ഒടുവിൽ ആ സ്വപ്നം സഫലമാക്കി മൃദുല; താമസിയാതെ പുതിയ അതിഥിയുമെത്തും!

yuvakrishna-mridula
SHARE

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് മൃദുല വിജയ് എന്ന നടി. നടൻ യുവ കൃഷ്ണയെ വിവാഹം ചെയ്തതോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളായി മാറി ഇരുവരും. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം സ്വന്തമായി അധ്വാനിച്ച സമ്പാദ്യം കൊണ്ട് വീട് പൂർത്തിയാക്കി താമസം തുടങ്ങിയതിന്റെ സന്തോഷത്തിലാണ് മൃദുലയും കുടുംബവും. അവർ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

13 വാടകവീടുകൾക്ക് ശേഷം സ്വന്തം വീട്...

ഞാൻ ജനിച്ചപ്പോൾമുതൽ അച്ഛനും അമ്മയും വാടകവീടുകളിലായിരുന്നു താമസം. എനിക്ക് ഓർമവച്ച സമയംമുതൽ ആവർത്തിച്ച് കാണുന്ന ഒരു കലാപരിപാടിയുണ്ടായിരുന്നു ജീവിതത്തിൽ- ഒരു വീട്ടിൽ കുറച്ചുകാലം താമസിക്കുക. ശേഷം എല്ലാം കെട്ടിപ്പെറുക്കി ഒരുങ്ങി സുപ്രഭാതത്തിൽ ഒരു പരിചയവുമില്ലാത്ത മറ്റൊരു വീട്ടിലേക്ക് ചേക്കേറുക. അവിടെ ഒന്ന് സെറ്റിൽ ആകുമ്പോൾ അവിടെനിന്ന്  മറ്റൊരിടത്തേക്ക്. ഇങ്ങനെ അസ്ഥിരമായ ഒരു  ബാല്യമായിരുന്നതുകൊണ്ട് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സ്വന്തമായി ഒരു വീടുണ്ടാകുക. കുടുംബത്തെ സേഫ് ആക്കുക എന്നതായിരുന്നു.

വിവാഹത്തിന് മുൻപ് വീട് തീർക്കാൻ പ്ലാനിട്ടു; പക്ഷേ...

വിവാഹം ആലോചിക്കുന്നതിന് മുൻപ് കുടുംബത്തെ സെറ്റിൽ ചെയ്യണം എന്നത് വലിയ ആഗ്രഹമായിരുന്നു. ശരിക്കും ഈ വീടുപണി തുടങ്ങുമ്പോൾ എനിക്ക് വിവാഹാലോചനകൾ തുടങ്ങിയിരുന്നില്ല. കുറേക്കാലമായി ഓൺലൈൻ സൈറ്റ് വഴി വീടും വസ്തുവും അന്വേഷിച്ചിരുന്നു. അപ്പോഴാണ് താമസിച്ചിരുന്ന ഫ്ളാറ്റിന് സമീപം ഈ വസ്തു കണ്ടെത്തിയത്. ചുറ്റും നല്ല പ്രകൃതിഭംഗിയുള്ള പ്ലോട്ട്. അങ്ങനെ അതുവാങ്ങി വീട് പണിയാം എന്നുതീരുമാനിക്കുകയായിരുന്നു.

serial-stars-mridula-vijay-and-yuvakrishna-are-getting-married

വീടുപണി തുടങ്ങി രണ്ടാംമാസം എനിക്ക് യുവ ചേട്ടന്റെ വിവാഹാലോചന വന്നു. പക്ഷേ ഇതിനിടയിൽ വീടുപണിയിൽ പറ്റിക്കപ്പെടുന്ന ചില അനുഭവങ്ങൾ ഉണ്ടായി. അങ്ങനെ ആറേഴ് മാസത്തിനുള്ളിൽ  തീരേണ്ടിയിരുന്ന പണി നീണ്ടുപോയി. അതൊക്കെ പരിഹരിച്ച് ഒടുവിൽ ഇപ്പോൾ കല്യാണം കഴിഞ്ഞു 11 മാസമായപ്പോൾ വീടുപണി പൂർത്തിയായി. ഇപ്പോൾ ഞാൻ ഏഴ് മാസം ഗർഭിണിയാണ്. വീടുപണി അൽപം നീണ്ടുപോയെങ്കിലും ഒരു അതിഥി കൂടി പുതിയ വീട്ടിലേക്ക് വരുന്നതിന്റെ ത്രില്ലിലാണ് ഞങ്ങൾ.

പുതിയ വീട്...

mridula-house

വെറും അഞ്ചര സെന്റ് സ്ഥലത്താണ് ഞങ്ങളുടെ വീട്. സമകാലിക ശൈലിയിലാണ് വീടിന്റെ ഡിസൈൻ. ലിവിങ്, ഡൈനിങ് ഹാൾ, ഓപ്പൺ കിച്ചൻ, വർക്കേരിയ, താഴെ രണ്ടു കിടപ്പുമുറികൾ, മുകളിൽ ഒരു കിടപ്പുമുറി, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് വീട്ടിലുള്ളത്. മൊത്തം 1650  ചതുരശ്രയടിയുണ്ട്.

ഭർത്താവിന്റെ റോൾ...

വീടുപണി തുടങ്ങി മൂന്നോ നാലോ മാസമായപ്പോഴാണ് യുവ ചേട്ടൻ എന്റെ ജീവിതത്തിലേക്ക് വരുന്നത്. അന്നേരംമുതൽ ഈ വീടിന് എന്റെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കി അദ്ദേഹം കൂടെനിന്നു. അന്നേരം ചേട്ടന്റെ നാടായ പാലക്കാട്ടും വീടുപണി നടക്കുകയാണ്. വീടിന്റെ ഇന്റീരിയർ  കാര്യങ്ങളിൽ ചേട്ടന്റെ ആശയങ്ങളും സംഭാവനകളുമുണ്ട്.

ജീവിതത്തിൽ ഇപ്പോൾ 2 വീടുകൾ...

yuva-krishna-mridula-house

ഞങ്ങളുടെ വിവാഹം കഴിഞ്ഞു രണ്ടാം മാസംതന്നെ യുവചേട്ടന്റെ പാലക്കാട്ടെ വീടിന്റെ പാലുകാച്ചൽ ഉണ്ടായിരുന്നു. ചേട്ടന്റെ അമ്മ വച്ച വീടാണത്. പക്ഷേ ഞങ്ങൾ രണ്ടുപേരുടെയും സീരിയൽ ഷൂട്ടിങ്   തിരുവനന്തപുരത്തായതുകൊണ്ട് വല്ലപ്പോഴുമാണ് പാലക്കാട്ടേക്ക് പോകാൻ സമയം കിട്ടുക. ഞാൻ ഗർഭിണി കൂടിയായതോടെ ദൂരയാത്രകൾ വീണ്ടും കുറച്ചു. പക്ഷേ അതും നമ്മുടെ ഹൃദയത്തിൽ സ്ഥാനമുള്ള വീടാണ്. ജീവിതത്തിലെ ഭൂരിഭാഗവും വാടകവീടുകളിൽ കഴിഞ്ഞ എനിക്ക് ഇപ്പോൾ താമസിക്കാൻ രണ്ടുവീടുകളുണ്ട് എന്ന് പറയുന്നതിലെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.

Click to Watch Celebrity Home Videos

English Summary- Actor Mridula Vijay About New House. Struggles in Life

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS