ADVERTISEMENT

കരിക്കിൽ ഏറ്റവുമധികം വൈവിധ്യമുള്ള വേഷങ്ങൾ ചെയ്തിട്ടുള്ള ഒരു നടനാണ് കൃഷ്ണചന്ദ്രൻ. ആ പേര് കേട്ടാൽ നെറ്റിചുളിക്കുന്ന പലരും 'ഭവാനിയമ്മ, സുര നമ്പൂതിരി, രതീഷ് സാർ, പ്രച്ഛന്നൻ പ്രകാശൻ' തുടങ്ങിയ പേരുകേട്ടാൽ പൊട്ടിച്ചിരിക്കും...ഈ വേഷങ്ങൾ എല്ലാം കൃഷ്ണചന്ദ്രനിൽ ഭദ്രമായിരുന്നു. കരിക്കിൽ  സീനിയർ കഥാപാത്രങ്ങളായാണ് വന്നിട്ടുള്ളതെങ്കിലും റിയൽ ലൈഫിൽ പയ്യനാണ് കക്ഷി. 24 വയസ്സ്. വളരെ സരസമായി ഒഴുക്കോടെ സംസാരിക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ആൾ, പക്ഷേ ജീവിതത്തിൽ അൽപം സൈലന്റാണ്. എന്നാൽ സുഹൃദ് വലയത്തിൽ എത്തിയാൽ വീണ്ടും ഉഷാറാകും. കൃഷ്ണചന്ദ്രൻ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

കരിക്കിലെത്തുന്നത്..

karikku-team-4

ഞാൻ സ്‌കൂൾ കാലത്ത് സ്‌റ്റേജിൽ പോലും കയറിയിട്ടില്ല. പിന്നീട് സിനിമകൾ കണ്ട് ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണം എന്നുതോന്നി. അങ്ങനെ 'കൺട്രി ഫെലോസ്' എന്ന പേരിൽ ഇൻസ്റ്റഗ്രാമിലും, യൂട്യുബിലും ചെറിയ വിഡിയോസ് ചെയ്തിടാൻ തുടങ്ങി. അത് കണ്ടിഷ്ടമായാണ്  കരിക്ക് ഫൗണ്ടർ നിഖിൽ എന്നെ കരിക്കിലേക്ക് വിളിക്കുന്നത്. കരിക്കിലെ മറ്റു പലരെയും പോലെ ഞാനും ബിടെക് ആണ് പഠിച്ചത്. പക്ഷേ ഒരു വ്യത്യാസമുണ്ട്. മൂന്നു കോളജുകളിലായാണ് പഠനം പൂർത്തിയാക്കിയത്. എന്റെ കയ്യിലിരുപ്പ് കൊണ്ടല്ല കേട്ടോ..കഷ്ടകാലത്തിന് ഞാൻ ആദ്യം ചേർന്ന കോളജും അടുത്ത കോളജും പൂട്ടിപ്പോയി. അങ്ങനെ മൂന്നാം കോളജിലാണ് പഠനം തീരുന്നത്. ശരിക്കും സ്‌ട്രെസ്‌ഫുൾ ആയിട്ടുള്ള കോളജ് ജീവിതമായിരുന്നു. അതിൽനിന്നും രക്ഷപ്പെടാനാണ് ഞാൻ ശരിക്കും വിഡിയോകൾ ചെയ്തുതുടങ്ങിയതും അതുവഴി ഒടുവിൽ കരിക്കിലെത്തുന്നതും.

 

krishnachandran-family-JPG

വീട്, കുടുംബം..

ആലപ്പുഴ ഹരിപ്പാടിനടുത്ത് കടവൂരാണ് സ്വദേശം. അച്ഛൻ, അമ്മ, അനിയത്തി, അപ്പൂപ്പൻ, അമ്മൂമ്മ എന്നിവരടങ്ങുന്നതാണ് എന്റെ കുടുംബം. അച്ഛന് ചെറുകിട ബിസിനസാണ്. അമ്മ തപാലോഫീസിൽ പോസ്റ്റ്മിസ്‌ട്രസാണ്. അനിയത്തി പ്ലസ്‌ടു കഴിഞ്ഞു.

ഒരു വളരെ സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എന്നാൽ അതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും അധികം അറിയിക്കാതെയാണ് അച്ഛനുമമ്മയും വളർത്തിയത്. അമ്മയാണ്‌ എന്റെ ഒരു റോൾ മോഡൽ. ക്ലാർക്ക് ആയി ജോലിയിൽ കയറി, കഷ്ടപ്പെട്ടു പഠിച്ചു പരീക്ഷകളെഴുതിയാണ് അമ്മ പോസ്റ്റ് മിസ്ട്രസ് വരെയെത്തിയത്. പക്ഷേ എന്നെ എന്റെ ഇഷ്ടങ്ങളുടെ പിറകെ വിടാൻ അവർ ധൈര്യം കാണിച്ചു. എനിക്ക് ഷൂട്ട് ചെയ്യാനുള്ള ആദ്യ ക്യാമറ അമ്മയാണ് വാങ്ങിത്തന്നത്. ആദ്യമൊക്കെ നാട്ടുകാർ, 'ചുമ്മാ, ക്യാമറയും തൂക്കി നടക്കുവാ'..എന്നൊക്കെ പറഞ്ഞ്  കളിയാക്കിയിട്ടുണ്ട്. ഇപ്പോൾ എല്ലാവരും നല്ല സപ്പോർട്ടാണ്.

krishnachandran-house

 

എന്റെ വീടുകൾ...

