എന്റെ ബെഡ്‌റൂം ഒരു ഗജിനി റൂം! ഇനിയൊരു സ്വപ്നമുണ്ട് : അമൃത സുരേഷ്
Mail This Article
മലയാളികളുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. അമൃത ഒരുപാട് സ്നേഹത്തോടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന തന്റെ വീടോർമകളും സ്വപ്നങ്ങളും പങ്കുവയ്ക്കുന്നു.
അമൃതവർഷിണി- എന്നും നെഞ്ചോട് ചേർക്കുന്ന വീട്...
എന്റെ നാലുവയസ്സ് തുടങ്ങി റിയാലിറ്റി ഷോയിൽ എത്തുന്നതുവരെയുള്ള കുട്ടിക്കാലം എളമക്കര ഉള്ള അമൃതവർഷിണി എന്ന വീട്ടിലായിരുന്നു. അതാണ് ഞങ്ങളുടെ സ്വന്തം വീട്. ഞാൻ ജനിച്ചുകഴിഞ്ഞപ്പോൾ അച്ഛൻ ഇട്ടതാണ് ആ പേര്. എന്റെ പേരും പിന്നെ അമൃതവർഷിണി എന്ന രാഗവും കൂടിച്ചേരുന്ന പേരാണ് അത്. കുട്ടിക്കാലത്തെ ഓർമ്മകൾ മുഴുവൻ ആ വീടുമായി ഇഴപിരിഞ്ഞു കിടക്കുന്നു.
അഭിരാമി കുഞ്ഞുവാവ ആയിരിക്കുന്ന സമയം തുടങ്ങി അവളുടെ 14 വയസ്സു വരെ അവിടെയായിരുന്നു. എന്റെ പാട്ടിന്റെ യാത്ര തുടങ്ങുന്നത് ആ വീട്ടിൽ നിന്നാണ്. അമൃതവർഷിണിയുടെ അടുത്തുകൂടെ പോകുമ്പോൾ എപ്പോഴും പാട്ട് കേൾക്കാമായിരുന്നു. അച്ഛൻ ഫ്ലൂട്ട് പ്രാക്ടീസ് ചെയ്യുന്നത് കേട്ടാണ് എന്നും രാവിലെ ഞാൻ എഴുന്നേൽക്കുക. ഭയങ്കര ഒരു ദൈവീകമായ ഫീലിങ് ഉള്ള വീടാണ്. ഞങ്ങളുടെ കുടുംബത്തിന്റെ ഓർമകൾ മുഴുവൻ ആ വീട്ടിലാണ്. സ്റ്റാർ സിംഗർ കഴിഞ്ഞ് വീട് മാറി. അതിനു ശേഷം ജീവിതം ഒരുപാട് മാറി.
വീട് ഒരു ഓൾഡ്ഏജ് ഹോമിന് കൊടുത്തു..
ഞാനും അഭിരാമിയും കുഞ്ഞുകുട്ടികൾ ആയിരിക്കുമ്പോൾ ഞങ്ങൾക്ക് മാത്രമുള്ള കുറെ കളികൾ ഉണ്ടായിരുന്നു. ഒരു അമ്പലം ഒക്കെ പണിഞ്ഞ് പൂജാമുറി ഉണ്ടാക്കി പൂജ ചെയ്യും. ഞാനും അവളുമാണ് പൂജാരികൾ. ആ വീടിനെപ്പറ്റി ഒരുപാട് ഇന്റിമേറ്റ് ആയ ഓർമ്മകളുണ്ട്. ആ വീട് വിൽക്കാൻ ഞങ്ങൾക്ക് തോന്നിയില്ല. അതുകൊണ്ട് അതൊരു ഓൾഡ്ഏജ് ഹോമിന് കൊടുത്തിരിക്കുകയാണ്. ചെറിയ തുകയ്ക്ക് അവർക്ക് കൊടുത്തു ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സ്വന്തം വീടുപോലെ അവിടെ കയറിച്ചെല്ലാം, ഞങ്ങൾ ഇപ്പോഴും ആ വീടിന്റെ ഒരു ഭാഗമാണ്. മറ്റാരും കുടുംബമായി അവിടെ താമസിച്ചിട്ടില്ലാത്തത് കൊണ്ട് അവിടെ കയറിച്ചെല്ലുമ്പോൾ ഇപ്പോഴും ഞങ്ങൾക്ക് ഞങ്ങളുടെ വീടായിട്ട് തന്നെ തോന്നും.
കുട്ടിക്കാലത്തേക്ക് ഒരു മടക്കയാത്ര...
