ഇവിടം സ്വർഗമാണ്: ഹണി റോസിന്റെ വീട്ടുവിശേഷങ്ങൾ
Mail This Article
തിരക്കുകളിൽനിന്ന് തിരക്കുകളിലേക്ക് ഓടുന്ന താരമാണ് ഹണി റോസ്. സിനിമാതിരക്കുകൾക്കപ്പുറം ഉദ്‌ഘാടനചടങ്ങുകൾ ഒഴിഞ്ഞ സമയമേയില്ല താരത്തിന്...പക്ഷേ ഈ തിരക്കുകളിൽനിന്ന് ഹണി തിരികെ ഓടിയെത്താൻ കൊതിക്കുന്ന ഒരിടമുണ്ട്. തൊടുപുഴയിലുള്ള സ്വന്തം വീട്. ശരിക്കും പച്ചപ്പും ഫലവൃക്ഷങ്ങളും നിറഞ്ഞ ഒരു സ്വർഗമാണ് ഹണിയുടെ വീട്. ഹണി വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
വീട്- എന്റെ സ്വർഗം...
ഭൂമിയിലെ ഒരു ചെറിയ ഏദൻതോട്ടമാണ് എന്റെ വീട് എന്നുപറയാം. നിറയെ പച്ചപ്പും ഫലവൃക്ഷങ്ങളും കിളികളും പൂമ്പാറ്റകളും നല്ല സുഖമുള്ള കാലാവസ്ഥയും നിറഞ്ഞ അന്തരീക്ഷമാണ് ഇവിടെ..
ഞാൻ 18 വർഷമായി സിനിമയിൽ എത്തിയിട്ട്. തൊടുപുഴയിൽ വീട് വച്ചിട്ട് എട്ടുവർഷമായി. ഈ സ്ഥലം ഒരു കുന്നുപോലെ കിടന്നതാണ്. അതിനെ ഞങ്ങളുടെ ആഗ്രഹപ്രകാരം പച്ചപ്പിന്റെ തുരുത്താക്കി മാറ്റിയെടുത്തതാണ്. എനിക്ക് ചെടികളും മരങ്ങളും ഒരുപാടിഷ്ടമാണ്. വീട് വച്ചപ്പോൾ ചെടിയും മരങ്ങളും പുൽത്തകിടിയുമൊക്കെ ഉണ്ടാക്കാനുള്ള സ്ഥലം ഇട്ടിട്ടാണ് വച്ചത്. നിറയെ പച്ചപ്പും പുല്ലും മരങ്ങളും കിളികളും ഒക്കെ നിറഞ്ഞ പറമ്പാണ് ചുറ്റും. ഇറങ്ങി നടക്കുമ്പോൾ മനസ്സിന് കുളിർമയാണ്.
വീട് ഇങ്ങനെ വേണമെന്ന് എന്റെയും അച്ഛന്റെയും അമ്മയുടെയും കൂട്ടായ തീരുമാനമായിരുന്നു. ഒരു ഗൂഗിൾ ഫോട്ടോ കണ്ടിട്ട് ഇതുപോലെ വേണമെന്ന് പറഞ്ഞുകൊടുത്തു ചെയ്യിച്ചു. വെള്ളനിറത്തിനു ഒരു പോസിറ്റീവ് ഫീൽ ആണ്. അതുകൊണ്ടാണ് മുഴുവൻ വെള്ളനിറത്തിൽ വീട് പെയിന്റ് ചെയ്തത്. വീടും വീട്ടുപകരണങ്ങളും കർട്ടനും എല്ലാം വെള്ളനിറമാണ്.
ആലുവയിൽ ഫ്ലാറ്റ് വാങ്ങിയപ്പോൾ പല നിറത്തിലാണ് പെയിന്റ് അടിച്ചത്. കുറച്ചുനാൾ കഴിയുമ്പോൾ അത് മടുക്കും. വെള്ളനിറത്തിന് എപ്പോഴും ഒരു പുതുമ ഉണ്ടാകും. പുറത്തു നിന്ന് ആര് വന്നാലും വെള്ളയും പച്ചയും കലർന്ന അന്തരീക്ഷം ഉണർവ് നൽകും.
