ADVERTISEMENT

റിലയൻസ് ഏഡിഎ ഗ്രൂപ്പിന്റെ ചെയർമാനായ അനിൽ അംബാനി സാമ്പത്തിക പ്രതിനിധികളെ തുടർന്ന് അടുത്തകാലങ്ങളിലായി വാർത്തകളിൽ ഇടം നേടുന്നുണ്ട്. എന്നാൽ ഒരുകാലത്ത് ലോകത്തെ സമ്പന്നരുടെ പട്ടികയിൽ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന അനിൽ അംബാനിയുടെ മുംബൈയിലെ വീട് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീടുകളിൽ ഇപ്പോഴും മുൻനിരയിൽ തന്നെയാണ്. 17 നിലകളിൽ ഒരുക്കിയ കൊട്ടാരം എന്നുതന്നെ 'അഡോബ്' എന്ന ഈ വീടിനെ വിശേഷിപ്പിക്കാം. മുംബൈയിലെ പാലി ഹിൽസിലാണ് അഡോബ് സ്ഥിതി ചെയ്യുന്നത്.

നിർമ്മാണം പൂർത്തിയായ സമയത്ത് ലോകത്തിലെ തന്നെ ഏറ്റവും വിലമതിപ്പുള്ള വീടുകളിൽ ഒന്നായിരുന്നു ഇത്. എല്ലാ നിലകളും ചേർത്ത് പതിനാറായിരം അടിയാണ് അഡോബിന്റെ ആകെ വിസ്തീർണ്ണം. 70 മീറ്റർ ഉയരമുള്ള കെട്ടിടത്തിൽ ഒരു സെവൻ സ്റ്റാർ ഹോട്ടലിലുള്ള എല്ലാ ആഡംബര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഡിസൈനർമാർ എത്തിയാണ് ഈ ആഡംബര കൊട്ടാരത്തിന്റെ അകത്തളം ഒരുക്കിയത്. സ്വിമ്മിങ്പൂൾ, ജിംനേഷ്യം, സ്പാ എന്നുവേണ്ട ഏതാനും ഹെലികോപ്റ്ററുകൾ പാർക്ക് ചെയ്തിരിക്കുന്ന ഒരു കൂറ്റൻ ഹെലിപാഡ് അടക്കമുള്ള സൗകര്യങ്ങളാണ് അഡോബിലുള്ളത്.

anil

ഗ്ലാസ് സീലിങ്ങുകളും വലിയ ജനാലകളും ഉൾപ്പെടുത്തി സ്വാഭാവിക വെളിച്ചം ധാരാളമായി ലഭിക്കുന്ന വിധത്തിലാണ് പ്രവേശന കവാടത്തിന്റെ ഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആരോഗ്യകാര്യത്തിലും പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അതീവ ജാഗ്രത പുലർത്തുന്ന അനില്‍ അംബാനി വീട്ടിലുടനീളം പച്ചപ്പിന്റെ സാന്നിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്.  രേഖകൾ പ്രകാരം അഡോബിന്റെ നിർമ്മാണ ചെലവ് 5000 കോടി രൂപ ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. അനിൽ അംബാനിയുടെ ഭാര്യയും മുൻ ബോളിവുഡ് താരവുമായ ടിന അംബാനി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളിലൂടെയാണ് അഡോബിന്റെ ചിത്രങ്ങൾ പുറംലോകത്തേക്ക് എത്തുന്നത്.

anil-fam

സമുദ്രത്തിന്റെ മനോഹരമായ കാഴ്ചകൾ അഡോബിലിരുന്നു തന്നെ ആസ്വദിക്കാം. വലിയ സോഫാ സെറ്റുകളും ആഡംബര ഹാങ്ങിങ് ലൈറ്റുകളും ഉൾപ്പെടുത്തി ധാരാളം സ്ഥല വിസ്തൃതി ഉറപ്പാക്കികൊണ്ടാണ് ഓരോ മുറിയും ഒരുക്കിയിരിക്കുന്നത്. ഓഫീസ് മുറികളും വീട്ടിൽ തന്നെ ഒരുക്കിയിരിക്കുന്നു. ആഡംബര കാറുകൾ എല്ലാം പാർക്ക് ചെയ്യാനാവുന്ന ഗ്യാരേജാണ് അഡോബിലെ മറ്റൊരു കാഴ്ച.  അംബാനി കുടുംബത്തിലെ പിൻതലമുറയിൽപ്പെട്ട ഓരോ കുട്ടികൾക്കുമായി പ്രത്യേകം നിലകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പുൽത്തകിടിയും മരങ്ങളും ചെടികളും ഉൾപ്പെടുത്തിയ പ്രത്യേക ലോൺ ഏരിയ നഗരത്തിന്റെ തിരക്കുകൾക്കിടയിലും കണ്ണിന് കുളിർമ പകരുന്ന കാഴ്ചയാണ്.

മുംബൈ നഗരത്തിലെ തന്നെ ഒരു പ്രധാന ശ്രദ്ധ കേന്ദ്രമായി അനിൽ അംബാനിയുടെ വീട് ഇതിനോടകം മാറിയിട്ടുണ്ട്.  എന്നാൽ  അനിൽ അംബാനി വിഭാവനം ചെയ്തത് 150 മീറ്റർ ഉയരമുള്ള വീടായിരുന്നു എന്നാണ് വിവരം. ഇത്രയും ഉയരത്തിൽ നിർമ്മാണം നടത്താൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് നിലകളുടെ എണ്ണം 17 ആയി ചുരുക്കുകയായിരുന്നു.

English Summary- Anil Ambani House Adobe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com