എനിക്കെന്റെ അമൃതവർഷിണി ആണ് ഇപ്പോഴും വീട്. ഒരുപാട് ഓർമകളുണ്ട് ആ വീടിനെ ചുറ്റിപ്പറ്റി. സ്കൂൾ വിട്ടുവരുന്നത് അവിടെയാണ്. ആദ്യമായി കേബിൾ ടിവി കാണുന്നത്, ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നത്, അങ്ങനെ എല്ലാറ്റിനും തുടക്കം അവിടെനിന്നാണ്. അപ്പൂപ്പൻ, അമ്മൂമ്മ, അടുത്ത വീട്ടിലെ കുട്ടികൾ കളിക്കാൻ വരുന്നത് ഒക്കെ ഓർമ്മകളാണ്.
വീടിന്റെ ഇടതുവശത്ത് ഒരു തെങ്ങും വലതുവശത്ത് ഒരു മാവുമുണ്ട് ആ മാവിൽ എപ്പോഴും മാങ്ങ ഉണ്ടാകും. മുറ്റത്ത് ഒരു തുളസിത്തറ ഉണ്ട്. വീടിന്റെ പിന്നിൽ അമ്മക്ക് കുറച്ചു കൃഷി ഉണ്ടായിരുന്നു. ഒരു മൈലാഞ്ചി ചെടി ഉണ്ടായിരുന്നു അതിൽ നിന്ന് മൈലാഞ്ചി പറിച്ച് അരച്ച് 'അമ്മ കയ്യിൽ ഇട്ടു തരും. ഞങ്ങൾക്ക് ഒരു ഡോബർമാൻ നായ ഉണ്ടായിരുന്നു അതിന് വീടിന്റെ പിന്നിൽ ഒരു കൂടുണ്ട്. ഞാൻ ആ കാലങ്ങളിലേക്ക് മനസ്സിൽ ഒരു മടക്കയാത്ര നടത്തുകയാണ് ഇപ്പോൾ.
വൈറ്റിലയിലെ വാടകവീട്...
റിയാലിറ്റി ഷോ കഴിഞ്ഞശേഷം ഞങ്ങൾ വൈറ്റില വേറൊരു വീട് വാടകക്ക് എടുത്തുമാറി. പ്രോഗ്രാമുകൾക്ക് പോകാനും വരാനും സൗകര്യത്തിന് വേണ്ടിയാണ് വീട് മാറിയത്. രാത്രി ഒക്കെ പ്രോഗ്രാം കാണും, തിരിച്ചു വരുമ്പോൾ വീട് ടൗണിൽ തന്നെ ആണെങ്കിലേ എളുപ്പമാകൂ. അതുകൊണ്ടാണ് അവിടെ വീടെടുത്ത് മാറിയത്.
ബാൽക്കണിയുള്ള ഫ്ലാറ്റ് ഒരുപാടിഷ്ടം...
ഇപ്പോൾ ഞാൻ താമസിക്കുന്ന വീട് ഞാൻ വാങ്ങാൻ പോവുകയാണ്. ഒരു വീട് കണ്ട് അച്ഛന് ഇഷ്ടപ്പെട്ടതാണ്. അത് വാങ്ങാൻ അഡ്വാൻസ് കൊടുത്തിട്ട് പിന്നെ വാങ്ങാൻ കാലതാമസം നേരിട്ടപ്പോൾ അവിടേക്ക് തന്നെ വാടകക്ക് മാറിയിട്ട് അതിന്റെ വില കുറേശെ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു ഫ്ലാറ്റ് ആണ്. ഈ വീടിന് ബാൽക്കണിയുണ്ട്. എനിക്ക് ബാൽക്കണി ഭയങ്കര ഇഷ്ടമാണ്. പനംപള്ളിയിൽ എനിക്കൊരു ഓഫിസുണ്ട് . അവിടെയും ചുറ്റും ബാൽക്കണിയാണ്. നമ്മൾ എപ്പോഴും സംഗീതവുമായി ക്രിയേറ്റിവ് ആയിരുന്നവർ ആണല്ലോ, അടച്ചുമൂടിയ മുറികളിൽ ഇരുന്നാൽ മനസ്സിൽ നിന്ന് ഒന്നും വരില്ല.