വീട് വൃത്തിയായി പരിപാലിക്കുന്നത് അമ്മയാണ്. തിരക്കിനിടയിൽ എനിക്കതിന് സമയംകിട്ടാറില്ല. പക്ഷേ, വീട്ടിൽ ചെടികൾ വച്ച് പിടിപ്പിച്ചതിന്റെ ക്രെഡിറ്റ് എനിക്കാണ്. ചെടികൾ പരിപാലിക്കാൻ ഞങ്ങൾക്ക് കുറച്ചു ചേച്ചിമാരുണ്ട്. ഞാൻ വല്ലപ്പോഴുമേ വീട്ടിൽ ഉണ്ടാകാറുള്ളു. തൊടുപുഴ എപ്പോഴും മഴകിട്ടുന്ന സ്ഥലമാണ്. അതുകൊണ്ടാണ് ചെടികൾ ഒക്കെ നന്നായി നിൽക്കുന്നത്.
സെലിബ്രിറ്റി വീട് വിഡിയോസ് കാണാം
വീടോർമകൾ...
ഇടുക്കി ജില്ലയിൽ തന്നെ ചെപ്പുകുളം എന്ന സ്ഥലത്താണ് ജനിച്ചു വളർന്നത്. ചെറിയ ഗ്രാമമാണ് അത്. കുടുംബവീട് ഒരു പഴയ ഓടിട്ട വീടായിരുന്നു. അങ്കിൾ, ആന്റിമാർ, കസിൻസ് അങ്ങനെ എല്ലാവരും ചേർന്ന് ഒരുപാട് ആളുകൾ ഉള്ള വീടായിരുന്നു. അമ്മൂമ്മമാരുടെ പാചകവും കളിയും ചിരിയുമൊക്കെ ഓർമയുണ്ട്. ഇപ്പോൾ അവിടെനിന്ന് എല്ലാവരും പോയി. വീട് അവിടെ ഉണ്ട്..പക്ഷേ ആരും താമസമില്ല.
ഞാൻ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്ത് എറണാകുളത്ത് ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്താണ് താമസിച്ചിരുന്നത്. പിന്നീട് ആലുവയിൽ ഫ്ലാറ്റ് വാങ്ങി. ആലുവയിൽ താമസിക്കുന്നതും ഇഷ്ടമാണ്. നഗരത്തിൽ വേറൊരു ബിസി ജീവിതമാണല്ലോ. പക്ഷേ ഫ്ലാറ്റിൽ താമസിക്കുമ്പോൾ കൂട്ടിലടച്ചതുപോലെ തോന്നും. തൊടുപുഴയിലെ വീട്ടിൽ എത്തുമ്പോൾ കൂടുതുറന്നു വിടുന്ന കിളിയുടെ അവസ്ഥയാണ് മരങ്ങൾ നിറഞ്ഞ പറമ്പിൽ പുല്ലിനിടയിലെ നടപ്പാതയിലൂടെ തണുപ്പും പച്ചപ്പും ആസ്വദിച്ച് നടക്കും. മനസ്സിനും ശരീരത്തിനും വല്ലാത്ത സുഖമാണ് അത് തരുന്നത്. ശുദ്ധവായുവും ശുദ്ധജലവും ആസ്വദിക്കണമെങ്കിൽ തൊടുപുഴയിലെ വീട്ടിൽ തന്നെ വരണം.
ഫലവൃക്ഷങ്ങളുടെ സ്വർഗം..
എന്റെ വീട്ടുവളപ്പിൽ പലതരം ഫലവൃക്ഷങ്ങളുണ്ട്. അബിയൂ, റോളീനിയ, ചാമ്പ, മാവ്, പ്ലാവ് എല്ലാം ഉണ്ട്. ഇതെല്ലാം വീട് വച്ചതിനു ശേഷം വച്ചുപിടിപ്പിച്ചതാണ്. 'നാം ഡോക്ക് മായി' എന്നൊരു മാവ് ഉണ്ട്. ലോകത്തിലെ ഏറ്റവും മധുരമേറിയ മാങ്ങയാണ് അതിൽ ഉണ്ടാകുന്നത്. അത് മരം ആയിട്ടാണ് വാങ്ങിയത്. തൊട്ടടുത്ത വർഷംമുതൽ കായ്ച്ചു തുടങ്ങി. വീട്ടിൽ പലതരം അത്തി ഉണ്ട്.
