ADVERTISEMENT

ഏതാനും മാസങ്ങൾക്കു മുൻപാണ് ദുബായിലെ കൃത്രിമ ദ്വീപായ പാം ജുമൈറയിൽ ഇളയ മകൻ ആനന്ദിനായി മുകേഷ് അംബാനി ആഡംബര വില്ല വാങ്ങിയതായി വാർത്തകൾ പുറത്തുവന്നത്. 80 മില്യൻ ഡോളറിന് (662 കോടി രൂപ) നടന്ന വീടിന്റെ വിൽപന റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ 163 മില്യൺ ഡോളർ  (1349 കോടി രൂപ) മുടക്കി ദുബൈയിൽ മുകേഷ് അംബാനി മറ്റൊരു ആഡംബര വില്ല സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ഇതോടെ ദുബായിലെ ഏറ്റവും വിലമതിപ്പുള്ള സ്വകാര്യ വസതി എന്ന റെക്കോർഡ് വീണ്ടും മുകേഷ് അംബാനിക്ക് സ്വന്തമായിട്ടുണ്ട്. 

പാം ജുമൈറയിൽ തന്നെയാണ് രണ്ടാമത്തെ വില്ല അംബാനി  സ്വന്തമാക്കിയിരിക്കുന്നത്. കുവൈറ്റിലെ പ്രമുഖ വ്യവസായിയും സ്റ്റാർബക്സ്, എച്ച് ആൻഡ് എം, വിക്ടോറിയ സീക്രട്ട് തുടങ്ങിയ റീട്ടെയിൽ ബ്രാൻഡുകളുടെ പ്രാദേശിക ഫ്രാഞ്ചൈസികളുടെ ഉടമയുമായ മുഹമ്മദ് അൽഷായയുടെ കുടുംബത്തിൽ നിന്നാണ് അംബാനി വില്ല വാങ്ങിയിരിക്കുന്നതെന്നാണ് വിവരം. മകൻ ആനന്ദിനായി സ്വന്തമാക്കിയ വില്ലയ്ക്ക് സമീപം തന്നെയാണ് പുതിയ വസതിയും സ്ഥിതി ചെയ്യുന്നത്. 

ആഡംബര വില്ലയുടെ വിൽപ്പന 163 മില്യൺ ഡോളറിന് നടന്നതായി ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.  എന്നാൽ ബംഗ്ലാവ് വാങ്ങിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.ദുബായിൽ തന്റെ ബിസിനസ് വ്യാപിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് അംബാനി പുതിയ വില്ല സ്വന്തമാക്കിയത് എന്നാണ് വിലയിരുത്തൽ. എന്നാൽ വില്ലയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

10 ബെഡ്റൂമുകൾ, ഇൻഡോർ - ഔട്ട്ഡോർ സ്വിമ്മിങ് പൂളുകൾ, പ്രൈവറ്റ് സ്പാ തുടങ്ങിയ എല്ലാവിധ ആഡംബരങ്ങളും അംബാനി ആദ്യം സ്വന്തമാക്കിയ പാം ജുമൈറയിലെ വില്ലയിൽ ഒരുക്കിയിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കു മുൻപ് 82.4 മില്യൺ ഡോളറിന് (682 കോടി രൂപ) പാം ജുമൈറയിൽ മറ്റൊരു വില്ലയുടെ വില്പന നടന്നതോടെയാണ് അംബാനി ആദ്യം സൃഷ്ടിച്ച റെക്കോർഡ് തകർന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് മന്ദഗതിയിലായ ദുബായുടെ റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും സജീവമാകുന്നു എന്ന സൂചനയാണ് ഇത്തരം വൻകിട ഇടപാടുകൾ സൂചിപ്പിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തൻ ഉണർവ് വന്നതോടെ വിലയിൽ 70 ശതമാനത്തിലധികം വർധനവുണ്ടായതായാണ് കണക്ക്. യുഎഇയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിൽ നിന്നും ഇവിടേയ്ക്ക് ചേക്കേറിയവരാണ്. 

English Summary- Mukesh Ambani recapture Record of Most Expensive House in Dubai

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com