ADVERTISEMENT

നിലവിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള നഗരമാണ് ന്യൂയോർക്ക്. എന്നാൽ ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പ്രാഥമിക വസതികൾ ന്യൂയോർക്കിലല്ല എന്നതാണ് കൗതുകകരമായ വസ്തുത. തീരദേശ മേഖലകളിലും താരതമ്യേന ഉൾപ്രദേശങ്ങളിലുമായാണ് ഒന്നാം നിരയിലുള്ള ധനികർ പ്രോപ്പർട്ടികൾ സ്വന്തമാക്കിയിരിക്കുന്നത്. അത്തരത്തിൽ ഇലോൺ മസ്കും ജെഫ് ബസോസ്സും അടക്കം  ലോകത്തിലെ ഏറ്റവും ധനികരായ 4 പേർ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലങ്ങൾ നോക്കാം.

ഇലോൺ മസ്ക്

2020ലാണ് ടെസ്‌ല സിഇഒ ആയ ഇലോൺ മസ്ക് തനിക്ക് സ്വന്തമായി ഭൂമിയിൽ ഒരു വീടു പോലും അവശേഷിക്കുന്നില്ല എന്ന് പ്രഖ്യാപനം നടത്തിയത്. തൊട്ടടുത്ത വർഷം തന്റെ ഏറോനോട്ടിക്കൽ കമ്പനിയായ സ്പേസ് എക്സിലൂടെ വാടകയ്ക്ക് എടുത്ത ബോക ചിക്കയിലെ ലളിതമായ വീടായിരിക്കും തന്റെ പ്രാഥമിക വസതിയെന്ന് അദ്ദേഹം അറിയിച്ചു. മുൻകൂട്ടി തയ്യാറാക്കി ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ച് നിർമ്മിക്കുന്ന തരത്തിലുള്ള വീടാണ് മസ്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ബോക്സബിൾ എന്ന കമ്പനിയാണ് വീടിന്റെ നിർമ്മാതാക്കൾ. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം 400 ചതുരശ്ര അടി മാത്രമാണ് ഈ വീടിന്റെ വിസ്തീർണ്ണം. അടുക്കള, ലിവിങ് ഏരിയ, ബാത്റൂം, ബെഡ്റൂം എന്നിങ്ങനെ പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഇവിടെ ഉള്ളത്.

അതേസമയം ടെസ്‌ലയുടെ ഓസ്റ്റിനിലെ ആസ്ഥാന മന്ദിരത്തിന് സമീപമായി പൂർണ്ണമായും ഗ്ലാസിൽ തീർത്ത ഭിത്തികൾ ഉൾപ്പെടുത്തിയ ബംഗ്ലാവ് നിർമിക്കാൻ മസ്ക് പദ്ധതിയിടുന്നുണ്ട് എന്നത് വാർത്തയായിരുന്നു. 

ബെർണാർഡ് അർനോൾട്ട്

ലക്ഷ്വറി ബ്രാൻഡായ എൽവിഎംഎച്ചിലൂടെയാണ് ഫ്രഞ്ച് വ്യവസായിയായ ബെർണാർഡ് അർനോൾട്ട് തന്റെ സൗഭാഗ്യങ്ങൾ കെട്ടിപ്പടുത്തത്. ബെവേർലി ഹിൽസിൽ സ്ഥിതി ചെയ്തിരുന്ന 84 മില്യൺ ഡോളർ (698 കോടി രൂപ)വിലമതിപ്പുള്ള തന്റെ ആഡംബര ബംഗ്ലാവ് അർനോൾട്ട് 2021 ൽ വിറ്റു. എന്നാൽ പൊതു വില്പനയ്ക്കായി പരസ്യപ്പെടുത്താതിരുന്ന ബംഗ്ലാവ് അദ്ദേഹത്തിന്റെ അഭിഭാഷകനു കീഴിലുള്ള മറ്റൊരു കമ്പനിക്ക് കൈമാറ്റം ചെയ്തതായാണ് രേഖകൾ. അതായത് ഉടമസ്ഥാവകാശം കൈമാറിയെങ്കിലും അർനോൾട്ട് തന്നെ സ്വന്തം വീട് വീണ്ടും സ്വന്തമാക്കുകയായിരുന്നു.

