ADVERTISEMENT

മുംബൈ നഗരത്തെ ബോളിവുഡ് താരങ്ങളോളം സ്നേഹിക്കുന്നവർ ഉണ്ടാകില്ല. ചലച്ചിത്ര മേഖലയിൽ ചുവടുറപ്പിക്കുന്ന താരങ്ങളെല്ലാം മുംബൈയിൽ സ്വന്തമായി ഒരുവീട് കണ്ടെത്തുന്നത് പതിവായി മാറിക്കഴിഞ്ഞു. ബോളിവുഡ് താരസുന്ദരി സൊനാക്ഷി സിൻഹയുടെ കാര്യവും വ്യത്യസ്തമല്ല. സ്വന്തമായി സമ്പാദിച്ച പണംകൊണ്ട് വാങ്ങിയ ആദ്യത്തെ വീട് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് സൊനാക്ഷി പറയുന്നു.

4000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ അപ്പാർട്ട്മെന്റിലിരുന്നാൽ കടൽ കാഴ്ചകളും നഗരക്കാഴ്ചകളും ഒരുപോലെ ആസ്വദിക്കാം. റെഡ് ആർക്കിടെക്റ്റ്സിലെ രാജീവ് - എക്ത പരേഖ് എന്നിവർ ചേർന്നാണ് അപ്പാർട്ട്മെന്റിന്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. വീട് രൂപകല്പന ചെയ്യുന്ന കരാർ ഏറ്റെടുക്കുന്ന സമയത്ത് സെലിബ്രിറ്റി ഗ്ലാമറിന് ഒട്ടും കുറവ് വരുത്താതെ അപ്പാർട്ട്മെന്റ് അണിയിച്ചൊരുക്കാനാണ് തങ്ങൾ ആഗ്രഹിച്ചത് എങ്കിലും ഏറ്റവും ലളിതമായ ഡിസൈൻ എന്നതായിരുന്നു സൊനാക്ഷിയുടെ നിർദ്ദേശം എന്ന് ഇവർ പറയുന്നു.

സൊനാക്ഷി വീട് സ്വന്തമാക്കുന്ന സമയത്ത് നാലു ബെഡ്റൂമുകളാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ താരത്തിന്റെ ഇഷ്ടമനുസരിച്ച് ഇതിലെല്ലാം മാറ്റങ്ങൾ വരുത്തി. ആർട്ട് സ്റ്റുഡിയോ കൂടിച്ചേർന്ന ഒരു കിടപ്പുമുറി, യോഗ ഏരിയ, ഡ്രസ്സിങ്ങിന് മാത്രമായി ഒരുക്കിയ പ്രത്യേകമുറി, വോക്കിങ് വാഡ്രോബ് എന്നിവയെല്ലാം ഇവിടെ കാണാം. താരത്തിന്റെ സൗകര്യത്തിനൊത്ത് സ്ലൈഡിങ് വാതിലുകളും മുർഫി കിടക്കകളും ഓട്ടോമേറ്റഡ് സ്ക്രീനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വീടിന്റെ ഓരോ കോണും തന്റെ വ്യക്തിത്വവുമായി ഏറ്റവും അധികം ചേർന്ന് നിൽക്കുന്ന വിധത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത് എന്ന് സൊനാക്ഷി പറയുന്നു.

ടെറാക്കോട്ടയിലും ഭാരം കുറഞ്ഞ തടിയിലും നിർമ്മിച്ച ധാരാളം അലങ്കാരവസ്തുക്കൾ വീടിനുള്ളിൽ ഇടം പിടിച്ചിട്ടുണ്ട്. ലിവിങ് റൂമിന്റെ തറയിലും സീലിങ്ങിലും എല്ലാം വുഡൻ പാനലിങ് നൽകി മനോഹരമാക്കിയിരിക്കുന്നു. മറ്റു മുറികളുടെ തറയിലും വുഡൻ പാനലിങ്ങാണ്  നൽകിയിരിക്കുന്നത്.  ടീപോയും ഡൈനിങ് ടേബിളും ഷോ കേസുകളും എല്ലാം ലളിതമായ രീതിയിൽ തടിയിൽ തന്നെ നിർമിച്ചവയാണ്. ധാരാളം സ്ഥല വിസ്തൃതി ഉറപ്പാക്കികൊണ്ടാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ഭംഗി ഇരട്ടിയാക്കാനായി പലയിടങ്ങളിലും ഇൻഡോർ പ്ലാന്റുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ടെറസിൽ പ്രൈവറ്റ് പൂളിനായി നീക്കി വച്ചിരുന്ന സ്ഥലം ഒഴിവ് സമയങ്ങളിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പമിരുന്ന് ചിലവിടാൻ സാധിക്കുന്ന രീതിയിൽ സിറ്റിങ് ഏരിയയായിയാണ് ക്രമീകരിച്ചിരിക്കുന്നത്. ലിവിങ് റൂമിലെ സോഫയും കിടപ്പുമുറികളിലെ ബെഡുകളും എല്ലാം ലാളിത്യം നിറഞ്ഞവയാണ്. എയർ കണ്ടീഷന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായി വായു സഞ്ചാരം സ്വാഭാവികമായി  ലഭിക്കത്തക്ക രീതിയിലാണ് രൂപകല്പന.

English Summary- Sonakshi Sinha New House in Mumbai- Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com