ADVERTISEMENT

വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകസ്വീകാര്യത നേടിയ ബോളിവുഡ് താരമാണ് അനന്യ പാണ്ഡെ.

ബോളിവുഡിലെ ട്രെൻഡിന്റെ ചുവടുപിടിച്ച് അനന്യയും മുംബൈയിൽ പുതിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ്. വീടിന്റെ ഗൃഹപ്രവേശനത്തിന്റെ  ചിത്രങ്ങളും വിഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

ഇപ്പോഴിതാ തൻ്റെ വീടിന്റെ ഇന്റീരിയർ ഒരുക്കിയത് ഷാറുഖ് ഖാന്റെ ഭാര്യയും പ്രശസ്ത ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാൻ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനന്യ.

ഗൗരി ഖാനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. പുതിയ അപ്പാർട്ട്മെന്റിൽ ഇളം നിറത്തിന് പ്രാധാന്യം നൽകിക്കൊണ്ട് അതിമനോഹരമായി സെറ്റ് ചെയ്തിരിക്കുന്ന ലിവിങ് റൂമിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഇവ.

ഗ്രീറ്റിങ് കാർഡുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ കൈപ്പടയും ഇലകളുടെയും പൂക്കളുടെയും ചിത്രങ്ങളും അടങ്ങിയ ടെക്സ്ചേർഡ് വോളാണ് ലിവിങ് റൂമിൽ നൽകിയിരിക്കുന്നത്.

ലിവിങ് റൂമിൽ ഇൻഡോർ പ്ലാന്റുകളും ഇടം പിടിച്ചിട്ടുണ്ട്. കർട്ടനുകളിലും ഇളം നിറത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

അനന്യയുടെ വ്യക്തിത്വം പ്രതിഫലിക്കുന്ന വിധത്തിലാണ് ഗൗരി ഖാൻ ഇന്റീരിയറിന് രൂപകൽപന ചെയ്തിരിക്കുന്നത്. മോഡേൺ ശൈലിയിൽ എന്നാൽ പ്രൗഢിക്ക് ഒട്ടും കുറവ് വരുത്താതെയാണ് വീട് ഒരുക്കിയിരിക്കുന്നത്. നവംബർ 10 ന് ആയിരുന്നു പുതിയ  ഗൃഹപ്രവേശന ചടങ്ങ്. 

അനന്യയ്ക്ക് പുറമേ വരുൺ ധവാൻ , ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങി നിരവധി സെലിബ്രിറ്റികൾക്കായി ഗൗരി ഖാൻ വീടുകൾ ഡിസൈൻ ചെയ്തിട്ടുണ്ട്. തന്റെ സ്വപ്നവീട്, മനസ്സിൽ കണ്ട അതേരീതിയിൽ ഒരുക്കി തരാൻ ഗൗരി ഖാനല്ലാതെ മറ്റാർക്കും സാധിക്കുമായിരുന്നില്ല എന്നും അതിന് അങ്ങേയറ്റം നന്ദി പറയുന്നു എന്നും അനന്യ ഇൻസ്റ്റാഗ്രാമിൽ ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഷാറുഖിന്റെയും ഗൗരിയുടെയും മകളായ സുഹാന ഖാന്റെ ഏറ്റവും അടുത്ത കൂട്ടുകാരി കൂടിയാണ് അനന്യ പാണ്ഡേ. 

English Summary:

Ananya Panday Own New House- Interior Designed by Gauri Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com