ADVERTISEMENT

ഇന്ത്യൻ സിനിമാലോകത്തിന്റെ 'ബിഗ് ബി' അമിതാഭ് ബച്ചന് ഇന്ന് 79- ാം പിറന്നാൾ. അരനൂറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമ അടക്കിവാഴുകയാണ് ബിഗ് ബി. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ അദ്ദേഹം കടന്നുപോയി. ഇടയ്ക്ക് സാമ്പത്തികമായി തകർന്ന അദ്ദേഹത്തിന് ഇനിയൊരു തിരിച്ചുവരവില്ല എന്നുപലരും വിധിയെഴുതി. അവരെയെല്ലാം സ്തബ്ധരാക്കിക്കൊണ്ട് ബിഗ് ബി തന്റെ താരമൂല്യവും ആസ്തികളും പതിന്മടങ്ങായി തിരികെപ്പിടിച്ചു. ഇന്ന് ശതകോടികളുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ബിഗ് ബിയുടെ പിറന്നാൾ ദിനത്തിൽ, ഇന്ത്യയിലും വിദേശത്തുമായി അദ്ദേഹം സ്വന്തമാക്കിയ വീടുകളിലൂടെ ഒന്ന് കണ്ണോടിക്കാം 

പ്രതീക്ഷ: 1976ലാണ് ജുഹുവിലുള്ള പ്രതീക്ഷ എന്ന വീട് ബച്ചൻ സ്വന്തമാക്കിയത്. മാതാപിതാക്കളായ ഹരിവൻഷ് റായ് ബച്ചനും തേജി ബച്ചനും 'ബിഗ് ബി'ക്കൊപ്പം ഈ വീട്ടിലാണ് കഴിഞ്ഞിരുന്നത്. 2007ൽ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹം നടന്നത് ഇവിടെവച്ചാണ് എന്ന പ്രത്യേകതയുമുണ്ട് . 

big-b-home-night

ഉത്തർപ്രദേശിലെ അലഹബാദിലാണ് ബച്ചന്റെ കുടുംബവീട് സ്ഥിതിചെയ്യുന്നത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ തന്നെയുള്ള ഈ വീട് ഇപ്പോൾ എഡ്യൂക്കേഷണൽ ട്രസ്റ്റ് എന്ന നിലയിൽ പ്രവർത്തിക്കുന്നു. 

big-b-family

ജൽസ: ജുഹുവിലുള്ള ജൽസ എന്ന ബംഗ്ലാവിലാണ് ബച്ചൻ കുടുംബം ഇപ്പോൾ  വസിക്കുന്നത്. നിർമ്മാതാവായ എൻ സി സിപ്പിയിൽ നിന്നുമാണ് ബച്ചൻ ബംഗ്ലാവ് വാങ്ങിയത്. 10,125 ചതുരശ്രയടിയാണ് ജൽസയുടെ വിസ്തീർണ്ണം. 120 കോടിക്കടുത്ത് വിലമതിപ്പുള്ള ബംഗ്ലാവാണിത്. ജൽസയ്ക്ക് തൊട്ടുപിന്നിലുള്ള മറ്റൊരു ബംഗ്ലാവും 2013ൽ ബച്ചൻ സ്വന്തമാക്കിയിരുന്നു. 8000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വീടിന്റെ വില 50 കോടി രൂപയായിരുന്നു. 

big-b-home

ജനക്: ജൽസയ്ക്ക് സമീപം തന്നെ സ്ഥിതി ചെയ്യുന്ന ജനക് ആണ് മറ്റൊരു വീട്. 2004 ൽ 50 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഈ വീട് ബച്ചന്റെ ഓഫീസ് എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. 

വത്സ: ജുഹുവിൽ തന്നെ താരം സ്വന്തമാക്കിയ മറ്റൊരു വീടാണ് വത്സ. മറ്റു വീടുകളെ അപേക്ഷിച്ച് താരതമ്യേന വലുപ്പം കുറവായ വത്സ, സിറ്റി ബാങ്ക് ഇന്ത്യയുടെ ഓഫീസായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 

ബിഗ് ബി ഏറ്റവും ഒടുവിൽ ഒരു വസതി സ്വന്തമാക്കിയത് 2020 ലാണ്. മുംബൈയിലെ അന്ധേരിയിൽ സ്ഥിതിചെയ്യുന്ന  5104 ചതുരശ്രഅടി വിസ്തീർണമുള്ള ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റാണിത്. 34 നിലകളിൽ നിർമ്മാണം പൂർത്തിയായികൊണ്ടിരിക്കുന്ന കെട്ടിടത്തിലെ 27 - 28 നിലകളിലുള്ള അപ്പാർട്ട്മെന്റിന്റെ വില 31 കോടി രൂപയായിരുന്നു. ഇവയ്ക്ക് പുറമേ ജുഹുവിൽ തന്നെ 40 കോടി വിലമതിക്കുന്ന രണ്ട് അപ്പാർട്ട്മെന്റുകളും ഒന്നേമുക്കാൽ കോടി വിലമതിക്കുന്ന മറ്റൊരു അപ്പാർട്ട്മെന്റും ബച്ചന്റേതായുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമിൽ ഒരു ഫ്ലാറ്റും താരം സ്വന്തമാക്കിയിരുന്നു. 

പാരീസിലും താരകുടുംബത്തിന്  സ്വന്തമായി ഒരു വീടുണ്ട്. പാരീസ് നഗരത്തിന്റെ സൗന്ദര്യം ഏറെ ഇഷ്ടപ്പെടുന്ന ബച്ചന് 2011 ലെ വിവാഹ വാർഷിക ദിനത്തിൽ ഭാര്യ ജയാ ബച്ചൻ സമ്മാനമായി നൽകിയതാണ് ഈ വീട്. 

English Summary- Birthday of Amitabh Bachan; Real Estate Assets of Star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com