മകൾക്ക് 50 കോടിയുടെ ബംഗ്ലാവ് സമ്മാനമായി നൽകി അമിതാഭ് ബച്ചൻ
Mail This Article
മുംബൈയിലെ ജുഹുവിലുള്ള 'പ്രതീക്ഷ' എന്ന ബംഗ്ലാവ് അമിതാഭ് ബച്ചൻ മകൾ ശ്വേതാ ബച്ചന് സമ്മാനമായി നൽകിയതായി റിപ്പോർട്ട്. 50.63 കോടി രൂപ വിലമതിപ്പുള്ള ബംഗ്ലാവിന്റെ ഉടമസ്ഥത കൈമാറുന്നത് സംബന്ധിച്ച നടപടികൾ നവംബർ എട്ടിനാണ് പൂർത്തിയാക്കിയിരിക്കുന്നത്.
ബിഗ് ബി ആദ്യമായി സ്വന്തമാക്കിയ ബംഗ്ലാവുകളിലൊന്നാണ് പ്രതീക്ഷ. 1975 ലായിരുന്നു അത്. മാതാപിതാക്കൾക്കൊപ്പം ബച്ചൻ ഏറെക്കാലം ഇവിടെ താമസിച്ചിരുന്നു.
പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഉടമസ്ഥത കൈമാറുന്നതുമായി ബന്ധപ്പെട്ട് 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും അടച്ചിട്ടുണ്ട്. തന്റെ കരിയറിന്റെ തുടക്കകാലത്താണ് ബച്ചനും കുടുംബവും പ്രതീക്ഷയിൽ താമസിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ പിതാവും കവിയുമായിരുന്ന ഹരിവൻഷ് റായി ബച്ചനാണ് ബംഗ്ലാവിന് 'പ്രതീക്ഷ' എന്ന പേര് നൽകിയത്. അദ്ദേഹത്തിൻ്റെ കവിതയിലെ വരികളുടെ ചുവടുപിടിച്ചായിരുന്നു നാമകരണം.
2007 ൽ അഭിഷേക് ബച്ചനും ഐശ്വര്യയും വിവാഹിതരായതും ഇതേ ബംഗ്ലാവിൽ വച്ചായിരുന്നു. 2020 ജൂലൈയിൽ 'പ്രതീക്ഷ'യുടെ പൂന്തോട്ടത്തിൽ വളർന്നിരുന്ന വാകമരം നീക്കം ചെയ്യേണ്ടി വന്ന സമയത്ത് ഏറെ വൈകാരികമായ ഒരു കുറിപ്പ് ബച്ചൻ തന്റെ ബ്ലോഗിലൂടെ പങ്കുവച്ചിരുന്നു.
രണ്ടു പ്ലോട്ടുകളിലായാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ബച്ചന്റെയും ജയാ ബച്ചന്റെയും ഉടമസ്ഥതയിലുള്ള ആദ്യത്തെ പ്ലോട്ടിന്റെ സ്ഥല വിസ്തൃതി 9585 ചതുരശ്ര അടിയാണ്. 31.39 കോടി രൂപയാണ് ഇതിന്റെ വിലമതിപ്പ്. 7254 ചതുരശ്ര അടിയുള്ള രണ്ടാമത്തെ പ്ലോട്ട് അമിതാഭ് ബച്ചന്റെ മാത്രം പേരിലുള്ളതാണ്. 19.24 കോടി രൂപയാണ് ഇതിന്റെ വിലമതിപ്പായി കണക്കാക്കിയിരിക്കുന്നത്.
രണ്ടു വ്യത്യസ്ത ഇഷ്ടദാനങ്ങളിലായാണ് ബംഗ്ലാവ് മകൾക്ക് കൈമാറിയിക്കുന്നത്. മാതാപിതാക്കൾ മരിക്കുന്നതുവരെ ബച്ചൻ കുടുംബം 'പ്രതീക്ഷ'യിലായിരുന്നു താമസം. അതിനുശേഷമാണ് ഒരു കിലോമീറ്റർ അകലെയുള്ള ജൽസയിലേക്ക് മാറിയത്. എന്നാൽ ജൽസയിൽ താമസം ആരംഭിച്ചതിനുശേഷവും പ്രതീക്ഷയിൽ തന്റെ മാതാപിതാക്കൾ ഉപയോഗിച്ചിരുന്ന കിടപ്പുമുറികൾ ബച്ചൻ അതേപടി നിലനിർത്തിയിരുന്നു.
ജൽസക്കും പ്രതീക്ഷയ്ക്കും പുറമേ ജനക്, വത്സ എന്നീ രണ്ട് ബംഗ്ലാവുകളും ജൽസയ്ക്ക് സമീപത്തായി 8000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മറ്റൊരു ബംഗ്ലാവും മുംബൈയിൽ ബച്ചൻ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ട്. അടുത്തിടെ അന്ധേരിയിലെ ഒഷിവാര മേഖലയിലും ബച്ചൻ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിരുന്നു. 8400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കമേഴ്സ്യൽ പദ്ധതി 29 കോടിക്കടുത്ത് മുടക്കിയാണ് താരം സ്വന്തമാക്കിയത്.