'നിങ്ങളറിയാത്ത ഞങ്ങളുടെ മമ്മൂക്ക'; ഇബ്രാഹിംകുട്ടിയുടെ വീട്ടുവിശേഷങ്ങൾ; വിഡിയോ

SHARE

വല്യേട്ടന്റെ അനിയൻ എന്നറിയപ്പെടാൻ ഇഷ്ടപ്പെടുന്ന ഒരു നടനുണ്ട് സിനിമയിൽ. ഇബ്രഹിംകുട്ടി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഇളയസഹോദരൻ. മമ്മൂക്ക ഇവർക്ക് ഇച്ചാക്കയാണ്. സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായ വല്യേട്ടൻ. ആ തണലിന്റെ സുരക്ഷിതത്വത്തിലാണ് തങ്ങൾ ഇപ്പോഴും കഴിയുന്നതെന്ന് തെല്ലഭിമാനത്തോടെ ഇബ്രാഹിംകുട്ടി പറയുന്നു.അദ്ദേഹം വീട്ടുവിശേഷങ്ങൾ സ്വപ്നവീടിലൂടെ പങ്കുവയ്ക്കുന്നു.

മമ്മൂട്ടി എന്ന വല്യേട്ടൻ...

family-photo

വൈക്കത്തിനടുത്ത് ചെമ്പ് എന്ന ഗ്രാമത്തിൽ വേമ്പനാട് കായലിനോട്  ചേർന്ന സ്ഥലത്തായിരുന്നു പാണപ്പറമ്പ് എന്ന ഞങ്ങളുടെ തറവാട്. പുരാതന മുസ്‌ലിം തറവാടിന്റെ രൂപഭാവങ്ങളുള്ള വീട്. ഉപ്പ ഇസ്മായിലിനും ഉമ്മ ഫാത്തിമയ്ക്കും ഞങ്ങൾ 6 മക്കളായിരുന്നു. മൂന്ന് ആണും മൂന്ന് പെണ്ണും. അതിൽ മൂത്തതാണ് മുഹമ്മദ് കുട്ടി എന്ന ഞങ്ങളുടെ ഇച്ചാക്ക. ഞാൻ മൂന്നാമനാണ്. കൂട്ടുകുടുംബമായിരുന്നതിനാൽ എപ്പോഴും വീട്ടിൽ ഒരുത്സവമേളമായിരുന്നു.

mamooty-tharavad

ഉപ്പയ്ക്ക് തുണിത്തരങ്ങൾ, അരി എന്നിവയുടെയൊക്കെ ഹോൾസെയിൽ കച്ചവടമായിരുന്നു. ഒപ്പം കുടുംബപരമായി ധാരാളം നെൽക്കൃഷിയുമുണ്ടായിരുന്നു. ഇച്ചാക്ക പ്രീഡിഗ്രി ആയപ്പോൾ ഉപ്പ തറവാട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ മറ്റൊരു വീട് വച്ചു. മൂത്ത മകനും സമർത്ഥനും ആയതിനാൽ ഇച്ചാക്കയ്ക്ക് വീട്ടിൽ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഇച്ചാക്കയ്ക്കു അന്നേ സ്വന്തം മുറിയുണ്ട്. ഞങ്ങൾ സഹോദരങ്ങൾ ഒരുമിച്ച് മറ്റു മുറികളിലും. ഞങ്ങൾ സഹോദരങ്ങളുടെ കാര്യത്തിൽ ഇച്ചാക്കയ്ക്കു പ്രത്യേക കരുതലുണ്ടായിരുന്നു. അത് ഇന്നും തുടരുന്നു. ...

ഇച്ചാക്ക തന്ന വീട്...

ebrahimkutty-house

ഞാൻ പഠനം കഴിഞ്ഞു പ്രവാസിയായി. പിന്നീട് തിരിച്ചെത്തി കുടുംബസമേതം തൃപ്പൂണിത്തുറയിലേക്ക് താമസം മാറ്റി. 30 വർഷമായി തൃപ്പൂണിത്തുറയിലാണ് താമസം. ആദ്യമൊക്കെ വാടകവീടുകളിലായിരുന്നു. സ്വന്തമായി വീട് പണിയാനുള്ള സാമ്പത്തികം ആയിട്ടുമില്ല. അപ്പോഴാണ് ഇച്ചാക്കയുടെ കരുതൽ തേടിയെത്തിയത്. ഇച്ചാക്ക എനിക്ക് തൃപ്പൂണിത്തുറയിൽ ഒരു വീട് മേടിച്ചു തന്നു. അതാണ് കഴിഞ്ഞ 12 കൊല്ലമായി ഞാൻ താമസിക്കുന്ന ഈ വീട്. 5 സെന്റിൽ മൂന്നു കിടപ്പുമുറികളുള്ള ഇരുനില വീടാണ്. 

