14 കോടിക്ക് വാങ്ങിയ വീട്ടിലേക്ക് താമസം മാറാൻ നടി സൊനാക്ഷി
Mail This Article
മുപ്പതു വയസ്സിനുള്ളിൽ സ്വന്തമായി സമ്പാദിച്ച പണംകൊണ്ട് ഒരു വീട് വാങ്ങണമെന്ന് ആഗ്രഹിച്ച് ഒടുവിൽ 36ാം വയസ്സിൽ അത് സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് നടി സൊനാക്ഷി സിൻഹ. ബോളിവുഡ് താരലോകത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച് മുംബൈയിലെ ബാന്ദ്രയിലാണ് സൊനാക്ഷിയും തന്റെ പുതിയ വീട് കണ്ടെത്തിയിരിക്കുന്നത്. താരത്തിന്റെ സമൂഹമാധ്യമ പേജുകളിലൂടെ വീടിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
വീട് ഒരുക്കിയെടുക്കാനുള്ള ചെടികളും ലൈറ്റുകളും ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും കണ്ടെത്തി കുഴഞ്ഞതായി കുറിച്ചുകൊണ്ട് താരം തന്നെയാണ് പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന്റെക്കുറിച്ചുള്ള സൂചനകൾ നൽകിയിരിക്കുന്നത്. രേഖകൾ പ്രകാരം 2020 ലാണ് സൊനാക്ഷി വീട് സ്വന്തമാക്കിയതെങ്കിലും ഇപ്പോൾ മാത്രമാണ് താമസത്തിനായി ഇവിടം ഒരുക്കിയെടുക്കുന്നത്. 14 കോടി രൂപ മുടക്കിയാണ് കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന വീട് സൊനാക്ഷി വാങ്ങിയത്. 81 ഓറിയറ്റ് എന്ന പ്രീമിയം റസിഡൻഷ്യൽ ടവറിന്റെ പതിനാറാം നിലയിൽ സ്ഥിതിചെയ്യുന്ന അപ്പാർട്ട്മെന്റാണിത്.
റിപ്പോർട്ടുകൾ പ്രകാരം 4628 ചതുരശ്ര അടിയാണ് അപ്പാർട്ട്മെന്റിന്റെ ആകെ വിസ്തീർണ്ണം. അൾട്രാ മോഡേൺ ശൈലിയിലാണ് വീടിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. സ്വീകരണമുറിയും കിടപ്പുമുറികളും ബാത്റൂമും അടക്കം എല്ലായിടത്തും പരമാവധി സ്ഥല വിസ്തൃതി ഉറപ്പാക്കിയിട്ടുണ്ട്. വാം ലൈറ്റിങ്ങാണ് വീടിന്റെ പകിട്ട് എടുത്തറിയിക്കുന്നത്.
സ്വാഭാവിക വെളിച്ചം ധാരാളമായി ലഭിക്കുന്ന രീതിയിൽ ഗ്ലാസ് ജനാലകളും ഭിത്തികളും പലഭാഗങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്നു. ഇൻഡോർപൂൾ, സ്പാ തുടങ്ങിയ സൗകര്യങ്ങളും അപ്പാർട്ട്മെന്റിലുണ്ട്. കിടപ്പുമുറികളിൽ ഇരുന്നുകൊണ്ടുതന്നെ പുറംകാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധത്തിലാണ് രൂപകല്പന.
നിലവിൽ ജുഹുവിലെ കുടുംബവീട്ടിൽ മാതാപിതാക്കൾക്കൊപ്പമാണ് സൊനാക്ഷി ജീവിക്കുന്നത്. രാമായൺ എന്നാണ് ഈ വീടിന് പേര് നൽകിയിരിക്കുന്നത്. കുറച്ചുകാലങ്ങൾക്കു മുൻപ് സെലിബ്രിറ്റി ഡിസൈനറായ റുപിൻ സുചക്കിന്റെ സഹായത്തോടെ ഈ വീടിന് സൊനാക്ഷി മേക്ക്ഓവറും നൽകിയിരുന്നു.
English Summary- Sonakshi Sinha New House in Mumbai