പുതിയ സ്വപ്നവീട്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം മോഹൻലാൽ. ബുധനാഴ്ചയായിരുന്നു പാലുകാച്ചൽ. ക്ഷണിക്കപ്പെട്ട അൻപതോളം ആളുകൾ മാത്രമായിരുന്നു ചടങ്ങിൽ. കൊച്ചി കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് പുതിയ ഫ്ലാറ്റ്. 15, 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് താരം സ്വന്തമാക്കിയതെന്നാണ് വിവരം.

ആഡംബര വീടിനെ വെല്ലുന്ന സൗകര്യങ്ങളാണ് ഉയരങ്ങളിലുള്ള ഫ്ലാറ്റിൽ ഒരുക്കിയിട്ടുള്ളത്. എന്നാൽ ഏറ്റവും വലിയ ഹൈലൈറ്റ് എൻട്രൻസിൽ സ്ഥാപിച്ച ഒരു ലാംബ്രട്ട സ്കൂട്ടറാണ്. ഇട്ടിമാണി സിനിമയിൽ താരം ഉപയോഗിച്ച സ്കൂട്ടറാണിത്. രാജാവിന്റെ മകൻ സിനിമയിലെ പ്രശസ്ത ഡയലോഗ് ഓർമയില്ലേ: " മൈ ഫോൺ നമ്പർ ഈസ് 2255"... അതിനെ അനുസ്മരിപ്പിക്കുന്ന 2255 നമ്പരാണ് സ്കൂട്ടറിന്.
ഗസ്റ്റ് ലിവിങ്, ഡൈനിങ്, പൂജാ റൂം, പാൻട്രി കിച്ചൻ, വർക്കിങ് കിച്ചൻ എന്നിവയാണ് താഴത്തെ നിലയിൽ. പാചകത്തിൽ താൽപര്യമുള്ള താരം വിപുലമായാണ് കിച്ചൻ ഒരുക്കിയിട്ടുള്ളത്. ആഡംബരം നിറയുന്ന നാല് കിടപ്പുമുറികൾ ഫ്ലാറ്റിലുണ്ട്. ഇതുകൂടാതെ മേക്കപ്പ് റൂം, സ്റ്റാഫ് റൂമുമുണ്ട്.
ചെന്നൈയിൽ കടൽത്തീരത്തോട് ചേർന്ന വീട്ടിലാണ് താരം പ്രധാനമായും താമസിക്കുന്നത്. തേവരയിലുള്ള വീട്ടിൽ അറ്റകുറ്റപണികൾ നടക്കുകയാണ്.
കഴിഞ്ഞ വർഷം ദുബായിലെ ആർപി ഹൈറ്റ്‌സിൽ മോഹൻലാൽ ആഡംബരഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു.
Content Summary : Mohanlal bought new luxury house in kochi