ADVERTISEMENT

മുംബൈയിൽ സ്വന്തമായി വീട് വാങ്ങിയ  താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസന്റെ മകൾ അക്ഷര ഹാസൻ. മുംബൈയുടെ പടിഞ്ഞാറൻ മേഖലയിലുള്ള ഖറിലാണ് അക്ഷരയുടെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്. 2354 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലക്ഷ്വറി അപ്പാർട്ട്മെന്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 

റിപ്പോർട്ടുകൾ പ്രകാരം 15.75 കോടി രൂപയാണ് അപ്പാർട്ട്മെന്റിന് വിലയായി നൽകിയിരിക്കുന്നത്.  

16 നിലകളുള്ള ലക്ഷ്വറി ടവറായ എക്താ വെർവിന്റെ പതിമൂന്നാം നിലയിലാണ് അക്ഷരയുടെ അപ്പാർട്ട്മെന്റ്. രജിസ്ട്രേഷൻ രേഖകൾ പ്രകാരം അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ മൂന്ന് കാർ പാർക്കിങ് സ്പേസുകളും താരത്തിന് ഉപയോഗിക്കാം. ബാന്ദ്രാ സ്വദേശികളായ ദമ്പതികളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഫ്ലാറ്റ് സെപ്റ്റംബർ 27നാണ് അക്ഷരയുടെ പേരിലേക്ക്  രജിസ്റ്റർ ചെയ്തിരിക്കുന്നത്. 94.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും അടച്ചിട്ടുണ്ട്. 

എക്താ വേൾഡ് ഗ്രൂപ്പിന്റെ 3 ബി എച്ച് കെ , 4 ബി എച്ച് കെ , 5 ബി എച്ച് കെ അപ്പാർട്ട്മെന്റുകൾ അടങ്ങുന്ന ബുട്ടീക്ക് ലക്ഷ്വറി പ്രോജക്ടാണ് എക്താ വെർവ്. ടവറിൽ 18 അപ്പാർട്ട്മെന്റുകളും ഒരു ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റുമാണ് ഉള്ളത്. അപ്പാർട്ട്മെന്റുകളിൽ ഏറെയും അഞ്ചു കിടപ്പുമുറികൾ ഉള്ളവയാണ്. താമസക്കാർക്കായി അത്യാധുനിക സൗകര്യങ്ങലെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്വിമ്മിങ് പൂൾ , ലോകോത്തര നിലവാരമുള്ള ജിം, സ്കൈ ലോഞ്ച്, പ്രൈവറ്റ് എലവേറ്ററുകൾ എന്നിങ്ങനെ സൗകര്യങ്ങളുടെ പട്ടിക നീളും. 

മുംബൈയിൽ ചുവടുറപ്പിക്കുന്ന ബോളിവുഡ് താരങ്ങളിൽ ഒരാളായി അക്ഷര മാറിയെങ്കിലും കമൽ ഹാസന്റെ പ്രധാന വീടുകൾ ചെന്നൈയിൽ തന്നെയാണുള്ളത്. കമൽ ഹാസൻ ജനിച്ച അൽവാർപേട്ടിലെ വീട് ഇപ്പോഴും നിലനിർത്തുന്നുണ്ട്. രണ്ടു വർഷങ്ങൾക്കു മുൻപ് ചെന്നൈയിലെ പോഷ് ഏരിയയായ ബോട്ട് ക്ലബ് റോഡിലെ വീട്ടിലേക്ക്  താരം താമസം മാറ്റിയിരുന്നു. ഇതിനുപുറമേ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ലണ്ടനിലും കമൽ ഹാസൻ വസതികൾ സ്വന്തമാക്കിയിട്ടുണ്ട്.

വീട് വിഡിയോ കാണാം..
English Summary:

Akshara Haasan Buys Luxury Apartment in Mumbai- Celebrity Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com