ടോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളിൽ മുൻനിരയിലാണ് ജൂനിയർ എൻടിആറിന്റെ സ്ഥാനം. പാൻ ഇന്ത്യൻ താരമായി പ്രശസ്തി നേടിയ ജൂനിയർ എൻടിആർ ആസ്തിയുടെ കാര്യത്തിലും മുൻപന്തിക്കാരനാണ്. കോടികൾ വിലമതിക്കുന്ന ആഡംബര വീടാണ് ഹൈദരാബാദിൽ അദ്ദേഹത്തിനുള്ളത്.

ഹൈദരാബാദിലെ പോഷ് ഏരിയയായ ജൂബിലി ഹിൽസിലാണ് ജൂനിയർ എൻടിആറിന്റെ ആഡംബര ബംഗ്ലാവ്. 25 കോടി വിലമതിപ്പുള്ള വീടാണ് ഇതെന്നാണ് കണക്കാക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളിലൂടെയാണ് വീടിന്റെ ചിത്രങ്ങൾ ആരാധകരിലേക്ക് എത്താറുള്ളത്. ഭാര്യയും രണ്ടാൺമക്കളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം.

വിശാലമായ പൂന്തോട്ടവും ചെടികൾ ഉൾപ്പെടുത്തിയ ടെറസുമാണ് മറ്റൊരു പ്രത്യേകത. ധാരാളം മരങ്ങളുള്ള പൂന്തോട്ടത്തിൽ കുടുംബത്തിന് ഒരുമിച്ചിരുന്ന് സമയം പങ്കിടാനായി കസേരകളും ഒരുക്കിയിട്ടുണ്ട്. കോമ്പൗണ്ടിലേക്കുള്ള പ്രവേശന കവാടത്തിൽ വലിയ മണി സ്ഥാപിച്ചിട്ടുണ്ട്. ജൂനിയർ എൻടിആറും മകനും കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഈ മണി മുഴുക്കുന്നതിന്റെ വിഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.
ലിവിങ് റൂമിൽ ഇളംനിറത്തിന് പ്രാധാന്യം നൽകികൊണ്ടാണ് പെയിന്റിങ്. മഞ്ഞ നിറത്തിലുള്ള സോഫകൾ മുറിയുടെ ഭംഗി എടുത്തു കാണിക്കുന്നുണ്ട്. കുടുംബത്തിന് ഒരുമിച്ച് സമയം ചെലവഴിക്കാനായി ധാരാളം സംവിധാനങ്ങൾ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. ഹോംതിയറ്ററാണ് അതിൽ പ്രധാനം.

വിശാലമായ പാർക്കിങ് ഗാരേജും വീടിനു മുൻപിൽ നിർമ്മിച്ചിരിക്കുന്നു. താരം സ്വന്തമാക്കിയിരിക്കുന്ന എല്ലാ ആഡംബര കാറുകളും പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്.
English Summary- Jr. NTR Luxury Living- Celebrity Lifestyle