നല്ല തുറസ്സായ കാറ്റുകയറുന്ന സ്ഥലങ്ങൾ ആണെങ്കിൽ മാത്രമേ ഒരു എനർജി തോന്നൂ. പുതിയ വീടിന്റെ വാസ്തു ഒക്കെ കറക്ടാണ്, നല്ല ലൊക്കേഷൻ ആണ് ഒരു പോസിറ്റീവ് എനർജി ഉണ്ട് ആ വീടിന്. അച്ഛന് ഭയങ്കര ഇഷ്ടമാണ് ആ വീട് അതുകൊണ്ട് അച്ഛൻ പോയിക്കഴിഞ്ഞ് അച്ഛന് ഇഷ്ടപ്പെട്ട വീട് തന്നെ സ്വന്തമാക്കണം എന്ന് തോന്നി.
എന്റെ ബെഡ്‌റൂം ഒരു ഗജിനി റൂം...
വീട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം എന്റെ ബെഡ്‌റൂം ആണ്. ഞാൻ എപ്പോഴും ഇരിക്കുന്നതും മനസ്സിൽ ഓരോന്ന് പ്ലാൻ ചെയ്യുന്നതും പ്രാക്റ്റീസ് ചെയ്യുന്നതും എന്റെ ബെഡ്‌റൂമിൽ ആണ്. എന്റെ ബെഡ്‌റൂം ഒരു 'ഗജിനി റൂം' ആണ് എന്ന് പറയാം. എല്ലാം നിരത്തി ഇട്ട് എനിക്ക് എപ്പോഴും ഓർക്കാനും കാണാനും ആയിട്ട് നോട്ടീസുകളും ഡയറിയും മാപ്പും ഓരോ ഡയറക്‌ഷനും എല്ലാം നിരത്തി ഇട്ടിട്ടുണ്ടാകും. രാവിലെ എഴുന്നേൽക്കുമ്പോൾ ലിസ്റ്റ് നോക്കുമ്പോ എനിക്ക് കാണണം, എന്തൊക്കെ ചെയ്തു കഴിഞ്ഞു ഇനി എന്തൊക്കെ ചെയ്യാൻ ഉണ്ട് എന്നെല്ലാം. ഇപ്പോൾ മകൾ പാപ്പുവും അവളുടെ റൂം ഇതുപോലെ ആണ് ഇട്ടിരിക്കുന്നത്. ഞാൻ എന്റെ സംഗീതപരമായ പ്രാക്ടീസും വർക്കുകളും എല്ലാം ചെയ്യുന്നത് ഓഫിസ് സ്പേസിലാണ്. വീട്ടിൽ മറ്റുള്ളവർക്കും മകൾക്കും ഒന്നും എന്റെ ജോലി കൊണ്ട് സ്വകാര്യത പോകരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്.
മറ്റൊരു അമൃതവർഷിണി എന്റെ സ്വപ്നം...
ഇനി എനിക്കൊരു വീട് ഉണ്ടാക്കണം. അത് മറ്റൊരു അമൃതവർഷിണി ആയിരിക്കും. അത് എപ്പോഴാണ് എന്ന് അറിയില്ല. ഒരുപാട് പറമ്പുള്ള ഒരു വീട് അച്ഛന് ഇഷ്ടമായിരുന്നു. എന്റെ ഏറ്റവും വലിയ സ്വപ്നമാണ് അങ്ങനെ ഒരു വീട്. ഫ്ളാറ്റിനേക്കാൾ എനിക്ക് വീടാണ് ഇഷ്ടം. വീട് ടൗണിൽ തന്നെ ആയിരിക്കണം കാരണം ജോലിക്ക് പോകേണ്ടതിന്റെ സൗകര്യത്തിന്.
ഞാനും അഭിയും ജനിച്ചു വളർന്നത് ടൗണിൽ തന്നെയാണ്. എനിക്ക് ഗ്രാമം പറ്റില്ല. വലിയ പച്ചപ്പും ഹരിതാഭയും ഒന്നും വേണമെന്നില്ല സിറ്റിയിൽ നിന്ന് ഒരുപാട് മാറിപ്പോകാതെ ഒരു സ്ഥലത്ത് ഒരു വീട് വയ്ക്കണം എന്നാണ് ആഗ്രഹം. ഒരു വലിയ പൂജാമുറി വേണം അവിടെ അമൃതാനന്ദമയി അമ്മയെ കൊണ്ടുവരണം എന്നൊക്കെയാണ് ആഗ്രഹം. എനിക്കും അഭിരാമിക്കും പേരിട്ടതും ചോറ് തന്നതും എഴുത്തിനിരുത്തിയതും അമൃതാനന്ദമയി അമ്മയാണ്. ആ വീടിനും അമൃതവർഷിണി എന്ന് തന്നെ പേരിടും.