ADVERTISEMENT

മലയാളികളുടെ പ്രിയ നടനായ സലിംകുമാർ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഞാൻ ചിരിപ്പിച്ചു നേടിയ പണം കൊണ്ടുണ്ടാക്കിയതാണ് എന്റെ വീട്. അതുകൊണ്ടാണ് വീടിന് 'ലാഫിങ് വില്ല' എന്ന് പേരിട്ടത്. മാത്രമല്ല,  ഞാൻ ബുദ്ധന്റെ ഒരു ആരാധകനാണ്. എന്റെ വീട്ടിൽ ഒരു ബുദ്ധിസം കളിയാടുന്നുണ്ടെന്ന് വീട്ടിൽ കയറിവരുമ്പോൾത്തന്നെ മനസ്സിലാകും. വീടിന്റെ പലയിടത്തും ബുദ്ധന്റെ പ്രതിമ വച്ചിട്ടുണ്ട്. 

കുടുംബവീട് എനിക്കായിരുന്നു തന്നത്, ബാക്കി എല്ലാവരും മാറി താമസിച്ചിരുന്നു. തറവാട് നിൽക്കുന്ന സ്ഥലത്ത് വീട് പണിയണം എന്നായിരുന്നു ആഗ്രഹം. കുടുംബവീട് പൊളിച്ചിട്ടാണ് ഈ വീട് പണിയുന്നതിനെപ്പറ്റി ആലോചിച്ചത്. പക്ഷേ വീടിന്റെ സ്ഥാനം കാണാൻ വന്ന ആള് പറഞ്ഞു: 'ഇത് വീടിനു പറ്റിയ സ്ഥലമല്ല ഇവിടെ മുഴുവൻ ചെളിയാണ്. നിങ്ങൾക്ക് വേറെ സ്ഥലം വല്ലതുമുണ്ടോ'...എന്ന്.  

ഞാൻ പറഞ്ഞു: 'എനിക്ക് ഇവിടെയാണ് വീട് വേണ്ടത്, രണ്ടര കിലോമീറ്റർ അകലെ ഒരു സ്ഥലം വാങ്ങിയിട്ടിട്ടുണ്ട്. ഇവിടെ വീട് പണിയാൻ കൊള്ളില്ലെങ്കിൽ അവിടെ പോയി നോക്കാം. അങ്ങനെയാണ് ഇപ്പോൾ വീട് പണിത സ്ഥലം വന്നുകാണുന്നത്. ഈ പറമ്പിലേക്ക് കാലുകുത്തിയപ്പോൾ തന്നെ അദ്ദേഹം പറഞ്ഞു  ഇത് ഐശ്വര്യമുള്ള സ്ഥലമാണ് ഇവിടെ തന്നെ വീട് പണിയാം. തറവാട് പൊളിക്കുകയും ചെയ്തു, വീട് പണിയാനും പറ്റില്ല, പിന്നെ ഈ വീട് പണിയുന്ന സമയത്ത് ഞാൻ ഒരു വാടകവീട്ടിൽ താമസിച്ചുകൊണ്ടാണ് പണി നടത്തിയത്.  ആ വീട് പൊളിക്കണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. 

'അബദ്ധ'ത്തിൽ വലുതായ വീട്...

62 സെന്റിലാണ് വീടിരിക്കുന്നത്. വലിയ മുറ്റമുണ്ട്, വീടിനു പിന്നിൽ ഭാര്യയുടെ കുറച്ചു കൃഷിയുണ്ട്. അക്വാപോണിക്സ് ആണ് ചെയ്യുന്നത്, ഒപ്പം മീൻ വളർത്തലുമുണ്ട്. അതിൽ ഉണ്ടാകുന്ന മീനുകളെ കറി വയ്ക്കാറില്ല. സ്നേഹിച്ചു വളർത്തുന്ന മീനുകളാണ്. വീട്ടിലേക്ക് അത്യാവശ്യമുള്ള വെണ്ടയ്ക്ക വഴുതന, തക്കാളി, അമരപ്പയർ എല്ലാം കിട്ടും. ഉരുളക്കിഴങ്ങും സവാളയും മാത്രം വാങ്ങിയാൽ മതി. ഇതെല്ലാം  നോക്കി നടത്തുന്നത് ഭാര്യതന്നെയാണ്. വീട് വൃത്തിയാക്കി വയ്ക്കാൻ ഒരു പണിക്കാരനുണ്ട്. അല്ലാതെ നമുക്ക് ഒറ്റയ്ക്ക് പറ്റില്ല.  

ഇത്രയും വലിയ വീട് വയ്ക്കാൻ പ്ലാൻ ഇല്ലായിരുന്നു. ഒരു അബദ്ധം പറ്റിയതാണ്. വീടിന്റെ പ്ലാൻ വരച്ചപ്പോൾ ഞാൻ ചോദിച്ചു: 'എത്ര സ്‌ക്വയർ ഫീറ്റ് ഉണ്ട്'. 3000 സ്‌ക്വയർ ഫീറ്റ് ഉണ്ടെന്ന് പുള്ളി പറഞ്ഞു. പക്ഷേ പറഞ്ഞത് താഴത്തെ നിലയുടെ കാര്യം മാത്രം ആയിരുന്നു. അത് എനിക്ക് മനസിലായില്ല. അത്രയ്ക്കും വലുപ്പംതന്നെ മുകളിലും ഉണ്ട്. പണിതു തുടങ്ങിപ്പോയിരുന്നു പിന്നെ മാറ്റാനും പറ്റില്ല. ഞാൻ പിന്നെ വിചാരിച്ചു ജീവിതത്തിൽ ഒരിക്കലല്ലേ വീട് വയ്ക്കൂ, അത് നന്നായിത്തന്നെ ഇരിക്കട്ടെ.  ഞാൻ പ്ലാൻ ചെയ്തതിനേക്കാൾ ഒരുപാട് പണം ചെലവായി.  എന്റെ അദ്ധ്വാനത്തിന്റെ മുക്കാൽ ഭാഗവും വീടുപണിക്കായി ചെലവഴിച്ചു. വീടിന്റെ വലുപ്പത്തിനനുസരിച്ച് മറ്റു ചെലവുകളും വരുമല്ലോ. 

salimkumar-family
സലിം കുമാർ കുടുംബസമേതം (ഫയൽ ചിത്രം).

6000 സ്‌ക്വയർ ഫീറ്റ് ഉള്ള വീടാണ് ലാഫിങ് വില്ല. താഴത്തെ നിലയിൽ മൂന്നും മുകളിലത്തെ നിലയിൽ രണ്ടും ബെഡ്റൂമുകൾ ഉണ്ട്.  രണ്ട് അടുക്കളയുണ്ട് വീട്ടിൽ. അഞ്ചുവർഷം എടുത്താണ് വീടുപണി പൂർത്തിയാക്കിയത്.  അത്രത്തോളം തടിയിൽ കൈകൊണ്ടു കൊത്തിയെടുത്ത പണികളുണ്ട്. കുറച്ചു തടിപ്പണി വേണം എന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. പണിക്കാർ ഓരോ ഡിസൈൻ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ട് ചെയ്തു വന്നപ്പോൾ ഇങ്ങനെയായി. പത്ത് ആശാരിമാർ അഞ്ചു വർഷം  ഇരുന്നു കൊത്തുപണി ചെയ്തു. തേക്കിലും ഈട്ടിയിലുമുള്ള പണിത്തരങ്ങളാണ്. ഇഷ്ടംപോലെ സിനിമയുള്ള സമയമായിരുന്നു അന്ന്. അതുകൊണ്ടു പണത്തിനു ബുദ്ധിമുട്ട് വന്നില്ല. എന്നാലും എന്റെ ഇഷ്ടത്തിനനുസരിച്ച് വച്ച വീടാണ്, അവിടെ ഇരിക്കുമ്പോൾ നല്ല സുഖവും സമാധാനവും സംതൃപ്തിയുമാണ്. നാളെ ഒരുകാലത്ത് മക്കൾക്ക് ഒരു അസ്സെറ്റ് ആകും ഈ വീട്. എന്റെ കാലശേഷം മക്കൾക്ക് ഇഷ്ടമുള്ളത് ചെയ്യാം. എന്റെ പുതിയ വീട്ടിൽ എനിക്ക് ഇരിക്കാൻ ഏറ്റവും ഇഷ്ടം മുൻവശത്തെ വരാന്തയിലാണ്. അവിടെയിരിക്കുമ്പോൾ എനിക്ക് മുറ്റം കാണാം പിന്നെ റോഡിൽ കൂടി പോകുന്ന പരിചയക്കാരെ കാണാം.   

വീടിന്റെ അടുക്കളയിൽ സിസിടിവി വച്ചിട്ടുണ്ട് എന്ന് പലരും കളിയാക്കാറുണ്ട്.  ശരിക്കും നമ്മൾ അക്വാപോണിക്സ് ചെയ്യുമ്പോൾ സിസിടിവി വയ്ക്കണം. സർക്കാരിന്റെ ഒരു പദ്ധതി ആണ് അത്. അത് നിരീക്ഷിക്കാനാണ് വച്ചിരിക്കുന്നത്. അടുക്കളയിൽ വച്ചാൽ ഭാര്യക്ക് നോക്കാമല്ലോ അവൾ ആയിരിക്കും എപ്പോഴും വീട്ടിൽ ഉണ്ടാവുക. അതിന്റെ ഒപ്പം വീടിനു ചുറ്റുമുള്ള വിഷ്വൽ കിട്ടാൻ വേണ്ടി അതിൽ ക്യാമറ വച്ചിട്ടുണ്ട്.  ഒരിക്കൽ മീനിന് ഓക്സിജൻ കൊടുക്കുന്ന യൂണിറ്റ് മോഷണം പോയി. വീട്ടിൽ വന്ന ഒരാൾ എടുത്തുകൊണ്ടു പോയതാണ്.  അത് എടുത്തോണ്ട് പോകുന്നത് ജോലിക്കു നിൽക്കുന്ന കുട്ടി കണ്ടു. അവൻ വന്നപ്പോൾ ചോദിച്ചപ്പോൾ സമ്മതിക്കുന്നില്ല.  അപ്പോൾ ഞാൻ അവനോടു പറഞ്ഞു സിസിടിവിയിൽ ഞങ്ങൾ കണ്ടു എന്ന്. അത് കേട്ടപ്പോൾ അവൻ സമ്മതിച്ച് സാധനം തിരിച്ചു കൊണ്ടുവന്നു.  അങ്ങനെയുള്ള ഉപകാരങ്ങൾ ഒക്കെ സിസിടിവി കൊണ്ട് ഉണ്ട്. 

 

ജനിച്ചുവളർന്ന വീട് ...

ഏഴു മുറിയുള്ള ഒരു ഓടിട്ട വീട്ടിലാണ് ഞാൻ ജനിച്ചു വളർന്നത്. ഞങ്ങൾ എട്ടു മക്കളാണ്. വീട്ടിലെ ഏറ്റവും ഇളയ മകനാണ് ഞാൻ. മൂത്ത സഹോദരിയും ഞാനുമായി ഇരുപതു വയസ്സ് വ്യത്യാസമുണ്ട്. ആദ്യം ഏഴു മുറികൾ ഒന്നും ഇല്ലായിരുന്നു. പഞ്ചവത്സര പദ്ധതിപോലെ പണിത് പണിതാണ് ഏഴു മുറികൾ ഉണ്ടായത്.  ഓരോ മക്കൾ കല്യാണം കഴിക്കുമ്പോൾ ഓരോ പോർഷനിൽ മുറി പണിയും അങ്ങനെയാണ് വീട് വലുതായത്. അച്ഛനും അമ്മയും പണിത വീടാണ്, കുമ്മായം കൊണ്ട് കെട്ടിയതുകൊണ്ട് ബലക്കുറവുണ്ടായിരുന്നു. എന്റെ കല്യാണം കഴിഞ്ഞപ്പോൾ ഞാനും കുറച്ചുപണികൾ ആ വീട്ടിൽ നടത്തി. പിന്നീട് ഓരോരുത്തർ ഓരോ വഴിക്ക് പോയി. പിന്നെ വീട് എനിക്കായി.  അച്ഛനും അമ്മയും ബാക്കി സഹോദരങ്ങളും ഒരുമിച്ച് ആ വീട്ടിൽ താമസിച്ചതൊക്കെ ഓർമ്മകളായി മാറി. ആ വീട് നിലനിർത്തമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.  

 

വീടുപണി പഠിപ്പിച്ച പാഠങ്ങൾ... 

വീട് പണിഞ്ഞപ്പോൾ ഞാൻ ഒരുപാട് പാഠങ്ങൾ പഠിച്ചു. വീടിന്റെ മൂലയിലെ കോർണിഷ് പണിഞ്ഞപ്പോൾ പ്ലാസ്റ്റർ ഓഫ് പാരീസിൽ ഒരുപണി ചെയ്യണമായിരുന്നു. സീലിങ് ഡെക്കറേറ്റ് ചെയ്യാനാണ് അത് ചെയ്യുന്നത്. രണ്ടു ലക്ഷം രൂപ ഒരു റൂമിനു ആകും എന്നാണു ഒരാൾ റേറ്റ് പറഞ്ഞത്. പന്ത്രണ്ടു കൊല്ലം മുൻപുള്ള കാര്യമാണ്.  ഞാൻ കൊടുക്കാം എന്നൊക്കെ സമ്മതിച്ചു. പക്ഷേ എനിക്ക് അന്വേഷിക്കണം എന്ന് പറഞ്ഞു. നമ്മുടെ കലാസംവിധായകൻ സാലു ജോർജിനെ വിളിച്ചു ഞാൻ ചോദിച്ചു. അവൻ കലൂരുള്ള ഒരുകടയുടെ പേര് പറഞ്ഞു, അവിടെ ചെന്ന് ചോദിക്കാൻ പറഞ്ഞു. അവർ വീട്ടിൽ വന്നു മുഴുവൻ കണക്കെടുത്തു നോക്കി. മുഴുവൻ വീടിനു ഒന്നേകാൽ ലക്ഷം രൂപയ്ക്ക് ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ അവരാണ് അത് ചെയ്തത്. എത്ര ലക്ഷത്തിന്റെ വ്യത്യാസം വന്നു എന്ന് നോക്കൂ!... 

അതുപോലെ വീടിനിടുന്ന ഗ്രാനൈറ്റിന് ഞാൻ എറണാകുളത്ത് വിലയെടുത്തപ്പോ സ്‌ക്വയർ ഫീറ്റിന് 500 രൂപയാണ് പറഞ്ഞത്.  ഞാൻ ആലോചിച്ചപ്പോ എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല. ഞാൻ മറ്റൊരാളോട് അഭിപ്രായം ചോദിച്ചു. അയാൾ എന്നോട് പറഞ്ഞു: ബെംഗളൂരു പോയി അന്വേഷിക്കാം. അങ്ങനെ ബെംഗളൂരു പോയി അന്വേഷിച്ചപ്പോൾ ആയിരം രൂപ വരെ ഉണ്ട്. അപ്പോൾ എന്റെ സുഹൃത്ത് പറഞ്ഞു ഫാക്ടറിയിൽ പോയി അന്വേഷിക്കണം. അങ്ങനെ ഞാൻ ഒരു സിനിമയുടെ നിർമ്മാതാവിനോട് കാര്യം പറഞ്ഞു. അദ്ദേഹം ബെംഗളൂരു  പോയപ്പോൾ ഞാനും ഒപ്പം പോയി. ഒരുപാട് അന്വേഷിച്ച് ഒടുവിൽ ഒരു ഫാക്ടറിയിലെ മാനേജർ മലയാളി ആയിരുന്നു അദ്ദേഹം ഗ്രാനൈറ്റ് ഉണ്ടാക്കുന്ന പ്രോസസ്സ് മുഴുവൻ കാണിച്ചു തന്നു. അദ്ദേഹം കുറെ പാറക്കല്ല് കാണിച്ചു തന്നിട്ട് ഏതു വേണം എന്ന് ചോദിച്ചു. എനിക്കൊന്നും മനസ്സിലായില്ല.  അദ്ദേഹം വെയില് കൊണ്ടുകിടക്കുന്ന പാറക്കല്ലിലേക്ക് പച്ചവെള്ളം കോരി ഒഴിച്ചു അപ്പോൾ കല്ലിൽ വേറെ നിറം തെളിഞ്ഞു വരുന്നു. അതിൽനിന്ന് ഒരു നിറം ഞാൻ സെലക്ട് ചെയ്തു. എനിക്ക് ഒരു സ്‌ക്വയർ ഫീറ്റിന് 125 രൂപ വച്ച് തരാം എന്ന് പറഞ്ഞു. 500 രൂപ പറഞ്ഞ സാധനം 125 രൂപയ്ക്ക് എനിക്ക് കിട്ടി. അവർ ലോഡ് വീട്ടിൽ ഇറക്കി തന്നു. എനിക്ക് യാത്രാച്ചെലവും ട്രാൻസ്‌പോർട്ടേഷനും കുറച്ചു തുക ചെലവായെങ്കിലും ഒരുപാട് പണം ലാഭിക്കാൻ പറ്റി.