യാദൃശ്ചികമായി നടനായി...

ഇച്ചാക്ക സൂപ്പർസ്റ്റാർ ആയെങ്കിലും എനിക്ക് അഭിനയത്തോട് അത്ര താൽപര്യമോ വാസനയോ ഉണ്ടായിരുന്നില്ല. ഞാൻ 1999 ൽ സൗദിയിൽ നിന്നും മടങ്ങിയെത്തി. ആ സമയത്ത് ഇച്ചാക്ക പല്ലാവൂർ ദേവനാരായണൻ എന്ന സിനിമയിൽ അഭിനയിക്കുന്നു. ഞാൻ വെറുതെ ഷൂട്ടിങ് കാണാൻപോയി. അന്നൊരു ദിവസം സെറ്റിൽ സംവിധായകൻ ശ്യാമപ്രസാദ് വന്നു. അദ്ദേഹം അന്ന് ഒരു ടെലിഫിലിം ചെയ്യാനുള്ള ഒരുക്കത്തിലാണ്. എന്നാൽ നിനക്കൊന്ന് ശ്രമിച്ചു കൂടെ എന്ന് ഇച്ചാക്ക ചോദിച്ചു. ശ്യാം സമ്മതിച്ചു. അങ്ങനെയാണ് നിനച്ചിരിക്കാതെ ഞാൻ മിനിസ്ക്രീനിലേക്ക് എത്തുന്നത്. അടുത്ത വർഷം സായാഹ്നം എന്ന ചിത്രത്തിലൂടെ സിനിമയിലുമെത്തി.

കുടുംബം...

ebrahim-family-pic

ഭാര്യ സെമീന. മക്കൾ മക്ബൂൽ സൽമാൻ, ടാനിയ. മക്ബൂൽ  ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നു. ഇച്ചാക്കയ്‌ക്കൊപ്പം മാസ്റ്റർപീസിൽ അവൻ അഭിനയിച്ചിരുന്നു. ദുൽഖർ ചേട്ടനാണെങ്കിലും ഇരുവരുടെയും ജന്മദിനം ഒരുദിവസമാണ്. ജൂലൈ 28. ഇസ്‌ലാം പ്രവാചകചരിതത്തിലെ രണ്ടു കഥാപാത്രങ്ങളാണ് ദുൽഖറും സൽമാനും. ഇച്ചാക്ക ദുൽഖറിന് സൽമാൻ എന്ന പേരുചേർത്തപ്പോൾ ഞാൻ മക്ബൂലിനും സൽമാൻ എന്ന പേര് കൊടുത്തു.

ഹോബികൾ...

എനിക്ക് പാചകം പണ്ടേ താൽപര്യമുള്ള മേഖലയാണ്. ഉമ്മ നന്നായി പാചകം ചെയ്യുമായിരുന്നു. ലോക്ഡൗൺ സമയം ബോറടിക്കാതെ ചെലവഴിക്കാൻ ഞാൻ ഒരു യുട്യൂബ് ചാനൽ തുടങ്ങി. ഇബ്‌റൂസ് ഡയറി എന്ന പേരിൽ. പാചകം, യാത്ര എന്നിവയെല്ലാം അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ ധാരാളം കാഴ്ചക്കാർ ലഭിച്ചുതുടങ്ങി.  പിന്നെ ഗാർഡനിങ് ഇഷ്ടമാണ്. 5 സെന്റിലെ വീടാണെങ്കിലും മുറ്റത്തും ടെറസിലുമെല്ലാം ധാരാളം ചെടികൾ നട്ടിട്ടുണ്ട്. 

English Summary- EbrahimKutty Brother of Mamootty Home

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA