അന്ന് വാടക കൊടുക്കാൻ ബുദ്ധിമുട്ടി; ഇന്ന് 8 കോടിയുടെ വീടിനുടമ : നടി ദിഷയുടെ കഥ

Mail This Article
എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ദിഷ പതാനി ഭാഗ്യംകൊണ്ട് മാത്രമല്ല, നിരന്തരമായ പരിശ്രമങ്ങളിലൂടെയാണ് ബോളിവുഡിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചത്. വെറും 500 രൂപ കയ്യിൽ കരുതി മുംബൈയിൽ വന്നിറങ്ങിയ തുടക്കകാലത്തെക്കുറിച്ച് താരസുന്ദരി തന്നെ പറഞ്ഞിട്ടുണ്ട്. പഠനം ഉപേക്ഷിച്ച് സ്വന്തമായി ജീവിക്കാൻ മുംബൈയിലെത്തിയ ദിഷ മാസവാടക കൊടുക്കാൻ വഴിതേടി ആകുലപ്പെട്ടിരുന്ന ഒരുകാലവും ഉണ്ടായിരുന്നു.
ടെലിവിഷൻ പരസ്യങ്ങളിൽ അഭിനയിക്കുന്നതടക്കം പല ജോലികളും ദിഷ ചെയ്തിരുന്നു. ആ സമയത്ത് അഭിനയിക്കാൻ ലഭിച്ച അവസരങ്ങൾ പോലും ആസ്വദിക്കുന്നതിനു പകരം ഒരുജോലി എന്ന നിലയിൽ മാത്രമാണ് താൻ കണ്ടിരുന്നത് എന്നും നിത്യച്ചെലവ് നടത്തിക്കൊണ്ടുപോകാനായി ഏറെ കഷ്ടപ്പെട്ടിരുന്നു എന്നുമാണ് താരം വെളിപ്പെടുത്തിയിരുന്നത്. എന്നാൽ ചുരുങ്ങിയ സമയംകൊണ്ട് ബോളിവുഡിൽ മുൻനിരതാരമായ ദിഷ ഇന്ന് അതേമുംബൈയിലെ കോടികൾ വിലമതിക്കുന്ന അപ്പാർട്ട്മെന്റിന്റെ ഉടമയാണ്.

ബോളിവുഡ് താരങ്ങളുടെ ഇഷ്ടകേന്ദ്രമായ ബാന്ദ്രയിലാണ് ദിഷയും അപ്പാർട്ട്മെന്റ് സ്വന്തമാക്കിയത്. അറബിക്കടലിന്റെ മനോഹരമായ കാഴ്ചകളും നഗരവും കണ്ടാസ്വദിക്കാവുന്ന വിധത്തിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റാണിത്. നാലു കിടപ്പുമുറികളാണ് ദിഷയുടെ അപ്പാർട്ട്മെന്റിൽ ഉള്ളത്. രേഖകൾ പ്രകാരം എട്ടുകോടി രൂപയാണ് വീട് സ്വന്തമാക്കാനായി താരം മുടക്കിയത്. ഇതിനുപുറമേ 17.85 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും കെട്ടിവച്ചിരുന്നു.
മുംബൈയിലെ മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ രസ്തംജി കമ്പനിയുടെ രസ്തംജി പാരാമൗണ്ട് എന്ന കെട്ടിടത്തിലാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. മിനി തിയറ്റർ, പേഴ്സണലൈസ്ഡ് പൂൾ, ഗെയിം സോൺ, ജിം തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ഇവിടെയുണ്ട്. കെട്ടിടത്തിലെ പതിനാറാം നിലയിലുള്ള അപ്പാർട്ട്മെന്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇവിടെ നിന്നും പകർത്തിയ ധാരാളം ചിത്രങ്ങളും ഇൻസ്റ്റഗ്രാം പേജിലൂടെ ദിഷ പങ്കുവയ്ക്കാറുണ്ട്.

വെള്ള നിറത്തിന് പ്രാധാന്യം നൽകി കൊണ്ടാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ഫർണിച്ചറുകളും കർട്ടനുകളും ലൈറ്റുകളുമെല്ലാം ഏറെയും വെളുത്ത നിറത്തിൽ തന്നെയുള്ളവയാണ്. അകത്തളത്തിൽ പലയിടങ്ങളിലായി ഇൻഡോർ പ്ലാന്റുകളും സ്ഥാനം പിടിച്ചിരിക്കുന്നു. രണ്ട് കാർ പാർക്കിങ് സ്ലോട്ടുകളാണ് കെട്ടിടത്തിൽ താരത്തിനായി നീക്കിവച്ചിരിക്കുന്നത്.
English Summary- Bollywood Actor Disha Patani Luxury House, Life