ഞാൻ പറഞ്ഞു വന്നത് ഒരു കാര്യം ചെയ്യുന്നതിന് മുൻപ് ഒരുപാട് പ്രാവശ്യം ആലോചിക്കുകയും അന്വേഷിക്കുകയും ചെയ്യണം എന്നാണ്.  ഒരു വീട് ആയുഷ്കാലത്തിൽ ഒരിക്കലായിരിക്കും വയ്ക്കുക. നമ്മുടെ കയ്യിൽ പണം ഉണ്ടെന്ന് നോക്കിയാൽ പറ്റിക്കാൻ ഒരുപാടുപേരുണ്ടാകും പക്ഷേ പറ്റിക്കപ്പെടാതിരിക്കാൻ നമ്മൾ ശ്രമിക്കണം.  വീടുപണിയുമ്പോൾ പലയിടത്ത് തിരക്കിയിട്ടേ ഓരോന്നും ചെയ്യാവു. 

പ്രളയവും വീടും...

പ്രളയം കേരളത്തെ ഒന്നാകെ മുക്കിക്കളഞ്ഞപ്പോൾ എന്നെയും ചുറ്റുമുള്ള കുറേപേരെയും എന്റെ വീട് രക്ഷിച്ച കഥയുണ്ട്. ഇവിടെ അടുത്തൊന്നും ഇത്രയും പൊക്കമുള്ള വീടില്ല. എന്റെ വീടിന്റെ താഴത്തെ നില മുഴുവൻ മുങ്ങിപ്പോയി. അടുത്തൊക്കെ ഉള്ള കുറെ ആളുകൾ അഭയം തേടി വീട്ടിൽ വന്നു. ഞങ്ങൾ സാധനങ്ങളെല്ലാം മുകളിലെ നിലയിലേക്ക് മാറ്റി എല്ലാവരും അവിടെ ഇരുന്നു. താഴത്തെ നില വെള്ളം കയറി നാശമായി. അടുക്കളയൊക്കെ വീണ്ടും ഒരുപാട് പണി ചെയ്യേണ്ടി വന്നു. ഒരുപാട് പണം ചെലവായി. അതിന്റെ ഭാരത്തിൽ നിന്ന് ഞാൻ ഇതുവരെ കരകയറിയിട്ടില്ല. അന്നും മീൻ വളർത്തലുണ്ട്. ലക്ഷക്കണക്കിന് മീൻ ഒക്കെ പോയി. ഈ അടുത്തിടെ ആണ് പണികൾ തീർന്നത്.  നനവ് ഉണ്ടാകുമ്പോൾ ചിതൽ കയറുമല്ലോ, അങ്ങനെ കുറെ തടിപണികൾ ഒക്കെ ചീത്തയായിപ്പോയി.  വിഷമിച്ചിട്ട് കാര്യമില്ലല്ലോ, കേരളം മുഴുവൻ ദുരിതം അനുഭവിച്ച ദുരന്തത്തിൽ നമുക്കും കുറച്ചു ബുദ്ധിമുട്ട് ഉണ്ടായി. പക്ഷേ കുറേപേർക്ക് അന്ന് എന്റെ വീട്ടിൽ അഭയം കൊടുക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്.

English Summary- Salim Kumar House- Laughing Villa- Celebrity Home Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com