ADVERTISEMENT

ലക്ഷക്കണക്കിന് വരുന്ന തന്റെ ആരാധകലോകത്തിനായി സന്തോഷമുള്ള ഒരു വാർത്ത പങ്കുവച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം യുവരാജ് സിങ്. ഗോവയിലെ തന്റെ അവധിക്കാല വസതിയിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഒരുക്കുന്നതായാണ് താരം അറിയിച്ചിരിക്കുന്നത്. ഓൺലൈൻ റെന്റൽ സൈറ്റിലൂടെ കാസാ സിങ് എന്ന വീടിന്റെ ബുക്കിങ്. 

yuvi-villa-side

മോർജിം ഗോവയിൽ ചപ്പോര നദിയുടെ വടക്കൻ തീരത്തായാണ് വീട് സ്ഥിതി ചെയ്യുന്നത്. ചപ്പോര നദി കടലിൽ ചേരുന്ന മനോഹരമായ കാഴ്ച ആസ്വദിക്കാവുന്ന വിധത്തിൽ കുന്നിന് മുകളിലായാണ് നിർമ്മാണം. ഇവിടെയിരുന്നാൽ കുന്നിന്റെ താഴ്‌വാരത്ത് ഗോവൻ ഗ്രാമങ്ങളുടെ മനോഹരമായ കാഴ്ചകളും കാണാം.  മിനിമലിസത്തിന് പ്രാധാന്യം നൽകി നിർമ്മിച്ചിരിക്കുന്ന വീട്ടിൽ സുഹൃത്തുക്കളും കുടുംബവുമൊത്ത് യുവരാജ് സിങ് ഏറെ ദിനങ്ങൾ ചിലവിട്ടിട്ടുണ്ട്. ക്രിക്കറ്റ് ജീവിതത്തിലെ മറക്കാനാവാത്ത ഓർമ്മകളെല്ലാം ചിത്രങ്ങളായി ഇവിടെ സൂക്ഷിച്ചിട്ടുമുണ്ട്. 

yuvi-goa-villa-inside

ആറുപേരടങ്ങുന്ന സംഘത്തിന് വീട് ബുക്ക് ചെയ്ത് ഉപയോഗിക്കാം. ഒരു രാത്രി തങ്ങുന്നതിന് 1200 രൂപയാണ് ഈടാക്കുന്നത്. വീട്ടിനുള്ളിൽ ചെക്കിൻ ചെയ്തു കഴിഞ്ഞാൽ തന്നെ വിർച്വലായി കാണാനുള്ള അവസരം ഉണ്ടെന്നും യുവരാജ് സിങ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. അതിഥികൾക്ക് ഇ- ബൈക്കിൽ ദിവാർ ദ്വീപ് സന്ദർശിക്കാനും ഗോവൻ വിഭവങ്ങൾ ആവോളം രുചിക്കുവാനും അവസരമുണ്ട്.

yuvi-villa-goa-interior

സൂര്യോദയവും സൂര്യാസ്തമയും വീടിന്റെ ഡെക്കിൽ ഇരുന്നു തന്നെ കണ്ടാസ്വദിക്കാം. താമസത്തിന് എത്തുന്നവർക്ക് ഉപയോഗിക്കാവുന്ന  വിധത്തിൽ വീട്ടുമുറ്റത്തു തന്നെ സ്വിമ്മിങ് പൂളും ഒരുക്കിയിട്ടുണ്ട്. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട്  ഇവിടെ അവധി ദിനങ്ങൾ ചിലവിടാം. വെള്ള, നീല എന്നീ നിറങ്ങൾക്ക് പ്രാധാന്യം നൽകിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പല തട്ടുകളായി ഒരുക്കിയിരിക്കുന്ന മുറ്റത്താകെ ടൈലുകൾ പാകിയിരിക്കുന്നു. ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, അടുക്കള എന്നിങ്ങനെ എല്ലായിടങ്ങളിലും ലാളിത്യത്തിനാണ് പ്രാമുഖ്യം നൽകിയിരിക്കുന്നത്.

yuvi-house-view

പുറംകാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ എല്ലാ മുറികൾക്കും പ്രത്യേക ബാൽക്കണികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ ബാധിക്കാത്ത വിധത്തിൽ ഗോവയുടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് കാസ സിങ്ങിന്റെ നിർമ്മാണം.

English Summary- Now Visitors can Stay in Yuvraj Singh's Goa Villa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com