ഇന്നസന്റിന്റെ പുതിയ വീട് പണിത ആർക്കിടെക്ടും നാട്ടുകാരനുമായ ജോസഫ് ചാലിശ്ശേരി ഓർമകൾ പങ്കുവയ്ക്കുന്നു.
ഞങ്ങൾ ഇരിങ്ങാലക്കുടക്കാരുടെ മേൽവിലാസമായിരുന്നു ഇന്നസന്റ്. അദ്ദേഹത്തിന്റെ വീടിനടുത്താണ് എന്റെയും വീട്. നാട്ടുകാരനോടുള്ള പരിഗണന കൊണ്ടുകൂടിയാണ് പുതിയ വീടിന്റെ രൂപകൽപന അദ്ദേഹം എന്നെ ഏൽപിച്ചത്.
2021 ൽ കോവിഡും ലോക്ഡൗണുമെല്ലാം പ്രതിസന്ധി തീർത്ത സമയത്താണ് അദ്ദേഹം പുതിയ വീട് പണിയാൻ തീരുമാനിച്ചത്. പ്രാഥമിക ചർച്ചകൾക്കായി അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ഉണ്ടായ ഒരു നർമം മറക്കാനാകില്ല.
കോവിഡിന്റേയും കാൻസറിന്റെയും ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ വലച്ചിരുന്നു. അദ്ദേഹം ആദ്യംതന്നെ ഒരു ഡിമാന്റ് ഉന്നയിച്ചു.
"എത്രയും പെട്ടെന്ന് വീടുപണി തീർക്കണം. മനുഷ്യന്റെ കാര്യമാണ്. ഒരു ഗ്യാരന്റിയും ഇല്ലാത്ത കാലവും"...
അതുകേട്ട് ഭാര്യ ആലീസ് തടയിട്ടു: അങ്ങനെയൊന്നും പറയാൻ പാടില്ല..
പൊടുന്നനെയായിരുന്നു അദ്ദേഹത്തിന്റെ കൗണ്ടർ
നീ എന്താ വിചാരിച്ചേ, ഞാൻ എന്റെ കാര്യമല്ല, നിന്റെ കാര്യമാ പറഞ്ഞത്...
എന്നിട്ടൊരു കള്ളചിരിയും.
***
സെലിബ്രിറ്റി വീടുകളുടെ വിഡിയോസ് കാണാം! Subscribe Now
തന്റെ മുറിയിൽ ഇരുന്നാൽ വീടിന്റെ മിക്കയിടങ്ങളും കാണണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് അകത്തളങ്ങൾ രൂപകൽപന ചെയ്തത്. കോവിഡ് മൂലമുള്ള പ്രതിസന്ധികൾക്കിടയിലും 2022 ഫെബ്രുവരിയിൽ വീടുപണി തീർത്തു. പാലുകാച്ചൽ ദിവസം സമ്മാനങ്ങൾ നൽകിയാണ് ഞങ്ങളെ യാത്രയാക്കിയത്. കോവിഡ് കാലമായതിനാൽ സിനിമാതാരങ്ങളെ എല്ലാം വിളിച്ചുള്ള പാലുകാച്ചൽ നടന്നില്ല. അടുത്ത ബന്ധുക്കളും നാട്ടുകാരും മാത്രമാണ് അന്നുണ്ടായിരുന്നത്. പിന്നീട് മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ വന്നിരുന്നു.
ചെറുപ്പകാലത്ത് ദാരിദ്ര്യത്തിലൂടെ കടന്നുപോയതുകൊണ്ടാകാം, പുതിയ വീടുകളോട് അദ്ദേഹത്തിന് ഒരിഷ്ടമുണ്ടായിരുന്നു. ഇരിങ്ങാലക്കുടയിൽ അദ്ദേഹം വച്ച വീട് പത്തുകൊല്ലത്തിലേറെ ആയപ്പോഴാണ് പുതിയ വീട് പണിയുന്നത്. അദ്ദേഹം വച്ച ആദ്യവീടിന്റെ പേരാണ് എല്ലാ വീടുകൾക്കും നൽകിയത്- 'പാർപ്പിടം'.
കഴിഞ്ഞ ഒരുവർഷം അദ്ദേഹം ഇവിടെയാണ് താമസിച്ചത്. ഇപ്പോൾ അദ്ദേഹം വിടപറയുമ്പോൾ ഞങ്ങൾ നാട്ടുകാർക്ക് മേൽവിലാസം നഷ്ടപ്പെട്ടത് പോലെയൊരു ശൂന്യത നിറയുന്നു.
English Summary- Innocent New House- Architect Memoirs about His Humour