ADVERTISEMENT

ഇതാണ് ഞങ്ങളുടെ വീട്. എന്റെ മുപ്പതാമത്തെ വയസ്സിൽ, ഞാനും ഭർത്താവും ചേർന്ന് പണി കഴിപ്പിച്ചത്. വെൽഡറുമാരുടെ കൈയിൽ പൈസയ്ക്കെന്താണ് കുറവ് എന്ന ചോദ്യം ഞങ്ങളും കേട്ടിട്ടുണ്ട്. പക്ഷേ മഴക്കാലങ്ങൾ എന്നും വെല്ലുവിളിയാണ്. കറന്റ് ഇല്ലാതെ വെൽഡറുമാരുടെ ജോലി നടക്കില്ലല്ലോ. അദ്ദേഹത്തിന്റെയോ എന്റെയോ മാതാപിതാക്കൾക്ക് വലിയ സമ്പാദ്യമോ ഭൂസ്വത്തോ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് സ്വന്തമായി സ്ഥലമോ വീടോ ഇല്ല. വിവാഹജീവിതം ആരംഭിച്ചത്, ഒരു വാടകവീട്ടിലായിരുന്നു...നീണ്ട പതിനൊന്ന് വർഷങ്ങൾ ആറോ, ഏഴോ വാടകവീടുകളിൽ ജീവിച്ചു.

പക്ഷേ സാധാരണക്കാർക്ക് വാടകവീട് ജീവിതം എന്നും ദുരിതമാണ്. നുള്ളി പെറുക്കി കൂട്ടുന്നതൊക്കെ മാസാവസാനം വാടക കൊടുക്കണം. കറന്റ് ബില്ലാണ് അതിഭീകരം. ഒരു ഫാൻ പോലും ഇല്ലാതിരുന്ന സമയത്ത് 2000 രൂപ ബില്ലടിച്ചിട്ടുണ്ട്. മീറ്റർ മാറ്റി വച്ചാൽ തീരുന്ന പ്രശ്നം. പക്ഷേ മിക്ക ഓണർമാർക്കും ഇതൊന്നും ഒരു വിഷയവുമല്ല.

ഒരു ചെടി നട്ടാൽ, അതെന്തു കൊണ്ട് നട്ടുവെന്ന് കാര്യകാരണ സഹിതം ബോധിപ്പിക്കണം. വാടകവീടുകളുടെ പൊതുവായ പ്രശ്നം, സ്വാതന്ത്ര്യം ഇല്ല എന്നതാണ്.എന്ന് പൈസയുണ്ടാക്കി സ്ഥലം വാങ്ങുമെന്ന് ഞങ്ങൾ പരസ്പരം ചോദിച്ചിരുന്നു. താമസിച്ചിരുന്ന പല വീടിന്റെയും ഉടമസ്ഥാവകാശം മാറി കിടന്നത് കൊണ്ട് മാത്രം വാടകചീട്ടുമായി റേഷൻ കാർഡിന് വേണ്ടി രണ്ടു വർഷമാണ് നടന്നത്.

അതിനിടെ കുറച്ചു സ്ഥലം വാങ്ങി. ലൈഫ് മിഷനിൽ വീടിനു അപേക്ഷ കൊടുത്തു. അപ്പോഴാണ് കൊവിഡ് പ്രതിസന്ധി വല്ലാതെ രൂക്ഷമായത്. വാടക കുടിശ്ശികയായി...നിത്യ ചെലവുകൾ പോലും ബുദ്ധിമുട്ടിലായി.... അപ്പോഴാണ് ഒരു ചെറുവീടുണ്ടാക്കി, പുതിയ വീട് പണിയുന്നതുവരെ താമസിച്ചാലോ എന്ന് തീരുമാനിച്ചത്. കയ്യിലിരുന്ന കാശു തികയാതെ വന്നപ്പോൾ കുറച്ചു കടം വാങ്ങി...കറന്റ് കണക്‌ഷൻ എടുത്തു. വാട്ടർ കണക്‌ഷന് അപേക്ഷ നൽകി. തൽക്കാല ആവശ്യങ്ങൾക്കായി ഇപ്പോൾ വെള്ളം കിട്ടുന്നുണ്ട്.

small-house

ജൂണിലാണ് പണി തുടങ്ങിയത്. ബാത്റൂം പോലും ഭർത്താവ് തന്നെ കെട്ടി. പുറത്ത് നിന്നും ഒരു പണിക്കാരനെ വിളിച്ചില്ല... രണ്ടു മാസം കൊണ്ടാണ് പണി തീർത്തത്. കുറച്ചു കടം വാങ്ങിയും മറ്റുമാണ് ഇതും പണിതത്. ഇപ്പോൾ പുതിയ വീടിന്റെ പണി നടക്കുന്നു.

സ്വന്തമായി ഒരു വീടില്ലാത്തതിന്റെ ബുദ്ധിമുട്ട് ഞങ്ങൾ അനുഭവിച്ചത് കുഞ്ഞുങ്ങൾക്ക് അനുഭവിക്കേണ്ടി വരില്ല. ലോകത്തെവിടെ പോയിട്ട് വന്നാലും അവർക്ക് ഈ വീടുണ്ടാവും. ഇനി സ്വന്തമായി കിടപ്പാടം ഇല്ലാത്തവരോടാണ്. ആദ്യം ചെറിയ സ്വപ്നങ്ങൾ കണ്ടു തുടങ്ങണം. സ്വന്തമായി സ്ഥലം ഉണ്ടെങ്കിൽ വാടക കൊടുക്കാതെ ദുരഭിമാനം മാറ്റിവച്ച് ഒരു ചെറുവീടുണ്ടാക്കി താമസിച്ചു തുടങ്ങണം.

ഇപ്പോൾ ഒരുപാട് ലോൺ ഒക്കെ കിട്ടുന്നതാണ്. അത്യാവശ്യം വഴി സൗകര്യം ഒക്കെ നോക്കി ഇത്തിരി ഉൾപ്രദേശങ്ങളിൽ സ്ഥലം ഒക്കെ വാങ്ങാൻ നോക്കുക. കുറഞ്ഞ വിലയിൽ കിട്ടും. ഞാൻ താമസിക്കുന്നത് ഉൾപ്രദേശത്താണ്. എങ്കിലും ഹാപ്പി.

വെറുതെ ഉപദേശിക്കാൻ ആർക്കും കഴിയും. എന്നാൽ നമ്മുക്കെന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നമുക്ക് മാത്രേമേ അറിയുള്ളു. 2021 ൽ വരെ ഉണ്ടായിരുന്ന കടങ്ങൾ ഒക്കെ പതുക്കെ വീട്ടിതുടങ്ങിയതും, ഈ വർഷം പുതിയ കടങ്ങൾ ഒന്നും ഇല്ലാത്തതും പാർട്ട് ടൈം ആയി ഭർത്താവ് ട്യൂഷൻ എടുക്കുന്നതും, ഞാൻ എംബ്രോയ്ഡറി ചെയ്യുന്നതുമൊക്കെയാണ് (സോഷ്യൽ മീഡിയയിലൂടെയാണ് വിപണനം) ഇപ്പോഴത്തെ സന്തോഷങ്ങൾ. കുറച്ചു കഷ്ടപ്പെട്ടാലും കാലം എന്തെങ്കിലും ഒക്കെ കരുതി വച്ചിട്ടുണ്ടാവും...

English Summary- Couple Self Built Small Temporary House to save Rent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com