ഞാൻ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് ചെടികൾ വാങ്ങാനാണെന്ന് തോന്നുന്നു. വീടിനു ചുറ്റും മുളയാണ് വച്ച് പിടിപ്പിച്ചിരിക്കുന്നത്. നമ്മുടെ പറമ്പിൽ പാമ്പുണ്ട്. മുളയിൽ കൂടി പാമ്പ് കയറിപോകുന്നത് കണ്ടിട്ടുണ്ട്. വീടിനേക്കാൾ വലിയ മതിലാണ് പണിഞ്ഞിരിക്കുന്നത്.
യാത്രയിൽ കണ്ട വിസ്മയങ്ങൾ..
എനിക്ക് പഴയ കോട്ടകളും കൊട്ടാരങ്ങളുമൊക്കെ കാണാൻ ഭയങ്കര ഇഷ്ടമാണ്. അയർലണ്ടിൽ പോയപ്പോൾ ഞാൻ കോട്ടകൾ കാണാൻ പോയിരുന്നു. ഒരു കോട്ടയിൽ പോയി ഒരു കല്ലിൽ ചുംബിക്കുന്ന വിഡിയോ ഞാൻ ഷെയർ ചെയ്‌തിരുന്നു. പൈതൃകമുറങ്ങുന്ന പഴയ കൊട്ടാരങ്ങളും വീടുകളും ഒക്കെ ഇഷ്ടമാണ്. എത്രയോ തലമുറകൾ അവിടെ താമസിച്ചിട്ടുണ്ടാകാം, എന്തോരം കഥകൾ അവർക്ക് പറയാനുണ്ടാകും...അങ്ങനെയൊക്കെ ഞാൻ ചിന്തിക്കാറുണ്ട്. എവിടെ പോയാലും നഗരങ്ങളിലെ മാളുകൾക്ക് പകരം ഞാൻ ഇതുപോലെയുള്ള കാസിലുകളാണ് സന്ദർശിക്കുന്നത്. ഇനി ലണ്ടനിൽ പോയി പഴയ കൊട്ടാരങ്ങളും കോട്ടകളും ഒക്കെ സന്ദർശിക്കണം എന്ന് ആഗ്രഹമുണ്ട്.
സ്വപ്‌നവീട്
ഇനി ഒരു വീട് വയ്ക്കുമ്പോൾ ഊട്ടി, വാഗമൺ അല്ലെങ്കിൽ മൂന്നാർ അത്തരത്തിലുള്ള കാലാവസ്ഥയുള്ള സ്ഥലത്ത് വയ്ക്കണം എന്നാണ് ആഗ്രഹം. രണ്ടുനിലവീട് വേണ്ട. ഒറ്റനിലയിൽ നല്ല ഭംഗിയുള്ള വീട് ആയിരിക്കണം. ഇപ്പോൾ ഉള്ള വീടിനു രണ്ടുനിലയുണ്ട്. പക്ഷേ മുകൾനിലയിൽ അധികം കയറാറില്ല . അത്തരത്തിൽ വീട് വയ്ക്കുന്നത് ഉപയോഗശൂന്യമാണ്. പരിപാലിക്കാനും പ്രയാസമാണ്. നിറയെ പൂക്കളും ചെടികളും പച്ചപ്പും നിറഞ്ഞ വീടായിരിക്കണം ഇനി ഉണ്ടാക്കുന്നത്. ഇവിടുത്തെ കാലാവസ്ഥയിൽ വളരാത്ത ചെടികളും മരങ്ങളും വച്ച് പിടിപ്പിക്കണം. റിലാക്സ് ചെയ്യാൻ തോന്നുമ്പോൾ അവിടെ പോയി താമസിക്കണം. വെറുതെ അങ്ങനെ ഒരു ആഗ്രഹമുണ്ട് എപ്പോഴെങ്കിലും സാധിക്കുമോ എന്ന് അറിയില്ല.
English Summary- Honey Rose House in Thodupuzha- Celebrity Home Malayalam