ADVERTISEMENT

മഴവിൽ മനോരമയിലെ 'എന്റെ കുട്ടികളുടെ അച്ഛൻ' എന്ന സീരിയലിലൂടെ ശ്രദ്ധ നേടുകയാണ് പൂജിത മേനോൻ. സിനിമയിലും ഫാഷൻ രംഗത്തും മുഖം കാണിച്ച ശേഷമാണ് മിനിസ്ക്രീനിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പൂജിത വിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

 

കുടുംബം..

pujitha-menon-family

അച്ഛൻ, അമ്മ, അനിയത്തി, ഞാൻ. ഇതാണ് ഞങ്ങളുടെ കൊച്ചുകുടുംബം. അച്ഛന്റെയും അമ്മയുടെയും സ്വദേശം തൃശൂരാണ്. പക്ഷേ ഞാൻ ജനിച്ചു വളർന്നത് കുവൈറ്റിലാണ്. അച്ഛന് അവിടെ ബിസിനസായിരുന്നു. അവിടെയുള്ള ഫ്ലാറ്റിലാണ് ജീവിതം തുടങ്ങുന്നത്. അവധിക്കാലത്ത് നാട്ടിലേക്കുള്ള യാത്രകൾ മാത്രമായിരുന്നു നാടുമായുള്ള കണക്‌ഷൻ. വർഷങ്ങൾക്ക് ശേഷം ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ നാട്ടിലേക്ക് സ്ഥിരമായി മടങ്ങിയെത്തി.

ചെറുപ്പം മുതൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് ഇഷ്ടമായിരുന്നു. ബെംഗളൂരുവിൽ നിന്നും ഫാഷൻ ഡിസൈനിങ് പഠിച്ച ശേഷം ഒരു ടിവി പ്രോഗ്രാമിൽ അവതാരകയായി. അത് ക്ലിക്കായി. പിന്നീട് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അവതാരകയായി. അതുവഴിയാണ് ആദ്യസിനിമയിലേക്ക് അവസരം ലഭിക്കുന്നത്.

 

വീട് ഓർമകൾ..

വീടിനെക്കുറിച്ചുള്ള ഓർമകളിൽ നിറഞ്ഞുനിൽക്കുന്നത് അമ്മയുടെ തറവാടാണ്. ശരിക്കും ട്രഡീഷണൽ ശൈലിയിൽ പണിത ഒരു വീടായിരുന്നു അത്. ധാരാളം പറമ്പും മരങ്ങളും പശുത്തൊഴുത്തും കോഴിയും കുളവുമെല്ലാം ഉണ്ടായിരുന്നു. ചവിട്ടി നടക്കുമ്പോൾ നല്ല തണുപ്പുള്ള കാവി നിലവും ധാരാളം തടിപ്പണികളുള്ള അകത്തളവുമായിരുന്നു ആ വീട്ടിൽ. ഓണം, വിഷു, വേനലവധിക്കാലം തുടങ്ങിയ അവസരങ്ങളിൽ മക്കളും ചെറുമക്കളുമെല്ലാം ഒത്തുകൂടും. പിന്നെ ഒരാഘോഷമായിരുന്നു.

pujitha

കോളജിലെത്തിയപ്പോൾ എന്റെ സമ്മർ വെക്കേഷൻ ഗോവയിലുള്ള ചെറിയമ്മയുടെ വീട്ടിലായി. അവിടെ ചെറിയ പോട്ട് മേക്കിങ്, ക്രാഫ്റ്റ്, ഇന്റീരിയർ ഡിസൈൻ തുടങ്ങിയ കോഴ്സുകൾ ചെറിയമ്മ നടത്തുമായിരുന്നു. അതിൽ പങ്കെടുത്തത് എനിക്കും ഗുണകരമായി.

 

poojitha-life

മിനിസ്ക്രീൻ പ്രവേശം...

'എന്റെ കുട്ടികളുടെ അച്ഛ'നിലേക്കുള്ള എൻട്രി അപ്രതീക്ഷിതമായിരുന്നു. സംവിധായകൻ എന്നെ വിളിച്ചു ഒരു രംഗം അഭിനയിച്ചശേഷം അയച്ചു കൊടുക്കാൻ പറഞ്ഞു. അതായിരുന്നു ഓഡിഷൻ. അതിൽ അൽപം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണെങ്കിലും പ്രേക്ഷകർ നല്ല അഭിപ്രായം പറയുന്നതിൽ സന്തോഷമുണ്ട്. ഇപ്പോൾ ലോക്ഡൗൺ കാരണം ഷൂട്ട് നിർത്തിവച്ചിരിക്കുകയാണ്.

 

ഭാവി പരിപാടികൾ...

ഈ കോവിഡ് കാലത്ത് ദീർഘകാല പ്ലാനിങ് ഒന്നും ചെയ്യാറില്ല. കുറച്ചു നല്ല സിനിമകളുടെ ഭാഗമാകണം എന്നാഗ്രഹമുണ്ട്. ഞാൻ ഇപ്പോൾ കൊച്ചിയിൽ ഒരു വാടക ഫ്ലാറ്റിലാണ് താമസം. ഭാവിയിൽ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങണം എന്നുണ്ട്. അതാണ് വീടിനെക്കുറിച്ചുള്ള സ്വപ്നം. ഇപ്പോൾ അമ്മ കൂടെയുണ്ട്. ഞങ്ങൾക്ക് ഗുരുവായൂർ ഒരു സർവീസ് അപ്പാർട്മെന്റുണ്ട്. അച്ഛൻ അതിന്റെ കാര്യങ്ങൾ നോക്കിനടത്തുന്നു. അനിയത്തി ബെംഗളുരുവിലാണ്. വിവാഹമൊന്നും ആയില്ലേ എന്ന് പലരും ചോദിക്കാറുണ്ട്. തൽക്കാലം 'ഫ്രീ ബേഡ്' ആയി ഇരിക്കാനാണ് ഇഷ്ടം. സമയമാകുമ്പോൾ പ്രണയവും വിവാഹവുമൊക്കെ തേടിയെത്തട്ടെ.

English Summary- Poojitha Menon Home Family Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com