിയുണ്ട്. അവിടെ 800 ചതുരശ്രയടി മാത്രമുള്ള ഒരു മൺവീടിന്റെ പണിപ്പുരയിലാണ്. പ്ലാൻ ഒക്കെ വരപ്പിച്ച് പണിതുടങ്ങാനിരുന്നപ്പോഴാണ് കൊറോണയും ലോക്‌ഡൗണുമെല്ലാം വന്നത്. അതിനിടയ്ക്ക് വിവാഹവും കഴിഞ്ഞു. ഇപ്പോൾ ഈ കൊറോണ പ്രശ്നങ്ങൾ കഴിയാൻ കാത്തിരിക്കുകയാണ്. എല്ലാം ഒത്തുവന്നാൽ അടുത്ത വർഷത്തെ എന്റെ ഏറ്റവും വലിയ സ്വപ്നം ഈ മൺവീടായിരിക്കും.

English Summary- Meera Anil Anchor Talks about Marriage House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com