നടി മിഥില പൽക്കറിന്റെ ക്യൂട്ട് വീട്
Mail This Article
ടിവി, വെബ് സീരിസുകളിലൂടെ ചുരുങ്ങിയ കാലംകൊണ്ട് വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ താരമാണ് മിഥില പൽക്കർ. ഹിന്ദി, മറാത്തി, തെലുങ്ക്, ഇംഗ്ലിഷ് എന്നിങ്ങനെ വ്യത്യസ്ത ഭാഷകളിലിറങ്ങിയ ഒരുപിടി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്ത് ചുവടുറപ്പിച്ചതിനൊപ്പം ബോളിവുഡ് താരങ്ങളുടെ സ്വപ്നനഗരമായ മുംബൈയിൽ മിഥില പുതിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ്. ദാദർ ഏരിയയിലാണ് മിഥിലയുടെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്.
രണ്ടു മാസങ്ങൾക്കു മുമ്പാണ് 700 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് താരം സ്വന്തമാക്കിയത്. ജാപ്പനീസ്, സ്കാൻഡിനേവിയൻ ശൈലികളുടെ ഫ്യൂഷനായ ജപ്പാൻഡി ശൈലി അടിസ്ഥാനമാക്കിയാണ് മിഥിലയുടെ വീടിന്റെ തീം ഒരുക്കിയിരിക്കുന്നത്. തൻ്റെ ആദ്യവീട് മനോഹരമാക്കാനുള്ള ചുമതല മിഥില ഏൽപിച്ചത് ഉറ്റ ചങ്ങാതിയും ഡിസൈനറുമായ റുതുജയെയാണ്. അവർ സുഹൃത്തിന്റെ മനസ്സു കണ്ടറിഞ്ഞ് വീട് ഒരുക്കിയെടുക്കുകയും ചെയ്തു.
ലളിതമായി ഒരുക്കിയിരിക്കുന്ന പ്രധാന വാതിലാണ് അതിഥികളെ മിഥിലയുടെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നത്. വുഡ് വർക്കുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇളംനിറവും വെള്ളനിറത്തിലുള്ള കർട്ടനും ലിവിങ് റൂമിൽ പരമാവധി സ്ഥലവിസ്തൃതി തോന്നിപ്പിക്കുന്നു. ലിവിങ് റൂമിനെയും അടുക്കളയും ബന്ധിപ്പിക്കുന്ന ചെറിയ ലോബിയാണ് മറ്റൊരു കാഴ്ച. ഇതിന് ഒരുവശത്തുള്ള ഭിത്തിയിൽ പ്രിയപ്പെട്ടവരുമൊത്തുള്ള ഓർമകൾ നിറഞ്ഞ ഒരു മെമ്മറി വോളും മിഥില ഉൾപ്പെടുത്തിയിട്ടുണ്ട്.
ലിവിങ് റൂമിലേതുപോലെ ഇളം നിറങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ടാണ് അടുക്കളയും ഒരുക്കിയിരിക്കുന്നത്. കബോർഡുകൾക്ക് ബേജ് നിറം നൽകിയിരിക്കുന്നു. അടുക്കളയോട് ചേർന്ന് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഒരുക്കിയിരിക്കുന്നു.
കിടപ്പുമുറിയിലേക്ക് കടക്കുമ്പോൾ ആദ്യം ശ്രദ്ധയാകർഷിക്കുന്നത് ട്രോപ്പിക്കൽ ശൈലിയിലുള്ള വോൾപേപ്പറാണ്. ആവശ്യമുള്ളപ്പോൾ മാത്രം പുറത്തേയ്ക്ക് വലിച്ചെടുത്ത് ഉപയോഗിക്കാവുന്ന തരത്തിൽ കണ്ണാടിയും സജ്ജീകരിച്ചിട്ടുണ്ട്. കിടപ്പുമുറിക്ക് പുറമേ ഒരു ഗസ്റ്റ് റൂമും വീട്ടിൽ ഒരുക്കിയിട്ടുണ്ട്.
അതിഥികൾക്ക് മുംബൈ നഗരത്തിന്റെ കാഴ്ചകൾ കണ്ടാസ്വദിക്കാവുന്ന വിധത്തിൽ വലിയ ജനാലയും മുറിയിലുണ്ട്.