ADVERTISEMENT

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന്റെ നിറവിലാണ് മലയാളിയായ നടി അപർണ ബാലമുരളി. 'സുരരൈ പോട്ര്' എന്ന തമിഴ് സിനിമയിലെ അഭിനയത്തിനാണ്  പുരസ്‌കാരം എങ്കിലും മലയാളത്തിനും അഭിമാനിക്കാം. വീടുകളോടുള്ള ഇഷ്ടം കൊണ്ട് ആർക്കിടെക്ചർ പഠിച്ചശേഷം സിനിമയിലെത്തി നേട്ടങ്ങൾ കൊയ്തു അപർണ. ദേശീയപുരസ്കാരത്തിന്റെ നിറവിൽ അപർണയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് അവർ നേരത്തെ നൽകിയ അഭിമുഖം സംക്ഷിപ്തമായി പുനഃപ്രസിദ്ധീകരിക്കുന്നു.

 

എങ്ങനെ ആർക്കിടെക്ച്ചർ?...

ചെറുപ്പം മുതലേ ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു. അത്യാവശ്യം വരയ്ക്കുകയും ചെയ്യുമായിരുന്നു. നല്ല വീടുകളോടും ഇഷ്ടമുണ്ട്. അങ്ങനെയാണ് ഉപരിപഠനത്തിനു ആർക്കിടെക്ച്ചർ തിരഞ്ഞെടുത്തത്. 

aparna-balamurali-surya

 

ആർക്കിടെക്ച്ചറിൽ നിന്നും സിനിമയിലേക്ക്?...

തിരക്കഥാകൃത്ത് ശ്യാം പുഷ്‌കറിന്റെ ഭാര്യ ഉണ്ണിമായ (മഹേഷിന്റെ പ്രതികാരത്തിലെ ചിൽ സാറ ചിൽ) ആർക്കിടെക്റ്റും എന്റെ ടീച്ചറുമാണ്. മായ ടീച്ചറിലൂടെയാണ് എനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നുകിട്ടിയത്. തൃശൂർ പൂങ്കുന്നമാണ് സ്വദേശം. ഇവിടെ ഒരു ഫ്ലാറ്റിലാണ് ഇപ്പോൾ കുടുംബമായി താമസം. വീട് പണിയാനുള്ള ആശയങ്ങളുടെ പണിപ്പുരയിലാണ് ഞങ്ങൾ.

 

സ്വപ്നവീട്?...

എനിക്ക് ധാരാളം കാറ്റും വെളിച്ചവുമൊക്കെ കടന്നു ചെല്ലുന്ന തുറന്ന അകത്തളങ്ങളുള്ള വീടുകളോടാണ് പ്രിയം. പ്രിയപ്പെട്ട ഇടങ്ങൾക്കൊക്കെ അത്യാവശ്യം സ്വകാര്യതയും ഉണ്ടാകണം. ഏതെങ്കിലും ഒരു ശൈലിയോടുമാത്രം താല്പര്യമില്ല, എല്ലാ ശൈലികളിൽ നിന്നും നല്ല അംശങ്ങൾ  തിരഞ്ഞെടുത്ത ഒരു വീടാണെന്റെ സ്വപ്നം. പ്ലാൻ വരയ്ക്കാനും മേൽനോട്ടം നൽകാനും മറ്റൊരാളെ വയ്‌ക്കേണ്ട എന്ന ഗുണവുമുണ്ടേ..എന്റെ ക്രിയേറ്റീവ് കഴിവുകൾ എല്ലാം പുതിയ വീടിന്റെ നിർമാണത്തിൽ വാരിക്കോരി വിതറാനാണ് പ്ലാൻ. 

 

aparna-balamurali-bommi

കേരളത്തിലെ ആർക്കിടെക്ച്ചർ മേഖല?..

നല്ല കോംപറ്റീഷനുളള മേഖലയാണ് കേരളത്തിലെ ആർക്കിടെക്ച്ചർ ഫീൽഡ്. കേരളത്തിലെ മികച്ച ആർക്കിടെക്ടുകളുടെ വർക്കുകളൊക്കെ ശ്രദ്ധിക്കാറുണ്ട്. ആർക്കിടെക്ച്ചർ ഹിസ്റ്ററി എനിക്ക് പ്രിയപ്പെട്ട മേഖലയാണ്. അതും ശ്രദ്ധിക്കാറുണ്ട്.

 

ആർക്കിടെക്റ്റോ ഫിലിം സ്റ്റാറോ?

സിനിമയിൽ തുടർന്നും നല്ല വേഷങ്ങൾ ലഭിച്ചാൽ ഫിലിം സ്റ്റാർ. അല്ലെങ്കിൽ ആർക്കിടെക്ട്...

ഇതിൽ അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നത്തെ ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിലൂടെ ലഭിച്ചിരിക്കുന്നത്. കൂടുതൽ മികച്ച വേഷങ്ങൾ ഇനിയും അപർണയെ തേടിയെത്തട്ടെ എന്നാശംസിക്കുന്നു.

English Summary- Aparna Balamurali National Award Winner Talks about Architecture, Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com