ADVERTISEMENT

രണ്ടേക്കർ എസ്റ്റേറ്റിന് നടുവിൽ തലയെടുപ്പോടെ നിൽക്കുന്ന മനോഹരമായ ഒരു ബംഗ്ലാവ്. എന്നാൽ രണ്ടു പതിറ്റാണ്ടുകളായി ഈ ബംഗ്ലാവിന്റെ ഉടമസ്ഥന് സ്വന്തം വീട്ടിലേക്ക് എത്തിച്ചേരാനായിട്ടില്ല. കാരണം അദ്ദേഹത്തിന്റെ പേര് തന്നെയാണ്. ഭീകരപ്രവർത്തനങ്ങൾകൊണ്ട് ലോകത്തെയാകെ വിറപ്പിച്ച അൽ ഖ്വയ്ദ തലവനായിരുന്ന ഉസാമ ബിൻ ലാദന്റെ സഹോദരൻ ഇബ്രാഹിം ബിൻലാദനാണ് ഈ ബംഗ്ലാവിന്റെ ഉടമ. 

1983ലാണ് ഇബ്രാഹിം ബിൻ ലാദൻ, ലൊസാഞ്ചലസിലെ ബെൽ എയറിൽ ഈ ബംഗ്ലാവ് സ്വന്തമാക്കുന്നത്. മുൻ ഭാര്യയായിരുന്ന ക്രിസ്റ്റീൻ ഹർതൂണിയനുമൊത്ത് ഇബ്രാഹിം ഏറെക്കാലം ഈ വീട്ടിൽ കഴിഞ്ഞിരുന്നു. സെപ്റ്റംബർ 11 ഭീകരാക്രമണം നടക്കുന്ന സമയത്ത് വിദേശരാജ്യങ്ങളിൽ വെക്കേഷൻ ആസ്വദിക്കാൻ  പോയിരുന്ന ഇബ്രാഹിമിന് പിന്നെ  അമേരിക്കയിലേക്ക് മടങ്ങിവരാൻ സാധിച്ചിട്ടില്ല. തന്റെ പേര് വരുത്തി വയ്ക്കാൻ പോകുന്ന പ്രശ്നങ്ങൾ അറിയാവുന്നതിനാലാണ് ഇബ്രാഹിം അമേരിക്കയിലേക്ക് മടങ്ങിവരാൻ കൂട്ടാക്കാത്തത്. 

bin-laden-home-view

7,100 ചതുരശ്രയടിയാണ് ബംഗ്ലാവിന്റെ വിസ്തീർണം. ഏഴു കിടപ്പുമുറികളും അഞ്ചു ബാത്ത്റൂമുകളും ഇതിനുള്ളിലുണ്ട്. വർഷങ്ങളായി ആൾപ്പാർപ്പില്ലാത്ത കിടക്കുന്നതിനാൽ  ബംഗ്ലാവിന്റെ ചിലഭാഗങ്ങൾ കേടുപാടുകൾ വന്ന നിലയിലാണ്. പരിചരിക്കാൻ ആളില്ലാതെ വന്നതോടെ മുറ്റത്തെ വിശാലമായ പുൽത്തകിടിയും പൂർണമായും നശിച്ചു. എന്നാൽ സ്വിമ്മിംഗ് പൂളുംസ്പായും ഇപ്പോഴും നശിക്കാതെ നിലനിൽക്കുന്നുണ്ട്. ബംഗ്ലാവിനോട് ചേർന്ന് പ്രത്യേകമായി ഒരു പൂൾ ഹൗസും ഉണ്ട്. 

അമേരിക്കയിലേക്ക്  മടങ്ങാനാവാതെ വന്നതോടെ ആദ്യകാലങ്ങളിൽ ഇബ്രാഹിം വീട് വാടകയ്ക്ക് കൊടുത്തിരുന്നു. 2010 ആയപ്പോഴേക്കും അഡൾട്ട് ചലച്ചിത്രങ്ങൾ ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷനായി ബംഗ്ലാവ് മാറി. 28 മില്യൻ ഡോളറാണ് (208കോടി രൂപ)  ബിൻലാദൻ കുടുംബത്തിന്റെ വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ബംഗ്ലാവിന്റെ ഭാഗങ്ങൾ തകർന്ന നിലയിലാണെങ്കിലും ഭൂമിയുടെ  മതിപ്പ് കണക്കാക്കിയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 

bin-laden-house

സൗദി അറേബ്യയിലെ കെട്ടിട നിർമ്മാതാക്കളിൽ പ്രധാനിയായിരുന്നു മുഹമ്മദ് ബിൻ അവാദ് ബിൻ ലാദനാണ് ഉസാമയുടെയും ഇബ്രാഹിമിന്റെയും പിതാവ്. 22 ഭാര്യമാരാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഉസാമയും ഇബ്രാഹിമും അടക്കം 56 മക്കളാണ് മുഹമ്മദ് ബിൻ ലാദന് ഉണ്ടായിരുന്നത്.

English Summary- Osama Bin Laden Brother Family House for Sale; Real Estate News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com