ADVERTISEMENT

സിനിമകൾ ഇല്ലാത്ത ലോക്ഡൗൺ കാലത്ത്, കാഴ്ചക്കാരെ എന്റർടെയിൻ ചെയ്യുന്നതിൽ സോഷ്യൽ മീഡിയയും വെബ്‌സീരീസുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. മലയാളം വെബ്‌സീരീസുകളിലെ ചിരിപ്പിക്കുന്ന മുഖമാണ് ജിജോ. അദ്ദേഹം താൻ കടന്നുവന്ന വഴികൾ പങ്കുവയ്ക്കുന്നു.

ഓർമവീട്..

എറണാകുളം തമ്മനമാണ് സ്വദേശം. അപ്പൻ, അമ്മ, ഞാൻ, അനിയൻ. ഇതാണ് കുടുംബം. അപ്പൻ കോർപറേഷൻ ജീവനക്കാരനായിരുന്നു. പിന്നീട് അസുഖം കാരണം ജോലി നിർത്തി. അമ്മ വീട്ടമ്മയും. കഷ്ടപ്പാടും ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് വളർന്നത്.

ചെറുപ്പം മുതൽ അഭിനയം ഇഷ്ടമായിരുന്നു. അമ്മയിൽ നിന്നാണ് അതിന്റെ തുടക്കം. അമ്മ ചെറുപ്പത്തിൽ അഭിനയിക്കുമായിരുന്നു. അമ്മയാണ് എനിക്ക് നാടക ഡയലോഗുകൾ ഒക്കെ ചെറുപ്പത്തിൽ പഠിപ്പിച്ചു തന്നിരുന്നത്. അങ്ങനെ അഭിനയവും മേക്കപ്പിടലുമൊക്കെ പരിചയമായി. പിന്നെ വല്യപ്പൻ ചവിട്ടുനാടകനടനായിരുന്നു. അതിന്റെ ജീനും കാണും. 

വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം ഞാൻ പ്ലസ്‌ടുവിൽ പഠിത്തം നിർത്തി. പിന്നെ പല ജോലികൾക്ക് പോയിത്തുടങ്ങി. കുറച്ചു കഴിഞ്ഞു മേക്കപ്പ് ആർട്ടിസ്റ്റ് കോഴ്സ് പഠിച്ചു. പല സിനിമകളിലും മേക്കപ്പ് അസിസ്റ്റന്റായി ജോലി നോക്കി.

കായംകുളം കൊച്ചുണ്ണിയും പുതിയ വീടും...

jijo-youtube

കായംകുളം കൊച്ചുണ്ണി വലിയ മുതൽമുടക്കിലെടുത്ത സിനിമ ആയിരുന്നല്ലോ. നാലു വർഷത്തോളം അതിന്റെ മേക്കപ്പ് അസിസ്റ്റന്റ് പണി തുടർച്ചയായി കിട്ടി. അങ്ങനെ സ്വരുക്കൂട്ടിയ പണവും പിന്നെ കുറച്ചു ലോൺ എടുത്തതും എല്ലാം ചേർത്താണ് പുതിയ ഒരു വീട് 2018 ൽ പണിതത്. ജീവിതത്തിൽ ഞാൻ ഒരുപാട് സന്തോഷിച്ച ദിവസമായിരുന്നു ആ വീടിന്റെ പാലുകാച്ചൽ. 

ആ സമയത്താണ് എന്റെ സുഹൃത്ത് യൂട്യൂബിൽ ഒരു ചാനലും കോമഡി വെബ് സീരിസും തുടങ്ങാൻ പദ്ധതിയിട്ടതും എന്നെ അതിലേക്ക് വിളിച്ചതും. മേക്കപ്പിന്റെ ലോകത്തുനിന്നും ക്യാമറയ്ക്ക് മുന്നിലേക്കെത്താൻ ആദ്യമൊക്കെ മടിച്ചെങ്കിലും ഞാൻ പിന്നീട് വഴങ്ങി.  അത് എന്തായാലും പ്രേക്ഷകർ സ്വീകരിച്ചു എന്നതിൽ സന്തോഷമുണ്ട്. ഇപ്പോൾ ഞാൻ ചെയ്യുന്ന വെബ്  സീരിസിന്റെ ഷൂട്ട് ലൊക്കേഷനും എന്റെ വീടുതന്നെ.

സ്വപ്നം...

ഇപ്പോൾ വെബ് സീരീസുകളിലൂടെ ആളുകൾ തിരിച്ചറിയുന്നു. പുറത്തൊക്കെ പോകുമ്പോൾ വന്നു അഭിപ്രായം പറയുന്നു. ആരും മോശം പറയാത്ത ഒരു നടൻ ആകണമെന്ന് ആഗ്രഹമുണ്ട്. മൂന്നു സിനിമകളിൽ ചെറിയ വേഷം ചെയ്തിരുന്നു. കൂടുതൽ നല്ല സിനിമകൾ ചെയ്യണമെന്നും ആഗ്രഹമുണ്ട്.

English Summary- Jijo Jacob YouTube WebSeries Star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com