ഫോർബ്സിന്റെ 2012ലെ റിപ്പോർട്ട് പ്രകാരം ബഹമാസിലെ 135 ഏക്കർ വിസ്തൃതമായ ഇൻഡിഗോ ഐലൻഡും ഫ്രാൻസിലെ കൊർഷെവെലിൽ സ്കീയിങ്ങിന് അനുയോജ്യമായ ഒരു ഉല്ലാസകേന്ദ്രവും അദ്ദേഹത്തിന് സ്വന്തമായുണ്ട്. 

ജെഫ് ബസോസ്സ്

ആമസോൺ സ്ഥാപകനായ ജെഫ് ബസോസ്സിന്റെ ആസ്തി കഴിഞ്ഞ ഏതാനും വർഷങ്ങളായി കുതിച്ചുയർന്നിട്ടുണ്ട്. മാഡിസൺ സ്ക്വയർ പാർക്കിന് സമീപമുള്ള മൂന്ന് ലക്ഷ്വറി അപ്പാർട്ട്മെന്റുകൾക്കായി അതിൽ നിന്നും 80 മില്യൻ ഡോളർ (664 കോടി രൂപ) ബസോസ്സ് ചെ ലവഴിച്ചിട്ടുണ്ട്. പിന്നീട് ഈ അപ്പാർട്ട്മെന്റുകൾക്കൊപ്പം  രണ്ടു യൂണിറ്റുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു. 2020ൽ ബെവേർലി ഹിൽസിലെ ജാക്ക് വാർണർ എസ്റ്റേറ്റ് 165 മില്യൺ ഡോളറിനാണ് (1371 കോടി രൂപ) ബസോസ്സ് സ്വന്തമാക്കിയത്. 

ബില്യനയർ ബങ്കർ എന്നറിയപ്പെടുന്ന മിയാമിയിലെ ഇന്ത്യൻ ക്രീക്കിൽ 79  മില്യൺ ഡോളർ (656 കോടി രൂപ) മുടക്കി സ്വന്തമാക്കിയ എസ്റ്റേറ്റാണ് അദ്ദേഹത്തിൻ്റെ റിയൽ എസ്റ്റേറ്റ് ആസ്തികളിൽ ഒടുവിലത്തേത്. 

വാറൻ ബഫറ്റ്

അമേരിക്കൻ വ്യവസായിയും നിക്ഷേപകനുമായ വാറൻ ബഫറ്റ്  ജന്മനാടായ നെബ്രാസ്കയിലെ ഒമാഹയിൽ സ്ഥിതിചെയ്യുന്ന തന്റെ ലളിതമായ വീട് ഇപ്പോഴും പരിപാലിച്ചു പോരുന്നുണ്ട്. 1921 ൽ നിർമിക്കപ്പെട്ട ഈ വീട് അദ്ദേഹം ചെയർമാനും സിഇഒയും ആയിരിക്കുന്ന ബാക്ഷർ ഹാതവേയുടെ ആസ്ഥാന മന്ദിരത്തിൽ നിന്നും ഏതാനും മിനിറ്റുകൾ മാത്രം അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. അഞ്ചു കിടപ്പുമുറികളുള്ള ഈ വീട് 1958ലാണ് അദ്ദേഹം സ്വന്തമാക്കിയത്. 

 120.5 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെങ്കിലും താൻ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ ഏറെ സംതൃപ്തനാണെന്നും കൂടുതൽ സൗകര്യങ്ങൾ തേടി പോകാൻ തോന്നിയിട്ടില്ലെന്നുമാണ്  വാറൻ ബഫറ്റിന്റെ പക്ഷം.

English Summary:

Elon Musk to Jeff Bezos: Where the 4 richest people in the world live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com