എന്റെ ജീവിതത്തിൽ രണ്ടു വീടുകളുണ്ട്. മുട്ടത്താണ് ഞങ്ങളുടെ തറവാട്. അവിടെയാണ് അപ്പൂപ്പനും അമ്മൂമ്മയും. പിന്നീട് അച്ഛൻ കടവൂര് സ്ഥലം വാങ്ങി വീട് വയ്ക്കുകയായിരുന്നു. പക്ഷേ നാട്ടിലുള്ളപ്പോൾ, ഞാൻ ഇപ്പോഴും കൂടുതൽ സമയം ചെലവഴിക്കുന്നത് തറവാട് വീട്ടിലാണ്. വീടിനു പിന്നിൽ വയലാണ്. എപ്പോഴും നല്ല കാറ്റ് വീടിനുള്ളിലേക്ക് വീശിയെത്തും. ജനലിലൂടെ പച്ചപ്പിന്റെ കാഴ്ചകൾ കാണാം. കടവൂരുള്ള പുതിയ വീട്ടിൽ നിന്ന് രാവിലെ ഇറങ്ങിയാൽ, പിന്നെ കിടക്കാൻ മാത്രമാണ് തിരിച്ചു ചെല്ലുന്നത്. ബാക്കി സമയം മുഴുവൻ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ തറവാട്ടിലാകും. ഞാൻ ജനിച്ചു വളർന്നത് അവിടെയായതുകൊണ്ട് കൂട്ടുകാരും കൂടുതൽ അവിടെയാണ്. 

karikku-team-2

അച്ഛന്റെയും അമ്മയുടെയും ഏറെക്കാലത്തെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. ഉള്ളതെല്ലാം സ്വരുക്കൂട്ടി വച്ചാണ് വീടുപണി തുടങ്ങിയത്. ഞാനന്ന് പഠിക്കുകയായിരുന്നതുകൊണ്ട് കഷ്ടപ്പാടുകൾ ഒന്നും അറിഞ്ഞിട്ടില്ല. മൂന്നു കിടപ്പുമുറികളുള്ള ഒരുനില വീടാണ്. കൃഷ്‌ണാലയം എന്നാണ് വീട്ടുപേര്. ഭാവിയിൽ എനിക്ക് അത്യാവശ്യം സമ്പാദ്യമാകുമ്പോൾ വീട് കുറച്ചുകൂടെ വിപുലമാക്കാൻ അച്ഛനെയും അമ്മയെയും സഹായിക്കണം എന്നൊക്കെ ആഗ്രഹമുണ്ട്.  ജീവിതത്തിൽ ഇത്രയും കാലം വീട്ടിൽ നിന്നും അധികം മാറി നിന്നിട്ടില്ലാത്തതു കൊണ്ട് ഹോംസിക്നസ് ഉള്ളയാളാണ്. കരിക്കുമായി ബന്ധപ്പെട്ട് കൊച്ചിയിലാണ് ഇപ്പോൾ താമസിക്കുന്നത്. കൊച്ചിയിലെ ഞങ്ങളുടെ ആദ്യ 'കരിക്കു'വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നു. അനു, ശബരീഷ്, കിരൺ എന്നിവർ സഹമുറിയന്മാരാണ്. ഷൂട്ടിന്റെ ഇടവേളകളിൽ ഞാൻ ഓടി വീട്ടിലെത്തുമായിരുന്നു. ഇപ്പോൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം ഷൂട്ട് നിർത്തിവച്ചിരിക്കുകയാണ്. 

 

കരിക്കിലെ കഥാപാത്രങ്ങൾ..

എനിക്ക് മീശയും വിഗ്ഗും വയ്ക്കുമ്പോൾ അത്യാവശ്യം പ്രായം തോന്നിക്കും, എന്ന കണ്ടെത്തലിലാണ് കരിക്കിലെ അച്ഛൻ, അമ്മൂമ്മ, അമ്മാവൻ, ബോസ് തുടങ്ങിയ സീനിയർ കഥാപാത്രങ്ങൾ എന്നിലേക്കെത്തുന്നത്. 'ഹാപ്പി ബർത്ത്ഡേ' എന്ന എപ്പിസോഡിൽ കൗണ്ടറായി അത് ഞാൻ പറയുന്നുമുണ്ട്. ചെയ്തതിൽ ഭവാനിയമ്മ, സുര, രതീഷ് സർ തുടങ്ങിയ കഥാപാത്രങ്ങളോട് പ്രത്യേക ഇഷ്ടമുണ്ട്. ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറി കരിക്ക് ഷൂട്ട് തുടങ്ങാൻ കാത്തിരിക്കുകയാണ് പ്രേക്ഷകരെ പോലെ ഞാനും...

English Summary- Karikku Fame Krishnachandran; Home Family; Karikku Malayalam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com