നിലപാടുകൾകൊണ്ടും അഭിപ്രായപ്രകടനങ്ങൾ കൊണ്ടും ഇപ്പോൾ ബോളിവുഡിലെ വിവാദനായികയാണ് കങ്കണ റണൗട്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് കങ്കണ. കുടുംബചിത്രങ്ങളും ജന്മനാടായ മണാലിയിലേക്കുള്ള യാത്രകളുമൊക്കെയായി തന്റെ വിശേഷങ്ങളൊക്കെ താരം ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്.
മണാലിയിൽ കുറച്ചുവർഷം മുൻപ് താരം വീട് വച്ചിരുന്നു. അതിന്റെ വിശേഷങ്ങൾ മുൻപ് ഇവിടെ പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ മണാലിയിലെ തന്റെ 'രണ്ടാം വീട്' സഫലമായി എന്ന അടിക്കുറിപ്പോടെ താരം പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ്.

പുതിയ വീടിന്റെ ചെറിയൊരു ഹോം ടൂറും കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്ക് വച്ചിരുന്നു. തനത് ഹിമാചല്‍ രീതിയിലുള്ള പെയിന്റിങ്ങുകളും, റഗ്ഗുകളും, അലങ്കാര വസ്തുക്കളുമൊക്കെക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഒരു ടിപ്പിക്കല്‍ ഹിമാചല്‍ വീടാണ് തന്റേതെന്നാണ് കങ്കണ പറയുന്നത്. പ്രാദേശികമായി ലഭിക്കുന്ന നിർമാണവസ്തുക്കൾ ഉപയോഗിച്ചായിരുന്നു വീടിന്റെ നിര്‍മാണമത്രയും. മലയിടുക്കുകള്‍ക്കിടയിലെ അതിമനോഹരമായ താഴ്‌വരയിലുള്ള വീട് ചുറ്റുമുള്ള പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ മൗണ്ടന്‍ സ്‌റ്റൈലിലാണ് നിര്‍മിച്ചത്.
നദിയില്‍ നിന്നുള്ള കല്ലുകളും, തടികളുമുപയോഗിച്ചാണ് വീടിന്റെ ഭിത്തി. വലിയ പെയിന്റിങ്ങുകളും അലങ്കാര വസ്തുക്കളും ഭിത്തികള്‍ക്ക് നല്‍കുന്ന ഭംഗി ഒന്ന് വേറെ തന്നെയാണ്. വിശാലമായ മുറികളാണ് വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. മുറികള്‍ കൂടാതെ ബാല്‍ക്കണികള്‍ക്കും സ്റ്റെയറുകള്‍ക്കും വലിപ്പം നല്‍കിയാണ് വീടിന്റെ സ്റ്റൈലിങ്. വലിപ്പമേറിയ ജനാലകളും കൊത്തുപണികളോട് കൂടിയ വാതിലുകളുമായി ഒരു ഹില്ലി വൈബ് നല്‍കാന്‍ വീടിന് സാധിച്ചിട്ടുണ്ട്.

മൂന്ന് കിടപ്പ് മുറികളാണ് വീടിന്. മൂന്ന് വ്യത്യസ്ത നിറങ്ങളാണ് മുറികള്‍ക്ക് നല്‍കിയിരിക്കുന്നത്. ലോഞ്ച് ഏരിയയില്‍ വിശ്രമവേളകള്‍ക്കായി ഇരിപ്പിടങ്ങളും ഒരു പൂള്‍ ടേബിളും ഒരുക്കിയിട്ടുണ്ട്. ചുറ്റുമുള്ള പച്ചപ്പ് ആസ്വദിക്കാന്‍ തക്കവണ്ണം ബാല്‍ക്കണികളും വീടിനെ മനോഹരമാക്കുന്നു.
ടിപ്പിക്കല്‍ ഇന്ത്യന്‍ സ്റ്റൈലില്‍ ആവണം വീട് എന്നതായിരുന്നു കങ്കണയുടെ പ്രധാന ഡിമാന്‍ഡ്. തന്റെ കുടുംബവീടിന്റെ അതേരീതിയിലാണ് പുതിയ വീടും താരം നിര്‍മിച്ചിരിക്കുന്നത്. അമൂല്യമായ ഇന്ത്യന്‍ ആര്‍ക്കിടെക്ചര്‍ രീതി പിന്തുടരുകയും പരിപാലിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണെന്നും പഴമയെ കൈവെടിയരുതെന്നും കങ്കണ പറയുന്നു.'
ഇന്ത്യന്‍ പൊളിറ്റിക്‌സ് പശ്ചാത്തലമാക്കിയുള്ള 'എമര്‍ജന്‍സി ആണ് കങ്കണയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ ഇന്ദിര ഗാന്ധിയായാണ് താരം വേഷമിടുന്നത്. അടിയന്തരാവസ്ഥയും ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറുമാണ് ചിത്രത്തിന്റെ പ്രമേയം.
English Summary- Kangana Ranaut Shows Pictures of New House in Manali