ADVERTISEMENT

വിശ്രമിച്ചാൽ ക്ഷീണിക്കുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി. തിരുവനന്തരപുരത്ത് തന്റെ നാടായ പുതുപ്പള്ളിയെ പ്രതിഷ്ഠിച്ച അദ്ദേഹത്തിന് പക്ഷേ  പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീടില്ലായിരുന്നു. എങ്കിലും  കേരളത്തിലുടനീളം ഓടിനടന്ന് പ്രവർത്തിച്ച അദ്ദേഹത്തിന് തണലൊരുക്കിയ ചില വീടുകളുണ്ട്.

 

Oommen-Chandy-kumarakom-ancestral-home

കുമരകത്തെ ജന്മവീട് 

പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെ നാടാണ്. എന്നാൽ അദ്ദേഹം ജനിച്ചത് കോട്ടയം കുമരകത്തെ അമ്മയുടെ തറവാട്ടുവീട്ടിലാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ മാതാവിന്റെ സഹോദരന്റെ മകനാണ് ഇവിടെ താമസിക്കുന്നത്.

ഒരുവട്ടിത്തറ എന്നാണ് തറവാടിന്റെ പേര്. 175 വർഷം പഴക്കമുള്ള കേരളീയ വാസ്തുശില്പ മാതൃകയിൽ നിർമിച്ച വീടാണിത്. ചെറുപ്പകാലത്ത് പഠനകാലയളവിലും അവധിക്കാലത്തും അദ്ദേഹം സ്ഥിരമായി ഇവിടെയെത്തുമായിരുന്നു. ജനപ്രതിനിധിയായപ്പോഴും അമ്മയുടെ നാട്ടിലെ മരണം, വിവാഹം തുടങ്ങിയ നാട്ടിലെ ചടങ്ങുകൾക്കെല്ലാം അദ്ദേഹം ഓടിയെത്തുമായിരുന്നു എന്ന് ബന്ധുക്കൾ സ്മരിക്കുന്നു.

 

തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്

Oommen-Chandy-puthupally-house

തന്റെ കർമമണ്ഡലമായ തിരുവനന്തപുരത്ത് അദ്ദേഹം തന്റെ നാടിനെ പ്രതിഷ്ഠിച്ചു. തിരുവനന്തപുരത്തെ ജഗതിയിലാണ് ഉമ്മൻ ചാണ്ടിയുടെ ‘പുതുപ്പള്ളി ഹൗസ്’. ഔദ്യോഗികജീവിതത്തിന്റെ ഭൂരിഭാഗം സമയവും അദ്ദേഹവും കുടുംബവും ചെലവഴിച്ചത് ഇവിടെയാണ്.

Oommen-Chandy-puthupally-home

 

പുതുപ്പള്ളിയിലെ തറവാട് വീട്

oommen-chandy-house

ഏത് തിരക്കുകളിൽനിന്നും അദ്ദേഹം ഓടിയെത്താൻ ആഗ്രഹിച്ചിരുന്ന ഇടമാണ് തന്റെ മണ്ഡലമായ കോട്ടയം പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ എന്ന കുടുംബവീട്. അനുജൻ അലക്സ് ചാണ്ടിയാണു തറവാട്ടുവീട്ടിൽ താമസിക്കുന്നത്. സഹോദരി വത്സ തൊട്ടടുത്തു താമസിക്കുന്നു.

എംഎൽഎ ആയപ്പോഴാണ് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തേക്കു താമസം  മാറ്റിയത്. ഞായറാഴ്ചകളിൽ താൻ എവിടെയാണെങ്കിലും പുതുപ്പള്ളിയിലെത്തി നാട്ടുകാരെ കാണുമെന്നും അതാണു തന്റെ തിരക്കെന്നും മുഖ്യമന്ത്രി ആയിരുന്ന കാലയളവിൽ ഉമ്മൻ‌ചാണ്ടി പറഞ്ഞിട്ടുണ്ട്.

 

പണി തുടങ്ങിവച്ച സ്വപ്നവീട് 

പുതുപ്പള്ളിയിൽ സ്വന്തമായി വീട് വേണമെന്നുളളത് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. തറവാടുവീടിന് അൽപം അകലെ പുതുപ്പളളി ജംക്‌ഷനിലാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബ വിഹിതമായ ഒരേക്കർ ഭൂമി. ഇവിടെ വീടു നിർമിക്കുന്ന പ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചിരുന്നു. ആദ്യഘട്ട തൂണുകൾ മാത്രമാണു പൂർത്തിയായത്. പുതുപ്പള്ളിയോടൊപ്പം എഴുതിച്ചേർത്ത പേരാണ് ഉമ്മൻ ചാണ്ടിയുടേത്. ‘ഉമ്മൻ ചാണ്ടി, പുതുപ്പള്ളി പിഒ’ എന്ന വിലാസത്തിലാണ് അദ്ദേഹത്തിന് കത്തുകൾ എത്തിയിരുന്നത്...

English Summary- Oommen Chandy Ancesatral Home, Dreamhome- Memoirs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com